Tuesday, 19 November 2013

അവിശ്വാസികളേ നിങ്ങളിത് കാണുന്നില്ലേ




ലോകനായകൻ  അവതരിച്ചിരിക്കുന്നുവിശ്വാസികളുടെ വിശ്വാസം അരക്കിട്ടുറപ്പിക്കാനും അവിശ്വാസികളുടെയും അന്ധവിശ്വാസികളുടേയും അന്യ ദൈവവിശ്വാസികളുടെ  നിലവിലുള്ള വിശ്വാസപ്രമാണങ്ങൾ തച്ചുടക്കാനും ഉലകരക്ഷകൻ സച്ചിൻ (പ്രകാശം പരത്തട്ടെ)  അവതരിച്ചു..പൊറൊട്ടയുടെ മേലേ



മനുഷ്യജീവിതം ശ്രീശാന്തിന്റെ കരിയർ പോലെ ക്ഷണികമാണ് ടീ 20 പോലെ ഹ്രസ്വം ക്ഷണിക ഹ്രസ്വ ജീവിതത്തിൽ പ്രാർത്ഥിച്ച് ക്യാൻസർ മാറ്റുന്ന പോലത്തെ ചെറിയ അത്ഭുതങ്ങൾ തന്നെ കാണുന്നത് ഭാഗ്യമുള്ളവർക്ക് മാത്രമേ സാധിക്കു അങ്ങനെയുള്ളപ്പോ ദൈവാവതാരം നേരിട്ടു കണ്ട എന്റെയും സുഹൃത്തിന്റെയും ഭാഗ്യം ആലോചിക്കാവുന്നതേയുള്ളു പ്രെയ്സ്  ലോർഡ് ഒഫ് ലോർഡ്സ് (മറ്റേ സ്റ്റേഡിയം അല്ല...അഗർക്കർ വരെ 100 അടിച്ച  കറുത്ത സ്ഥലത്തെ പറ്റി എന്നെ ഓർമിപ്പിക്കരുത്). ക്രിസ്തുമത വിശ്വാസികാളായ കുടുംബത്തിൽ ജനിച്ച് അവിശ്വാസിയായി ജീവിക്കുന്ന ഞാനും സനാതനമത വിശ്വാസകുടുംബത്തിൽ ജനിച്ച് വിശ്വാസിയായി ജീവിക്കുന്ന എന്റെ സുഹ്രുത്തും മാത്രമാണ്  അത്ഭുതദൃശ്യം കണ്ട മഹാഭാഗ്യവാന്മാർസച്ചിൻ(പ്രകാശം പരത്തട്ടെ)  ബാറ്റ് കൊണ്ട് കാണിച്ചിരുന്ന അത്ഭുതങ്ങൾ സത്യമാണെന്ന് അറിയാമായിരുന്നെങ്കിലും അതൊക്കെ ദൈവങ്ങൾക്ക് മാത്രമേ ചെയ്യാൻ കഴിയു എന്ന് പൂർണ്ണ ബോധ്യമുണ്ടായിരുന്നിട്ട് കൂടി ശാസ്ത്രത്തിന്റെയും യുക്തിവാദത്തിന്റെയും ഇരുളിൽ മുങ്ങി ദൈവത്തെ അംഗീകരിക്കാതിരുന്ന എനിക്കു മുന്നിൽ അവതരിച്ച മഹമനസ്കത ഏക ദൈവങ്ങൾക്ക് മാത്രമുള്ളതാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുള്ള അളവിലാണ്...ഏക ദൈവം സച്ചിൻ (പ്രകാശം പരത്തട്ടെ)  മാത്രം.

സ്ഥലം: മാറത്തഹള്ളി, ബംഗളുരു
ദിവസം : 2013 നവംബർ 18- ഇന്നേ ദിവസം അവതാരദിനം എന്ന പേരിൽ അവധി പ്രഖ്യാപിക്കണം എന്നു നിങ്ങളുടെ ലോകസഭ , നിയമസഭ , പഞ്ചായത്ത് പ്രതിനിധികളോട് ആവശ്യപ്പെടാൻ അഭ്യർത്ഥന

