Friday 23 October 2015

അണ്ഡകടാഹം by ശിവന്‍ : Interstellar Retold

ഇന്നത്തെ നമ്മുടെ വിഷയം ഇന്റർസ്റ്റെല്ലർ(Interstellar) എങ്ങനെ ഇന്ത്യയിൽ എടുക്കാം എന്നാണു. ഉത്തരേന്ത്യയിൽ ഇതിനു ത്രാണിയുള്ള നടന്മാർ ഇല്ലാത്തത് കൊണ്ടും സല്ലു ഭായ്ക്ക്  ഇതൊക്കെ പറ്റുമെങ്കിലും ഭായ് ഉള്ളപ്പോ ലോകം അവസാനിക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് അല്ല എന്ന ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടും ഈ കഥ തമിഴിലും  തെലുങ്കിലും  ആണ്  എടുക്കേണ്ടത് പിന്നെ മലയാളത്തിലേക്കും ഹിന്ദിയിലേക്കും ജാപ്പനീസിലേക്കും  ഒക്കെ ഡബ് ചെയ്യാല്ലൊ. നിർമാതാവിന്റെ കഴിവ് പോലെ സിനിമ ബ്രഹ്മാണ്ടമോ കിടിലാണ്ടമോ ഒക്കെ ആക്കാവുന്നതേ ഉള്ളു. സംവിധായകനെ നമുക്ക്  ശിവൻ (രാജമൗലി  എന്നോ , ശങ്കർ എന്നോ കേ എസ്  രവികുമാർ  എന്നോ വിളിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അവരെ  കോപ്പി അടിച്ചതാണെന്ന് വിചാരിച്ചാലോ )  എന്ന്  വിളിക്കാം . സിനിമയുടെ പേരു 'അണ്ഡകടാഹം'.

സിനിമ തുടങ്ങുന്നത് നായകന്റെ കുട്ടിക്കാലത്താണ്‌ , കുട്ടിയായ നായകനും സദാ അവശതയുള്ള അമ്മയും പിഞ്ചു കുഞ്ഞായ അനിയത്തിയും അടങ്ങിയ ചെറുതെങ്കിലും സന്തുഷ്ടമല്ലാത്ത കുടുംബം. നായകന്റെ  അച്ഛന്‍ ISRO യില്‍ പൈലറ്റ് ആയിരുന്നു ബഹിരാകാശത്ത് പോയപ്പൊ  ചത്ത് പോയതാണെന്ന് അമ്മയും അല്ല കൂടെ ജോലി ചെയ്ത ശാസ്ത്രജ്ഞയുമായി ബഹിരാകാശത്തേക്ക് ഒളിച്ചോടിയതാണെന്ന് നാട്ടുകാരും പറയുന്നു .അതെന്തായാലും അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട്  നായകനു അച്ഛനോട് തീര്‍ത്താല്‍ തീരാത്ത വെറുപ്പാണ്‌, അത് കൊണ്ട് തന്നെ ISRO ശാസ്ത്രജ്ഞന്മാരോടും.

20 വര്‍ഷങ്ങള്‍ക്ക് ശേഷം


മുല്ലപ്പെരിയാര്‍ നിന്നും കാവേരിയില്‍ നിന്നും വെള്ളം കിട്ടാതെ തമിഴ്നാട്ടില്‍ വന്‍ വരള്‍ച്ചയാണ്‌ (തെലുങ്കില്‍ ഇതിനു പകരം തെലങ്കാനയുടെ ക്രൂരതയോ , ആന്ധ്രയുടെ ക്രൂരതയോ, കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരതയോ ഒക്കെ ആക്കാം) അരിയും പച്ചക്കറികളും വളരുന്നില്ല .നാട്ടില്‍ കൊടും ദാരിദ്ര്യം ലോകം അവസാനിക്കാന്‍ പോകുന്നു എന്ന് എല്ലാ ദിവസവും ഫേസ്ബുക്കിലും വാട്സാപ്പിലും ഫോര്‍‌വേഡ് വരും . പാവപ്പെട്ടവരുടെ കഞ്ഞിക്കലത്തില്‍ കയ്യിട്ട് വാരുന്ന ധനികരും അവരുടെ വാക്ക് മാത്രം കേള്‍ക്കുന്ന ഭരണവര്‍ഗ്ഗവും അവരുടെ അക്രമിസംഘമായ പോലിസും ഒക്കെയുള്ള ഒരു ചെന്നൈ(അല്ലെങ്കില്‍  ഹൈദ്രബാദ്) . ചന്തയില്‍ ഏതെങ്കിലും അമ്മച്ചിയെ സഹായിക്കാനോ മറ്റോ പറന്ന് വരുന്നതായിക്കോട്ടെ നായകന്റെ ആദ്യത്തെ സീന്‍...നായകന്‍ ഏകദേശം ദിങ്ങനെ ഇരിക്കും



 പറന്ന് വന്ന്‍ എല്ലാവരെയും തല്ലി തോല്പ്പിച്ച ശേഷം , ഒരു പാട്ട് ആകാം.


(ഡങ്കണക്ക ഡണക്കണക്ക) ആണ്ഡകടാഹം ഡാ അണ്ഡകടാഹം ഡാ(ഡങ്കണക്ക ഡണക്കണക്ക)
നാന്‍  ആണ്ഡകടാഹം ഡാ (ഡങ്കണക്ക ഡണക്കണക്ക)
നാന്‍ അടിച്ചാല്‍ ആണ്ഡകടാഹം ഡാ (ഡങ്കണക്ക ഡണക്കണക്ക)
ഉലകെല്ലാം ആണ്ഡകടാഹം ഡാ (ഡങ്കണക്ക ഡണക്കണക്ക)
അണ്ഡകടാഹം ഡാ ഡാ ഡാ (ഡങ്കണക്ക ഡണക്കണക്ക)

പാട്ടിനു ശേഷം നായകന്‍ നായികയെ കാണുന്നു, എന്തില്ലെങ്കിലും നായികക്ക് നല്ല ഒന്നാം തരം ആലില  വയറുണ്ടാകണം, തുടക്കത്തില്‍ അല്പം വ്യക്തിത്വം ഒക്കെ ആകാം പക്ഷെ നായകന്‍ പുറകേ നടക്കുമ്പൊ വ്യക്തിക്വം കുറഞ്ഞ് കുറഞ്ഞ് വരണം, വയറ് കൂടുതല്‍ കൂടുതല്‍ കാണിക്കുകയും വേണം. അല്ലേലും വ്യക്തിത്വത്തിലൊന്നും കാര്യംമില്ല , ശരിക്കുള്ള പുഷന്മാരെ പ്രസവിക്കുന്നതാണ്‌ സ്ത്രീയുടെ മഹത്ത്വം എന്നു വ്യക്തിത്വമുള്ള  ഒരു സ്പാര്‍ട്ടക്കാരി പറഞ്ഞത് കേട്ട്  നമ്മൾ കയ്യടിച്ചതല്ലേ പിന്നെന്താ. നായികയുടെ വ്യക്തിത്വവും നായകൻറെ ഒളിപ്പീരും സമാസമം ചേർത്ത  ഒരു പാട്ടാകാം .