എന്നത്തെയും പോലെ ഒരു ദിവസത്തെ ജോലി കഴിഞ്ഞു ക്ഷീണിച്ച് തളർന്ന് ഞാൻ തിരിച്ച് വീട്ടിലെത്തി, അധികം ശരീരം അനങ്ങുന്ന പണിയൊന്നും ചെയ്യുന്നില്ലെങ്കിലും അധ്വാനിച്ച് പരിചയമില്ലാത്ത ശരീരം ആയോണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. സംസ്ഥാനം വിട്ട് 3 കൊല്ലം ആയെങ്കിലും ഇപ്പോഴും കേരളത്തിന്റെ സംസ്ഥാന ഭക്ഷണം ആയ പൊറൊട്ട തന്നെയാണ് കർണാടകത്തിലും ഞങ്ങളുടെ പ്രധാന ഭക്ഷണം. എന്നത്തെയും പോലെ വീടിനടുത്തുള്ള ഒരു മലയാളി ഭക്ഷണശാലയിൽ(അന്യമതവിശ്വാസികൾ നടത്തുന്ന സ്ഥാപനത്തെ പറ്റി പറയാൻ എനിക്ക് താല്പര്യമില്ല) നിന്ന് പൊറൊട്ടയും ബീഫും വാങ്ങിയാണ് ഞാൻ വീട്ടിൽ എത്തിയത്, ഭക്ഷണത്തിനു മുൻപ് അര മണിക്കൂർ ടി വി കാണുന്നത് പതിവാണ് എന്നത്തേയും പോലേ ഇന്നലെയും ഞാൻ ടി വി കാണാൻ ഇരുന്നു.സച്ചിനെ(പ്രകാശം പരത്തട്ടെ) പറ്റിയുള്ള  എന്തോ ഒരു പരിപാടി എച് ബീ യിൽ കാണുകയായിരുന്നു ഞാനും സുഹൃത്തും..സച്ചിന്റെ (പ്രകാശം പരത്തട്ടെ) വികാരനിർഭരമായ പ്രസംഗം 20-25 ആം വട്ടം കേട്ട് ദുഖം ഉള്ളിലൊതുക്കി കരയാതിരിക്കാൻ വിഷമിച്ച് ഞാനിരിക്കുമ്പൊഴാണ് സുഹൃത്ത് വിശന്ന് കരിഞ്ഞ് പൊറോട്ട പുറത്തെടുത്തത്..ഒരു ഗദ്ഗദത്തോടെ ആദ്യത്തെ പൊറൊട്ട തിന്ന് കഴിഞ്ഞപ്പൊഴാണ് ഞാൻ രണ്ടാമത്തെ പൊറോട്ടക്കെന്തോ പ്രത്യേകത ഉണ്ടെന്ന് തോന്നിയത്...ചെറിയ പ്രത്യേകത അല്ല..അതാ പൊറൊട്ടയിൽ ഒരു മുഖം...വെറും മുഖമല്ല സച്ചിൻ(പ്രകാശം പരത്തട്ടെ)...ഞാൻ ടീ വിയിൽ കാണുന്ന സച്ചിനുമായി(പ്രകാശം പരത്തട്ടെ) ഒത്തു നോക്കി...സംശയമില്ല സച്ചിൻ(പ്രകാശം പരത്തട്ടെ) തന്നെ...എന്നിലെ നിരീശ്വരവാദം മഞ്ഞുരുകും പോലെ ഉരുകിയൊലിച്ച നിമിഷമായിരുന്നു അത്. ഇതിനു മുൻപ് അത്ഭുതങ്ങൾ നേരിട്ട് കണ്ടിട്ടില്ലാത്ത ഞാനും സുഹൃത്തും ഒരു നിമിഷം തരിച്ച് നിന്ന് പോയി...ഞെട്ടൽ മാറും വരെ പൊറൊട്ടയുടെ നേരെ കൈകൂപ്പി നിന്നു...ഭക്തിനിർഭരമായ ഏതാനും നിമിഷങ്ങൾക്ക് ശേഷം ഞങ്ങൾ ഇന്നലെ രാത്രി മുഴുവൻ ചാനൽ മാറ്റി മാറ്റി...ഇടക്ക് യൂടൂബിൽ 4 5 വീഡിയോയും കണ്ടു...ഹാ എന്തൊരാനന്തം

സർവലോക ഭക്തജനങ്ങളുടെ ശ്രദ്ധക്ക് ഇതു പോലത്തെ പല സംഭവങ്ങളും നിങ്ങൾ മറ്റു പല മതങ്ങളുമായും ബന്ധപെട്ട് കേട്ടിട്ടുണ്ടകും എന്നെനിക്കറിയാം അവയിൽ പലതും വസ്തുതകൾക്ക് നിരക്കാത്തായിരുന്നു എന്നും ഞാൻ മനസിലാക്കുന്നു പക്ഷെ ഇതങ്ങനെ ഒരു പൊള്ളയായ അവകാശവാദം അല്ല എന്നു തെളിയിക്കാൻ പൊറൊട്ടയുടെ ചിത്രം കൂടെ ചേർക്കുന്നു. മറ്റു മതങ്ങളെ പോലെ ആരും കണ്ടിട്ടില്ലാത്ത തെളിയിക്കാനാകാത്ത അത്ഭുതങ്ങൾ ചെയ്തയാളല്ല നമ്മുടെ ദൈവം സച്ചിനെ (പ്രകാശം പരത്തട്ടെ) ലോകജനത കണ്ണുകൊണ്ട് കണ്ടതാണ് കൂടാതെ ആവശ്യത്തിലധികം വീഡിയോ തെളിവുകളും അതു കൊണ്ട് തന്നെ വിലകുറഞ്ഞ അത്ഭുതങ്ങളുടെ ആവശ്യവുമില്ല പക്ഷെ കണ്ണീനു മുന്നിൽ കാണുന്നത് പറയാതിരിക്കുന്നതെങ്ങനെ അതു കൊണ്ട് പറഞ്ഞെന്നേയുള്ളു, മാത്രമല്ല സച്ചിൻ(പ്രകാശം പരത്തട്ടെ)  ക്രിക്കറ്റ് വിട്ട വിഷമത്തിലിരിക്കുന്ന എന്റെ സഹഭക്തസഹോദരസഹോദരിമാർക്ക് ഒരു പ്രതീക്ഷ ആയിക്കോട്ടെ എന്ന് കരുതി...നിങ്ങൾ എന്തിനു ദുഖിക്കുന്നു സുഹൃത്തുക്കളേ...രാജ്യം ഉപേക്ഷിച്ച ശേഷമാണ് സിദ്ധാർഥൻ ബുദ്ധൻ ആയത് അതു പോലെ സാമ്രാജ്യം ഉപേക്ഷിച്ച് ലോകനന്മക്കായി ഇറങ്ങിയ സച്ചിനെ(പ്രകാശം പരത്തട്ടെ)  ഓർത്ത് എന്തിനു ദുഖിക്കുന്നു...അദ്ദേഹം സർവവ്യാപിയും സർവശക്തനും ആകുന്നു.