നായികയേ കാണിച്ച് മടുക്കുമ്പൊ നമുക്കൊരു വില്ലന്‍ ആവശ്യമാണല്ലോ ഒരു വില്ലന്‍ ആകാം തമിഴ് / തെലുങ്ക് പറയുന്ന ബീഹാറി വില്ലന്‍ , ഇടക്കിടെ ദേഷ്യം വരുമ്പൊ ഹിന്ദിയിൽ  അലറണം, വരള്‍ച്ച ബാധിച്ച നാട്ടിലേ പ്രധാന കര്‍ഷകന്‍ ആണ്‌ നമ്മുടെ വില്ലന്‍ , കോളേജ് നടത്തി കുട്ടികളേ ചൂഷണം ചെയ്യുക , ആശുപത്രി നടത്തി രോഗികളേ കഷ്ടപെടുത്തുക , മൃഗശാല നടത്തി മൃഗങ്ങളെ പീഠിപ്പിക്കുക  ഇതൊക്കെയാണ് ടിയാന്റെ   പ്രധാന ഹോബികൾ.വരള്‍ച്ച ബാധിച്ച ദക്ഷിണേന്ത്യ മുഴുവന്‍ ഭക്ഷണത്തിന്റെ മൊത്ത കച്ചവടം പുള്ളിക്കാണ്‌ ,ഇദ്ദേഹം അരിയും പലവ്യഞ്ജനവും വിറ്റാണ്‌ കോടീശ്വരന്‍ ആയതും ,  M LA - മന്ത്രി - മുഖ്യമന്ത്രി ആയത്( ബഡ്ജറ്റ് ഉണ്ടെങ്കില്‍ MP - മന്ത്രി - പ്രധാനമന്ത്രി ആക്കാം) . നായകനും വില്ലനും തമ്മില്‍ അങ്ങനെ നേരിട്ട് പ്രശനം ഒന്നുമില്ല , എന്നാലും വില്ലന്റെ ദുഷ്ടതകള്‍ ഇടക്കിടെ കാണിക്കണം , വേണമെങ്കില്‍ ഈ ദുഷ്ടതയൊന്നും പൊതു ജനം അറിയുന്നില്ലെന്നും എല്ലാം ബിനാമി ആണെന്നും പുറമേ പുള്ളി ഒരു മാടപ്രാവാണെന്നും ആക്കാവുന്നതേയുള്ളു ; ട്വിസ്റ്റിനു കുറവു വരരുതല്ലോ.



ഒരു ദിവസം കോളേജില്‍ നിന്ന് വരുന്ന നായകന്റെ അനിയത്തിയെ വില്ലന്റെ മകനും കുറെ അലവലാതി ദോസ്തുക്കളും ചേര്‍ന്ന് അപമാനിക്കുന്നു, അല്ലെങ്കില്‍ വേണ്ട ബലാല്‍സംഗം ചെയ്ത് കൊല്ലുന്നു, അതിപ്പൊ രണ്ടായാലും നായകന്റെ അനിയത്തിക്ക് ഇനി വലിയ റോള്‍ ഒന്നുമില്ല പിന്നെ കൊല്ലുന്നതാ നല്ലത് , നടിയുടെ ഡേറ്റ് കുറയുമല്ലോ...കൊല്ലുന്നു. നായകനു ദുഖം കോപാഗ്നി , എസ് പി ബാലസുബ്രഹ്മണ്യമോ യേശുദാസോ പാടിയ ശോകഗാനം. അത് കഴിഞ്ഞാല്‍ ആവേശം മൂത്ത നായകന്‍ , വില്ലന്റെ മകന്റെ താവളം വരെ ചെന്ന് തൂത്ത് വാരിയിട്ടടി ഒടുക്കം വില്ലന്റെ മകനെ തല്ലി കൊല്ലുന്നു, അനിയത്തിയുടെ കാര്യം പറഞ്ഞ പോലെ ഇവനെയൊക്കെ ഇനിയും വച്ചോണ്ടിരുന്ന് ബാറ്റ കൊടുക്കണോ , ചത്ത് പോട്ടെ ശവം. ഈ പ്രശനങ്ങളിലൊന്നും പോലീസ് ഇടപെടില്ല , നമുക്ക് നിയമവാഴ്ചയില്‍ വിശ്വാസമില്ല . 