വിശിഷ്ഠ ദൈവീക പൊറോട്ട കാണണം എന്നുള്ളവർക്ക് വന്ന് ദിവ്യദർശനം നേടി മടങ്ങി പൊകാവുന്നതാണ്.ഭണ്ഡാരപെട്ടി സ്ഥാപിക്കുന്ന വരെ ഭക്തജനങ്ങൾക്ക് നേർച്ചയിടാൻ പ്രത്യേക സൗകര്യം ഉണ്ടാക്കി തരുന്നതായിരിക്കും. ദർശനം സൗജന്യം...

വാൽകഷ്ണം: യേശു ക്രിസ്തുവിനു പത്രോസ് പോലെ രാമനു ലക്ഷ്മണൻ പോലെ ദൈവത്തിന്റെ സന്തതസഹചാരികളായ ഗാംഗുലിയോ സെവാഗോ ബീഫ് ഫ്രൈയിൽ ഉണ്ടോ എന്ന് നോക്കിയതാ കിട്ടിയില്ലാ...

Friday, 5 July 2013

കുർബാന: ഞാനൊക്കെ എന്തിനാ പള്ളിയിൽ പോണേന്ന്

ഈ കഥയുടെ ലക്ഷ്യം ആരെയും വിഷമിപ്പിക്കുന്നതല്ല...അറിവില്ലാതെ എന്നെ പോലെ പള്ളിയിൽ വരുന്നവരുടെ വിഷമം പങ്കു വയ്ക്കുന്നു എന്ന് മാത്രം...



ശനിയാഴ്ച  രാത്രി

അമ്മഡാ നാളെ  നീ  രാവിലെ  പള്ളിയിൽ പോകുന്നുണ്ടോ

ഞാൻ : അത്യാവശ്യമൊന്നുമില്ലെങ്കിൽ പോകുന്നില്ല.

"അത്യാവശ്യമൊന്നുമില്ല പക്ഷെ ഇങ്ങനെയൊക്കെ അല്ലെ  സോഷ്യലയിസ് ചെയ്യാൻ പറ്റു"

"ഞാൻ ആവശ്യത്തിന് സോഷ്യലയിസ് ചെയ്യുന്നുണ്ടല്ലോ ഇന്നലെയും ഞാൻ ഫ്രണ്ട്സിന്റെ കൂടേ ഹണീബീ..."

"ങ്ഹേ..."

".......... പടം കാണാൻ പോയതല്ലേ "

 എന്നാലും അങ്ങനെ അല്ലല്ലൊ...പള്ളിയിൽ പോയാൽ നമ്മുടെ കൂട്ടത്തിലുള്ള പയ്യന്മാരെയും പെങ്കുട്ടികളെയുമൊക്കെ കാണാം പരിചയപ്പെടാം....പിന്നെ നമ്മുടെ വീട്ടിൽ കെട്ടുപ്രായമെത്തിയ ഒരു സുന്ദരൻ നിൽപ്പുണ്ടെന്ന് എല്ലാരും അറിഞ്ഞാലേ കല്യാണാലോചനയൊക്കെ വരൂ"


"ആർക്ക്?"

"ദേ കുഞ്ഞുകളിക്കരുതേ നിനക്ക് തന്നെ...പിന്നെ അവിടെ നിനക്ക് വല്ല പെങ്കൊച്ചിനേം ഇഷ്ടപെട്ടാൽ നമുക്ക് ആലോചിക്കുകയും ചെയ്യാം"

ഹായ് മോനേ മനസ്സിൽ ലഡു പൊട്ടി ഒരു മൂന്ന് നാലെണ്ണം അമ്മയുടെ അനുവാദത്തോടെ വായിനോക്കാൻ കിട്ടിയ അവസരം അതും ഞങ്ങടെ പള്ളിക്ക് പൊതുവേ ചരക്ക് പള്ളി എന്നൊരു പേരും ഉള്ളതാ...

"ഞാൻ വരാം"

"ഞാൻ നാളെ   രാവിലെ  ഉണർത്താം"

"ശരി"

സംഭവം വായിനോട്ടമൊക്കെ നടക്കുമെങ്കിലും സമ്മതിച്ചത് അബദ്ധമായോ എന്നൊരു ചെറിയ പേടി ഇല്ലാതില്ല...അതുകൊണ്ട് റാംജി റാവു പടത്തിൽ ബാലകൃഷ്ണൻ  കേട്ടതു പോലെ വല്ല ഗുലുമാൽ പാട്ടും  കേൾക്കുന്നുണ്ടോ എന്ന് കാതോർത്തു..... രംഗബോധമില്ലാത്ത  എന്റെ ലാപ്ടോപ് പാടി....

"തെരി  ഗാണ്ട്  മെ ഡൻഡാ രേ....
തെരി  ഗാണ്ട്  മെ  ഡൻഡാ രേ...."


************************************************************************


ഞായറാഴ്ച രാവിലെ സമയം 5:45

അമ്മ : ("ഡാ എണീക്ക് പള്ളീൽ പോണ്ടേ...")(4 തവണ...വായനക്കാർക്കെല്ലാം അമ്മമാരുണ്ടെന്നും, അമ്മമാർ എപ്പോഴെങ്കിലുമൊക്കെ അതിരാവിലെ ഉണർത്തൻ ശ്രമിചിട്ടും ഉണ്ടാകും എന്ന പ്രതീക്ഷയിൽ...രണ്ടാമത്തെ തവണ മുതൽ ഇതിനു മുന്നിലും പിന്നിലും ഉപയോഗിച്ച  ചില വാക്കുകൾ ഞാൻ ഇവിടെ പരാമർശ്ശിക്കുന്നില്ല...)