അരുമ മകന്‍ മരിച്ചതിന്റെ കലിപ്പ് തീര്‍ക്കാന്‍ വില്ലന്‍ നേരിട്ട് തന്നെ നായകനെ അന്വേഷിച്ച് വരുന്നു , വീടൊക്കെ തല്ലി തകര്‍ക്കുന്നു , വശാല്‍ നായകന്റെ അമ്മയെ കണ്ട് ഞെട്ടി കുറേ നേരം വില്ലന്‍ നില്‍ക്കണം , പക്ഷെ തല്ലി തകര്‍ക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കണം , അവസാനം നായികയേയും കിഡ്നാപ്പ് ചെയ്ത് വില്ലന്‍ സ്ഥലം വിടണം. വില്ലന്റെ മകനെ കൊന്ന ശേഷം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ നായകന്‍ തിരിച്ച് വരുമ്പൊ തല്ലി തകര്‍ത്ത വീടൊക്കെ കണ്ട് രോഷാകുലനാകുന്നു , അമ്മയെ ഉപദ്രവിച്ചതൊക്കെ കണ്ട് കോപം കൊണ്ട് ജ്വലിക്കുന്നു *മുട്ടന്‍ ഗ്രാഫിക്സ്*;. വില്ലനെ തട്ടി കളയാന്‍ പോകുന്ന നായകനെ അമ്മ ഉപദേശിക്കുന്നു ,വില്ലൻ വലിയ സംഭവമാണ്‌ ഒറ്റക്ക് പോയാല്‍ തെണ്ടി പോകും അച്ഛന്റെ പഴയ ഫ്രണ്ട് ഒരു മുതുക്കന്‍ ഉണ്ട് അങ്ങേരെ പോയി കാണു , അങ്ങേരാണ്‌ പണ്ട് അച്ഛനെ ബഹിരാകാശത്തേക്ക് കയറ്റി വിട്ടത് , അപ്പൊ പറഞ്ഞിട്ടുണ്ട് എന്ത് സഹായവും ചെയ്യാമെന്ന്, ISRO ക്കാരെ പുച്ഛം ആണെങ്കില്‍ അമ്മ പറഞ്ഞേന്റെ പുറത്ത് നായകന്‍ അങ്ങേരെ പോയി കാണുന്നു


ശാസ്ത്രജ്ഞന്‍ വേഷവും ഹെയര്‍ സ്റ്റൈല്‍ ഒക്കെ അബ്ദുള്‍ കലാമിനെ പോലെ ആയിരിക്കണം , വീട് മുഴുവന്‍ റോക്കറ്റിന്റെയും മറ്റും മോഡല്‍ വേണം , വീട്ടിലെ ലാബ് കണ്ടാല്‍ NASA പോലിരിക്കണം സംസാരിക്കുന്ന കമ്പ്യൂട്ടറും , മിന്നുന്ന LED യും , പല വലിപ്പത്തിലുള്ള സ്ക്രീനുകളും ഒക്കെ വേണം . അങ്ങേരു നായകനെ കണ്ട ഉടന്‍ ഞെട്ടണം , ഇന്നാ ആളിന്റെ മകന്‍ ആണെന്ന് പറയുമ്പൊ വാല്‍സല്ല്യം കൊണ്ട് കെട്ടി പിടിക്കണം ഉമ്മ വെക്കണം  എന്നിട്ട് നായകന്റെ അച്ഛന്‍ വലിയവന്‍ ആണെന്ന് പറയണം , ഒന്നും മനസിലാകാത്ത നായകനോട് അച്ഛന്റെ കഥ പറയുന്നു കൂടെ വില്ലന്റെയും .

നായകനും (ഹെയർ സ്റ്റൈൽ അല്പം മാറ്റം ആകാം)  വില്ലന്റെ ചെറുപ്പരൂപവും  പൈലറ്റ് വേഷത്തില്‍ നടന്നു വരുന്നു