ഞാൻ: എന്തേ..അതിരാവിലെ പള്ളിയിലെന്താ വിശേഷം ബിരിയാണി കൊടുക്കുന്നുണ്ടോ..

"ചെറുക്കാ ദേ അനാവശ്യം പറയരുതു നീയല്ലെ ഇന്നലെ സമ്മതിച്ചത് പള്ളിയിൽ വരാമെന്നു"

"അതിനീ വെളുപ്പാങ്കാലത്ത് തന്നെ പോണൊ...ഇതിന് രണ്ടരക്ക് മാറ്റിനിയുണ്ടേൽ അതിനു പോകാം"

"എണീറ്റ് വാ...ഡാ....."


ആ വിളി കേട്ടതിൽ പിന്നെ ഞാൻ ഒന്നും നോക്കീല്ല നല്ല കുട്ടിയായി എണീറ്റ് പല്ല് തേച്ചു...ഇനിയും കിടന്നാൽ ചിലപ്പൊ അമ്മ ഇന്നിനി അടുക്കള തുറന്നില്ലാന്ന് വരും...

ഞാൻ: അമ്മേ കാപ്പി താ

അമ്മ : അതൊക്കെ ഇനി പള്ളിയിൽ പോയി വന്നിട്ടേ ഉള്ളു...


തലേദിവസം കേട്ട ഗാണ്ട് മെ ഡൻഡയുടെ അർത്ഥം ഏകദേശം മനസിലായി

************************************************************************


ബസ്സിൽ ഇരുന്ന് ഉറക്കപിച്ചിൽ ഞാൻ തലങ്ങും വിലങ്ങും ആലോചിച്ചു...വായിനോക്കാൻ തന്നെ ആയിരിക്കണം ഈ കടുംകൈക്ക് സമ്മതിച്ചത് ങ്ഹാ അതെങ്കിലും നടക്കട്ടെ...പള്ളിയിൽ എതീട്ട് തീരുമാനിക്കാം...

പള്ളിയിൽ എത്തി അകത്തേക്ക് നോക്കിയപ്പൊ എനിക്ക് ചതി പിടികിട്ടി...ചരക്ക് വണ്ടി എന്നൊക്കെ വിളിക്കുന്നത് വെറുതെ...അകത്ത് മരുന്നിന് പോലും ഒരു ചരക്കില്ല ആകെ ഉള്ളത് എല്ല്പൊടിക്ക് പോലും പ്രായം കഴിഞ്ഞ കുറെ അപ്പാപ്പന്മാരും അമ്മാമ്മമാരും....ഞൻ അറിയാതെ പറഞ്ഞ് പോയി

"കെ എൽ പീ ഡീ"

അമ്മ : എന്തേ 

" ഞാനൊരു വിവേക് ഒബ്റോയി പടത്തിന്റെ പേരു പറഞ്ഞതാ....കിസ്മത് ലവ് പൈസ ദില്ലി"

"അതെന്തിനാ ഇവിടെ പറഞ്ഞെ"

"അതിൽ ദില്ലിയിലും ഇതു പോലൊരു പള്ളിയുണ്ടേ..."

അമ്മ സ്ത്രീകളുടെ വാതിലിലൂടെ അകത്ത്കേറി...ഞാൻ ആണുങ്ങളുടെ വാതിലിലൂടെയും...

അമ്മക്കൊന്നും മനസിലായില്ല....വാതിലിൽ ചെരുപ്പിടാൻ ഒരു പേടി...4 5 കൊല്ലം പഴക്കമുണ്ടെന്നേ ഉള്ളു...വാങ്ങിച്ച കാലത്ത് നല്ല വിലയായിരുന്നു....ആരേലും ഏടുത്താലോ...ഞാൻ തന്നെ ഉത്തരം കണ്ടുപിടിചു...ആരെങ്കിലും എന്റെ ചെരുപ്പ് എടുക്കുന്നേനു മുൻപ് ഞാൻ കുറച്ച് നേരത്തേ ഇറങ്ങി കൂട്ടത്തിൽ ഒരു നല്ല ചെരുപ്പ് ഇട്ടോണ്ട് എസ്കേപ്പ് ആകുക...

അകത്ത് കേറിയപ്പൊ നല്ല ഉറക്കക്ഷീണം....കാലത്ത് 4:30 വരെ സില്മ കണ്ടിട്ട് ഉറങ്ങിയവനെയാണല്ലോ 5:45ന് എണീപ്പിച്ചാണല്ലോ ഈ കടുംകൈ ചെയ്യിച്ചത്...അമ്മ നിൽക്കുന്ന സ്ഥലത്ത് നിന്ന് കാണാൻ പറ്റാത്ത രീതിയിൽ ഞാൻ ഒരു തൂണിൽ ചാരി നിന്ന് ഉറങ്ങാൻ തുടങ്ങി....ഹാ..എന്തു രസം

കുറച്ച് നേരം കഴിഞ്ഞു ഒരു അപശബ്ദം കേട്ടാണ് ഞാൻ ഉണർന്നതു...ഹോളി കവ് ഞാൻ ചാരി നിന്ന തൂൺ ചെരിഞ്ഞോ...ഹോളി ഷി...റ്റ് ജസ്റ്റ് റിമംബർ താറ്റ്...പള്ളി മൊത്തം പൊളിഞ്ഞോ..