*ഇന്റര്‍വൽ *


25 വര്‍ഷം മുന്‍പേ തന്നെ ലോകത്ത് ഇനി വരള്‍ച്ചയുടെ കാലം ആണെന്ന് ISRO ഇലെ പ്രഗല്‍ഭ ശാസ്ത്രജ്ഞന്‍ ( വര്‍ത്തമാനകാലത്ത് കാണിച്ച ശാസ്ത്രജ്ഞന്റെ നര കുറഞ്ഞ വെര്‍ഷന്‍) കണ്ട് പിടിച്ചിരുന്നു, അങ്ങേരുടെ അത്രേം ബുദ്ധി ബാക്കി ആര്‍ക്കും ഇല്ലാത്ത കൊണ്ട് അന്നതാരും അംഗീകരിച്ചില്ല , മൂന്ന് പേരല്ലാതെ അങ്ങേരുടെ മകള്‍(ശാസ്ത്രജ്ഞ) - അച്ഛന്റെ അത്രയും ബുദ്ധി ഇല്ലാത്ത ശാസ്ത്രജ്ഞ് എന്നാലും അത്യാവശ്യത്തിനു കുറേ ഫിസിക്സ് ഒക്കെ പറയണം v = u + at ; F = Ma   , നായകന്റെ അച്ഛന്‍ ( ഡാഡി ) - പൈലറ്റ് , വില്ലന്‍ (വില്ലൻ  same ) - മറ്റൊരു പൈലറ്റ്. ഇവര്‍ നാലു പേരും തമിഴ്നാട്ടിലുള്ള ( മഹാമനസ്കത ഒക്കെ ഉണ്ടെങ്കില്‍ ഇന്ത്യക്കാരെ രക്ഷിക്കാം ; അമേരിക്കകാരെ ബാറ്റ്മാന്‍ രക്ഷിച്ചോളും) എല്ലാവരെയും രക്ഷിക്കന്‍ തീരുമാനിക്കുന്നു . ഒരു റോക്കറ്റ് ഉണ്ടാക്കി പ്രപഞ്ചം  ചുറ്റി , വാസയോഗ്യമായ ഗ്രഹങ്ങള്‍ കണ്ട് പിടിക്കല്‍ ആണ്‌ ഉദ്ദേശ്യം . അതിനു നമ്മുടെ ശാസ്ത്രജ്ഞന്‍ വാസയോഗ്യമായ ഗ്രഹം കണ്ടാല്‍ ബീപ് അടിക്കുന്ന യന്ത്രം കണ്ട് പിടിക്കണം. പിന്നെ ഇത്തവണ പറ്റിക്കപ്പെടാന്‍ പാടില്ല , നിറയെ വെള്ളമുള്ള സ്ഥലത്ത് വേണം തമിഴ്നാട് സ്ഥാപിക്കാന്‍ , തൊട്ടടുത്തെങ്ങും വെള്ളം ചോദിക്കാന്‍ കേരളവും കര്‍ണാഡകയും ഉണ്ടാകരുത്). ഇതാണ്‌ പ്ലാന്‍.

വില്ലന്‍ പണ്ടേ കച്ചവട താല്പര്യങ്ങളുള്ള ചെറുക്കനാണ്  , ഈ ഫ്രീ ആയി നാട്ടുകാരെ രക്ഷിക്കുന്നതില്‍ വലിയ താല്പര്യം ഇല്ല , പക്ഷെ വില്ലനു ശാസ്ത്രജ്ഞയോട് മൂത്ത പ്രേമം ആയ കൊണ്ട് എല്ലാം സഹിച്ച് കൊടുക്കുന്നു എന്നേ ഉള്ളൂ, വഴക്കം പോലെ ശാസ്ത്രജ്ഞക്ക് ഡാഡിയോട് മൂത്ത പ്രേമം , ഡാഡി നേരത്തേ കല്ല്യാണം കഴിച്ച്  ഒരു മകന്‍ ഉണ്ട് പിന്നെ ഭാര്യ ഗര്‍ഭിണിയും ആയോണ്ട് ശാസ്ത്രജ്ഞയെ മൈന്റ് ആക്കാറില്ല. വില്ലനു ആ വകയില്‍ ഒരല്പ അസൂയ ഡാഡിയോടുണ്ട് , ഒരു വില്ലന്‍ അല്ലേ മിനിമം അസൂയ എങ്കിലും വേണ്ടേ.

അവരുടെ റോക്കറ്റ് റെഡി ആകുന്നു, ഡാഡിയും ശാസ്ത്രജ്ഞയും വില്ലനും കൂടെ യാത്ര പുറപ്പേടുന്നു, കുറേ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെ ചുറ്റി നടക്കുന്നു, ഇടക്ക് ഒന്നു രണ്ട് ഗ്രഹങ്ങളില്‍ ഇറങ്ങി നോക്കിയെങ്കിലും അവിടെല്ലാം പാക്കിസ്ഥാന്‍‌കാരുടെ സ്വഭാവമുള്ള അന്യഗ്രഹജീവികള്‍ ( പച്ച കൊടിയും , വരമ്പ് വെച്ച താടിയും മീശ ഇല്ലയ്മയും ആകാം ഏതേലും ഗ്രഹത്തിലെ ജീവികള്‍ക്ക്, മറ്റൊരു ഗ്രഹത്തിലെ ജീവി E.T. പോലെയും വേണം . എല്ലായിടത്തും ഡാഡിയുടെ കഴിവ് കൊണ്ടാണ്‌ രക്ഷപെടുന്നത് - നോട്ട് ദ് പോയിന്റ്.