രണ്ടും അല്ല ഒരു 70 വയസ്സുള്ള അമ്മാവൻ എന്റെ ചെവിക്കണക്ക് നിന്നു ഉച്ചത്തിൽ പാട്ട് പാടുന്നു...വയസ്സായ മനുഷ്യനല്ലെ ചെവിയൊന്നും കേൾക്കുന്നുണ്ടാകില്ല സ്വന്തം ശബ്ദം കേട്ടിരുന്നേൽ ഇങ്ങെരിങ്ങനെ കിടന്ന് കാറി നാട്ടുകാരെ വെറുപ്പിക്കുന്നുണ്ടാകില്ല...ഞാൻ ഒരു രണ്ട് സ്റ്റെപ് പുറകോട്ടു നിന്നു...പിന്നേം തൂണിൽ ചാരി ഉറങ്ങാൻ തുടങ്ങി...അപ്പാപ്പനും രണ്ട് സ്റ്റെപ് പിന്നോട്ട് മാറി പിന്നേം പാട്ടു എന്റെ ചെവിക്കു തന്നെ പാടി തുടങ്ങി എനിക്കു  സംഗതി പിടി കിട്ടി ഞാൻ ഉറങ്ങുന്നതു കണ്ടിട്ടു പുള്ളിക്ക് തീരെ സഹിക്കുന്നില്ല എന്ന് തോന്നുന്നു...ഞാൻ ഉണർന്നു നിന്നു പള്ളീലച്ചൻ പറയുന്നതു ശ്രദ്ധിച്ച് കേൾക്കാൻ തീരുമാനിചു.....ശ്രദ്ധിച്ച് നോക്കി ഒന്നും മനസിലാകുന്നില്ല ഭാഷ സുറിയാനി ആയിരിക്കണം നല്ല തെറി പറയുന്ന പോലത്തെ ഭാഷ, ചുമ്മാതല്ല സിറിയയിൽ സമാധാനമുണ്ടാകാത്തത്..എന്തൊക്കെ വിശേഷം ആളിയാ എന്ന് ചോദിച്ചാലും തെറി പോലയല്ലെ കേൾക്കുന്നത്....അവിടെ എല്ലാവനും തോക്കും തൂക്കിയാണല്ലൊ വിഹാരം പിന്നെ എങ്ങനെ സമാധാനം ഉണ്ടാകും.

എനിക്കു കാര്യമായി വീണ്ടും ഉറക്കം വന്ന് തുടങ്ങി ഉറങ്ങാൻ ആ തൂണിലേക്ക് ചെറുതായി ചാരിയപ്പൊ മറ്റേ അപ്പാപ്പൻ ദേണ്ടെ പാട്ട് പുസ്തകം എടുക്കുന്നു..അറിയാതെ ഞാൻ അങ്ങേരെ നോക്കി പറഞ്ഞ് പോയി

"ബെഹ്ന്ചോ.."

"മോൻ വല്ലൊം പറഞ്ഞോ"

"ബെഞ്ചിലോട്ട് ഇരുന്നോ അപ്പാപ്പാ എന്ന് പറഞ്ഞതാ."

"ഞാൻ കുറേ കാലം പട്ടാളത്തിൽ ഉണ്ടയിരുന്നതാ ഹിന്ദി സ്വല്പം എനിക്കും അറിയാം..ആസ്സ് ആക്കരുതു"

ഞാൻ ശരിക്കും ആസ്സ് ആയി

ഈ നാലരയടി പൊക്കമുള്ള അപ്പാപ്പൻ എങ്ങനെയാണവോ പട്ടാളത്തിൽ ചേർന്നത്...ങ്ഹാ ഇങ്ങേരെ പോലെ കുറെ എണ്ണത്തെ ആ ബോർഡറിൽ നിർത്തി പാട്ട് പാടിച്ചാൽ...ശത്രു അടുക്കാനിടയില്ല
"മോന് ഉറക്കം വരുന്നുണ്ടേൽ വെളിയിൽ പോയി ഒരു ചായ കുടിചേച്ചും വാ"

ഈ നല്ല അപ്പാപ്പനെയാണല്ലൊ ഞാൻ തെറ്റിദ്ധരിച്ചതു തങ്കപെട്ട മനുഷ്യൻ എനിക്കു സ്വയം പുച്ഛം തോന്നി ഞാൻ പുറത്തിറങ്ങി രണ്ട് മിനിറ്റ് നടക്കേണ്ട ദൂരത്ത് ഒരു പോറ്റി ഹോട്ടൽ...ഞാൻ അവിടെ ചെന്ന് രണ്ട് കാപ്പി, ഒരു വട , രണ്ട് മസാല ദോശ തട്ടി...92 രൂപ ..

ബില്ല് എഴുതിയ ശേഷം കടക്കാരൻ : സാർ, പള്ളിയിൽ വന്നതാണോ

"അതെ അവിടെ ഇരുന്ന് ഉറങ്ങിയപ്പൊ, ഒരു അപ്പാപ്പൻ ഇങ്ങോട്ടു പറഞ്ഞ് വിട്ടതാ"

"പുള്ളി ഒരു പുസ്തകം എടുത്ത് ജോർജ്ജ് കുട്ടി എന്നെഴുതിയ കോളത്തിൽ 92 രൂപ എന്നെഴുതി"

"നിങ്ങടെ എജന്റ് ആണല്ലെ"

"ആരോടും പറയണ്ട ഇങ്ങനെ ഒക്കെ ഉഡായിപ്പ് കണിച്ചാലേ കച്ചവടം നടത്താൻ പറ്റു...."

ഞാൻ വീണ്ടും പള്ളിക്കുള്ളിൽ കേറി...ജോർജ്ജ് അച്ചായനെ നോക്കി വളിച്ച ഒരു ഇളി കൊടുത്തു...കപ്യാരതാ ഉറി പോലൊരു സാധനത്തിൽ എന്തൊ പുകച്ചു കൊണ്ടു വരുന്നു...എല്ലാവരുടെയും നേരെ വീശുന്നുണ്ട്...എന്റടുത്തും വന്നു പുള്ളി വീശി..ഞാൻ ബൾബ് കത്തിച്ച പോലെ ഒന്ന് ചിരിച്ചു...പുള്ളി എന്നെ ഒന്നു നോക്കി ഒന്നൂടെ വീശി....ഞാൻ സി എഫ് എൽ കത്തിച്ച പോലെ ഒന്നു ചിരിച്ചു...പുള്ളി എന്നെ നോക്കി പുച്ഛത്തോടെ ഒന്നു കൂടെ ആഞ്ഞു വീശി...സ്റ്റാർട്ടർ ഇല്ലാത്ത റ്റ്യൂബ് ലൈറ്റ് കത്തിച്ച പോലെ മിന്നി മിന്നി ചുമക്കാൻ തുടങ്ങി...പുറകിൽ നിന്ന് ജോർജ് അച്ചായൻ

"ഒന്ന് കുരിശ്ശ് വരച്ചോ അല്ലേൽ ലവൻ ഇനിയും വീശും"

കുരിശ്ശ് വരക്കുന്നേന്റെ ഒരു ഡെമോ അച്ചായൻ തന്നെ കാണിച്ചും തന്നു...ഞാൻ കുരിശ്ശ് വരച്ചു കപ്യാരും സ്ഥലം വിട്ടു.

കഴിച്ച മസാലദോശയുടേയും ഉറഞ്ഞ് ചുമച്ചതിന്റെയും ആണെന്ന് തൊന്നുന്നു...എന്റെ കോർക്ക് ചെറുതായി ഇളകി തുടങ്ങി...ഞാൻ പണിപ്പെട്ട് പുറത്തിറങ്ങി പള്ളി കക്കൂസ്സിൽ കയറി...വിലപ്പെട്ട ഏതാനും നിമിഷങ്ങളും...ഒരു 3 4  ടീ ബീ ഡൗൺലോഡും കഴിഞ്ഞാണ് മനസിലായത്...പള്ളി കക്കൂസ്സിൽ വെള്ളമില്ല...ബക്ക്റ്റും ഇല്ല...ഒരു പൈപ്പ് പോലും ഇല്ല....ഞാൻ പെട്ടു ശരിക്കും....ലിറ്ററലി ഗാണ്ട് മെ ഡൻഡാ...

പെട്ടെന്ന് പുറത്തൊരു കൊട്ട്

"ആരാ ?" ഞാൻ ചോദിച്ചു

"അകത്താരാ" ഫെമിലിയർ വോയ്സ്...ജോർജ് അച്ചായൻ...രക്ഷപെട്ടു

"നേരത്തെ കാപ്പി കുടിക്കാൻ വിട്ടില്ലേ ആ പയ്യൻ തന്നെ....”

"പോറ്റീടെ  ഫുഡ് പണി തന്നു അല്ലേ...അല്ലേലും ഈ പോറ്റികൾക്ക് നസ്രാണികളെ പിടിക്കൂല്ല...വെറും അസൂയ...നമ്മൾ നസ്രാണികൾ ഇവന്മാർക്കൊക്കെ എതിരെ സംഘടിക്കേണ്ടിയിരിക്കുന്നു..."

"ഇവിടുന്നിറങ്ങിയാൽ ഉടനെ ഞാൻ സംഘടിക്കാം...അച്ചായാ ഇവിടെങ്ങും വെള്ളമില്ല....കുറച്ച് വെള്ളം ഒപ്പിച്ച് താ"

"വെള്ളത്തിന് ഞാൻ ഇനി എവിടെ പോകാൻ...പള്ളിയിൽ ചിലപ്പൊ കുർബാനക്കുള്ള വീഞ്ഞ് കാണും"

"ആഹാ..സൗകര്യമായല്ലോ...ഇനി ഈ വീഞ്ഞെല്ലാം വെള്ളമാക്കാൻ കർത്താവിനെ കൂടെ കിട്ടിയാൽ എനിക്കു സമാധാനമായി ചന്തി കഴുകാം..ചെല്ല് വീഞ്ഞെടുതിട്ടു വാ..."

"ഏയ് അതൊന്നും എടുക്കാൻ പറ്റില്ല"

"നിങ്ങളെവിടെയെങ്കിലും പോയി ഒരു ബക്കറ്റ് വെള്ളം സംഘടിപ്പിക്ക്"

"ആ ബഹളമുണ്ടാക്കാതെ അവിടെ ഇരിക്ക്"

5 മിനിറ്റ് വെള്ളം പുള്ളി എവിടുന്നോ എത്തിച്ച് എനിക്ക് പള്ളി കക്കൂസ്സിൽ നിന്ന് തൽക്കാലം ജാമ്യം കിട്ടി....