തിരിച്ച് ഭൂമിയിലേക്ക് പോകാന്‍ മാത്രം പെട്രോള്‍(റോക്കറ്റില്‍ ഒഴിക്കുന്നത് എന്താന്ന് വെച്ചാല്‍ അത്) തീരാറായപ്പൊ ഒരിക്കല്‍ കൂടി നമ്മുടെ ജീവന്റെ യന്ത്രം ബീപ് അടിക്കുന്നു , ഡാഡിയും വില്ലനും ശാസ്ത്രജ്ഞയും അവിടെ കൂടെ ഇറങ്ങിയിട്ടു പോകാന്‍ തീരുമാനിക്കുന്നു

*ആ ഗ്രഹത്തില്‍ ഇറങ്ങണ്ടാ തിരിച്ച് പോകാം എന്ന് പറഞ്ഞ മറ്റ് രണ്ട് പേരോട് ഡാഡിയുടെ മോട്ടിവേഷണല്‍ സ്പീച്ച്*

ആ ഗ്രഹം കൊള്ളം മൊത്തതില്‍ യൂറോപ്പ് പോലെയിരിക്കും .

*സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ എന്നൊക്കെ ഉള്ള ഒരു പാട്ട് ആകാം, 'ഗുരു' പടത്തില്‍ അന്ധന്മാര്‍ക്ക് കാഴ്ച്ച കിട്ടിയ പോലെ മൂന്ന് പേരും ഗ്രഹത്തില്‍ ഓടി നടക്കട്ടെ*

ഡാഡിയും ശസ്ത്രജ്ഞയും തിരിച്ച് പോയി സുഖമായി രക്ഷിക്കണ്ടവരെ കൊണ്ട് ഈ ഗ്രഹത്തില്‍ വരാം എന്ന്‍ തീരുമാനിക്കുന്നു , അപ്പൊ വില്ലന്‍ പറയുന്നു അതിലും നല്ലതു ഇവിടെ കൃഷി ചെയ്ത് , അതു ഭൂമിയിലേക്ക് കയറ്റി അയച്ച് ജീവിച്ചാല്‍ പോരേന്ന് , മറ്റ് രണ്ട് പേര്‍ അത് സമ്മതിക്കുന്നില്ല. അവസാനം വില്ലനും സമ്മതിക്കുന്നു തിരിച്ച് പോകാൻ .  ശാസ്ത്രജ്ഞ ഡാഡിയെ സപ്പോര്‍ട്ട് ചെയ്ത ദേഷ്യത്തില്‍ ദുഷ്ടനായ വില്ലന്‍ ഇവരുടെ വാഹനത്തില്‍ ഒരു ചെറിയ കേട് വരുത്തുന്നു , അതായത് ഇനി ഒരാള്‍ക്ക് മാത്രേ പോകാന്‍ . ഈ ഗ്രഹത്തില്‍ കുറേ നാള്‍ ശാസ്ത്രജ്ഞയുമായി ആദവും ഹവ്വയും കളിക്കാനാണ്‌ വില്ലന്റെ ഉദ്ദേശ്യം. സ്കില്‍ കൂടിയ പൈലറ്റ് എന്ന നിലയില്‍ ഡാഡി പറയുന്നു, വില്ലന്‍ മിണ്ടുന്നില്ല , വില്ലന്റെ കൂടെ ഒറ്റക്കൊരു ഗ്രഹത്തില്‍ നില്‍ക്കാന്‍ താല്പര്യമില്ലാത്ത ശാസ്ത്രജ്ഞ ഡാഡിയുടെ സ്കില്‍ ഒക്കെ ഇവിടെയാണ് ആവശ്യം റോക്കറ്റ് ഓടിക്കാന്‍ വില്ലനും പറ്റും എന്നു പറയുന്നു , വയസ്സു പൊണ്ണും വില്ലനും എങ്ങനെ ഒരു ഗ്രഹത്തില്‍ ഒറ്റക്ക് എന്ന് മൂത്ത ശാസ്ത്രജ്ഞന്‍ ഭൂമിയില്‍ ഇരുന്നു  പറയുന്നു ( Nod to Sanskaar *Wink Wink *). തല്‍കാലം പ്രോക്സി നായകന്‍ ഡാഡി ആയോണ്ട് പുള്ളി എല്ലാവരെയും സമ്മതിപ്പിച്ച് ഹീറോയിക് ആയി തിരിച്ച് പോകാന്‍ വണ്ടിയില്‍ കേറി , വണ്ടി ഒന്ന് ഓണ്‍ ആക്കി വന്നപ്പൊ വില്ലനാണു വണ്ടി കേടാക്കിയത് എന്ന് മനസിലാക്കുന്നു(വല്ല സി സി ടി വി ഫുട്ടേജ് കണ്ടതോ , പൊട്ടിയ സര്‍ക്യുട്ട് കണ്ടപ്പൊ വില്ലന്‍ സ്ക്രൂ ഡ്രൈവറുമായി നടന്നത് ഓര്‍ത്തതോ ഒക്കേ ആകാം).