"നന്ദി അച്ചായാ ഒരായിരം നന്ദി"

ഞാൻ ഓടി പള്ളിയിൽ കേറി അങ്ങേര് കക്കൂസ്സിലും...പള്ളിക്കുള്ളിൽ മറ്റൊരു മനോഹരമായ ആചാരം...മുന്നിലെ വരിയിൽ ഉള്ളവൻ ത്നൊട്ട് പിന്നിലെ വരിയിൽ ഉള്ളവനു ഷേക് ഹാന്റ് കൊടുക്കുന്നു (പിന്നീട് അമ്മ പറഞ്ഞു തന്നു അത് സമാധാനം കൈമാറിയതാ എന്ന്….എന്ത് സമാധാനം എന്റെ സമാധാനം പോയി)..ആ വരിയിലുള്ളവർ തിരിഞ്ഞു തൊട്ട് പിന്നിലുള്ളവർക്കു കൊടുക്കുന്നു....ഷേക് ഹാന്റുകളുടെ മെക്സിക്കൻ വേവ്...ഈ ആചാരം കാലാകാലങ്ങളായി ഇറങ്ങിയ ക്രിസ്ത്യൻ പശ്ചാത്തല സിനിമകളിലൊന്നും കണ്ടിട്ടില്ല...അല്ലേലും സിനിമാക്കാർ ക്രിസ്ത്യാനികളെ എല്ലാ കാലത്തും ചൊറിഞ്ഞിട്ടേ ഉള്ളു...ഇതു പൊലെ പരസ്പരസ്നേഹം വളർത്തുന്ന ആചാരങ്ങളൊന്നും കാണിക്കാൻ പാടില്ലല്ലോ.... 

എന്റെ തൊട്ടു മുന്നിലെ വരിയിലെ കണ്ടാൽ ആഢ്യൻ ഒരു അച്ചായനെ ഞാനും കണ്ടു പിടിച്ചു വെച്ചു ഷേക് ഹാന്റിന്.....പക്ഷെ ടൈം ആയപ്പൊ പുള്ളി പറ്റിചു..എന്റെ അടുത്തു നിന്നവനു സമാധാനം കൊടുത്തു.......ഞാൻ കിളി... തോൽവി അത്ര പെട്ടെന്ന് സമ്മതിക്കാൻ തോന്നാത്തതു കൊണ്ട് ഞാൻ മുന്നിലെ വരിയിലെ ഒരു നാലഞ്ച് മാന്യന്മാരുടെ മുന്നിൽ കൈ നീട്ടി ചെന്നു അവരെല്ലാം ചന്തുവിനെ തോൽപ്പിച്ചു...അവസാനം വള്ളികളസം ഇട്ട ഒരു 8 വയസ്സുള്ള ചെക്കൻ എനിക്കു ഷേക്ക് ഹാന്റ് തന്നു സഹകരിച്ചു...ഭാഗ്യം...എനിക്ക് ഷേക്ക് ഹാന്റ് തന്നതിനാണൊ എന്നറിയില്ല ചെക്കന്റെ അപ്പൻ അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു...എന്താണാവോ എന്നോടിത്രേം വിരോധം...ചിലപ്പൊ പള്ളി കക്കൂസ്സിൽ വെള്ളം മാത്രമല്ല സോപ്പും ഇല്ല എന്നു സ്ഥിരം പറ്റുകാർക്ക് അറിയാമായിരിക്കും.അപ്പൊ അടുത്ത കർമം തുടങ്ങി കിട്ടിയ ഷേക് ഹാന്റ് പുറകിൽ നിൽക്കുന്നവർക്ക് കൊടുക്കണമല്ലൊ...ബാക്ക് ബെഞ്ചിൽ ഇരുന്നു ശീലിച്ച ഏന്റെ പിന്നിൽ ആകെ ഉണ്ടയിരുന്ന രണ്ടോ മൂന്നോ പേർക്ക് ഞാൻ ഷേക് ഹാന്റ് എരന്നു നടക്കുമ്പൊഴേ സമാധാനം കിട്ടി...ഞാൻ ഇനി ആർക്ക് കൊടുക്കാൻ...പെട്ടന്ന് എവിടെന്നെന്നില്ലാതെ ജോർജ് അച്ചായൻ ഓടി വന്നെനിക്ക് ഷേക് ഹാന്റ് തന്നു...ഞാൻ ഷേക് ഹാന്റ് ധന്യനായി...വീണ്ടും....

പിന്നേം ഒരു 10 മിനിറ്റ് സംഭവബഹുലമായി ഒന്നും തന്നെ സംഭവിച്ചില്ല....അവസാനം പള്ളീലച്ചന്റെ കൈ മുത്താൻ വിളിച്ചപ്പൊ...എവിടെ നിന്നെന്നില്ലാതെ കുറെ ചരക്കുകൾ വന്ന് അച്ചന്റെ കൈയിൽ ഉമ്മ കൊടുക്കുന്നു ഇവളുമാരൊക്കെ എവിടെയാണൊ ഇത്രേം നേരം ഇരുന്നത് കഷ്ടം എന്നെ പോലുള്ളവന്മാരെ പേടിച്ച് ഒളിച്ചതാകും...പണ്ടേ പാതിരി ആയാൽ മതിയായിരുന്നു എത്ര സുന്ദരികളാ പുള്ളിക്കൊരുമ്മ കൊടുക്കാൻ ക്യു നിൽക്കുന്നെ - ക്വയറ്റ് ലിറ്ററലി...എനിക്ക് സ്വല്പം അസൂയ തോന്നി....പക്ഷെ പെണ്ണുങ്ങൾക്ക് ശേഷം ആണുങ്ങളും കൈമുത്തി തുടങ്ങിയപ്പൊ ആ അസൂയ സ്വല്പം ഒന്നു കുറഞ്ഞു....പാതിരിയുടെ വിധി.....

പള്ളി പിരിഞ്ഞ് പുറത്തിറങ്ങി ആമ്മയെ കണ്ടുപിടിക്കാൻ എന്ന വ്യാജേന ഞാൻ പെണ്ണുങ്ങളുടെ വാതിലിന്റെ മുന്നിൽ കുറ്റിയടിച്ചു...അവിടെ മൊത്തം നല്ല കെട്ടുപ്രായമെത്തിയ സുന്ദരിക്കുട്ടികൾ...അമ്മ വന്നപ്പൊ ഞാൻ ചോദിച്ച് നോക്കി 

"ഇവരൊക്കെ ഇപ്പൊ പള്ളിയിൽ നിന്ന് ഇറങ്ങിയതാണൊ"

"അല്ല അടുത്ത കുർബാനക്കു കേറാൻ നിക്കുന്നതാ"

" ഓ, നമുക്ക് ആ കുർബാന കൂടെ ഇരുന്നാലോ"

അമ്മ എന്നെ ഒറ്റ നിമിഷം കൊണ്ട് നോക്കി ഉരുക്കി...അമ്മയുടെ ഒരു പള്ളിമേറ്റ് ആന്റി സംസാരിക്കാൻ വന്നതു കൊണ്ട് കോപം നോട്ടത്തിൽ ഒതുങ്ങി..അല്ലേൽ തന്നെ എന്തിനാ അധികം...ആ നോട്ടം തന്നെ ധാരാളം...

ജോർജ് അച്ചായൻ കുറച്ചപ്പുറത്ത് നിക്കുന്നു...ഞാൻ പോയി മുട്ടി നോക്കി...

"ജോർജ് അച്ചായാ...ഞാൻ ജോയ് തോമസ്..ഇന്ന ചെയ്ത സഹായങ്ങാൾക്ക് വളരെ ഉപകാരം"

"നോ മെന്ഷൻ നോ മെന്ഷൻ...ആട്ടെ എന്റെ പേര് ജോർജെന്ന് ആരു പറഞ്ഞ് തന്നു"

"ഹോട്ടലിലെ പട്ടർ"

"ഓ , ഈ ഭാഗത്തെങ്ങും കണ്ടിട്ടില്ലല്ലോ"

"ഞാനങ്ങനെ സ്ഥിരമായി പള്ളിയിൽ വരാറില്ല"

"ആ അതാ എന്നെ അറിയാത്തത്...വിശ്വാസം സ്വല്പം കുറവാണല്ലേ "

"സ്വല്പം അല്ല തീരേ ഇല്ല എന്നു തന്നെ പറയാം" 

"പേരിൽ തന്നെ ഒരു തോമസ് ഉള്ള കൊണ്ടായിരിക്കും എല്ലാം കണ്ടു മാത്രം വിശ്വസിക്കുന്നത്"

ഞങ്ങൾ രണ്ടു പേരും ചിരിച്ചു...ഒരിക്കൽ കൂടെ  ഷേക് ഹാന്റ് കൊടുത്തു പിരിഞ്ഞു....

അപ്പോഴേക്കും അമ്മ വന്നു വിളിച്ച്

ഞാൻ: ഈ പരിപാടി വേഗം തീരുമെന്ന് പറഞ്ഞിട്ട് കുറെ നേരം ഏടുത്താല്ലൊ

ആമ്മ : കുറെകൂടെ മുന്നെ തീർന്നേനെ...പക്ഷെ കുർബാനക്ക് വെച്ചിരുന്ന ഏകദേശം ഒരു ബക്ക്റ്റ് വീഞ്ഞ് ആരോ അടിച്ചോണ്ട് പോയി...പുതിയ വീഞ്ഞ് വരാൻ വൈയ്റ്റ് ചെയ്തതാ ലേറ്റ് ആയതെന്ന് കപ്യാർ പറയുന്നതു കേട്ടായിരുന്നു...

"ഓഹോ അങ്ങനെ ഒക്കെ ഉണ്ടായോ"

പെട്ടെന്നെന്റെ ഞ്ജാന മണ്ഡലത്തിൽ ഒരു നികുമ്പിന പാഞ്ഞു പോയി....ദൈവമേ ഇനി ഞാൻ അതു കൊണ്ടാണോ നേരത്തേ കഴുകിയത്....പെട്ടെന്ന് ഒരു നികുമ്പിന കൂടെ കടന്നു പോയി....ജോർജ് അച്ചായൻ ഷേക് ഹാന്റ് തന്നപ്പൊ കയ്യിൽ ആണി തുളച്ച പോലത്തെ പാടുണ്ടായിരുന്നോ.....

അച്ചായൻ നടന്ന വഴിയിലോട്ട് ഞാൻ നോക്കി....അവിടെങ്ങും അങ്ങേരില്ല.......കയ്യിൽ തുളഞ്ഞ മുറിവുണ്ടോന്ന് ഉറപ്പിക്കാനും പറ്റിയില്ല...

*ബാക്ക്ഗ്രൗണ്ട് മ്യൂസിക്...പ്രശാന്ത് പിള്ള
വരികൾ...കാവാലം നാരായണപ്പണിക്കർ
"ആത്മാവിൽ തിങ്കൾ കുളിർ പൊന്നും നിലാത്തേൻ പള്ളി...."*



എന്നാലും ഞാൻ വിശ്വസിച്ചു...പുണ്യാളനും കർത്താവുമൊന്നുമല്ല...സാധാരണ മനുഷ്യൻ തന്നെ.....


പ്രത്യേക നന്ദി : ഓംകാരനാഥൻ പിള്ള, കിരൺ പീ ആർ, രാഹുൽ രാഘവൻ....