ഡാഡി വില്ലനെ നേരിടുന്നു ,  പൊരിഞ്ഞ സംഘട്ടനം . ഡാഡി ജയിച്ചു ജയിച്ചില്ല എന്ന അവസ്ഥയില്‍ നിക്കുമ്പൊ വില്ലന്‍ ശാസ്ത്രജ്ഞയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നു. ഡാഡി നിസഹായനാകുന്നു , വില്ലന്‍ ഡാഡിയെ ഒരു കുഴിയില്‍ തള്ളിയിടുന്നു . വില്ലനെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്ത ശാസ്ത്രജ്ഞയെ പുതിയ ഗ്രഹത്തില്‍ കണ്ട ഒരു മരത്തില്‍ കെട്ടിയിട്ടു വില്ലന്‍ തിരിച്ച് പോകുന്നു . മകളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ശാസ്ത്രജ്ഞനെ കൊണ്ട് വലിയ റോക്കറ്റൊക്കെ ഉണ്ടാക്കി അങ്ങോട്ട് തിരിച്ച് പോയി ശിങ്കിടികളും ഗുണ്ടകളേയും കൊണ്ട് അവിടെ കൃഷി ചെയ്ത് അരിയും പച്ചക്കറിയും ഭൂമിയില്‍ വിറ്റ് പണക്കാരന്‍ ആയതാണ്‌ . ഈ ഗ്രഹത്തിന്റെ ശരിക്കുള്ള സ്ഥാനം ലോകത്ത് വേറെ ആര്‍ക്കും അറിയാത്ത കൊണ്ടും , ശാസ്ത്രജ്ഞന്റെ മകള്‍ ഇപ്പോഴും തടവില്‍ അയത് കൊണ്ടും ഇത് വരെ ആരും അങ്ങോട്ട് പോയില്ല.


*വർത്തമാനകാലം*


ശാസ്ത്രജ്ഞൻ കണ്ണ്നീർ വാർക്കുന്നു നായകൻ അത്ഭുതത്തോടെ നിൽകുന്നു-അച്ഛനെ ഓർത്ത്  അഭിമാനിക്കുന്നു. ശാസ്ത്രജ്ഞൻ സ്വയം ആ ഗ്രഹം കണ്ട് പിടിക്കാനുള്ള തന്റെ ശ്രമങ്ങളെ പറ്റി പറയുന്നു കൂട്ടത്തിൽ ഈ അടുത്തിടക്കായി ആ ഗ്രഹത്തിലേക്കുള്ള വഴി ആണെന്ന് സംശയിക്കുന്ന അജ്ഞാത സന്ദേശങ്ങൾ ബഹിരാകാശത്ത് നിന്ന് വരുന്നത് നായകനോട് പറയുന്നു.വെറുതെ ഈ സന്ദേശങ്ങളൊക്കെ നോക്കിയ നായകൻ പരിചയമുള്ള ഒരു ചിത്രം കണ്ട് ചെറുതായി ഞെട്ടുന്നു , ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ കുറെ ആലോചിച്ച് കഷ്ടപ്പെടുന്നു, അവസാനം വൈകുന്നേരമായി നായികയെ അന്വേഷിക്കണം മാത്രമല്ല വീട്ടിലും പോണമല്ലോ  എന്ന്  വെച്ച് വാച്ചിൽ നോക്കുമ്പോ അതാ ഇപ്പൊ കണ്ട ചിത്രം വാച്ചിൽ , അതൊരു വെറും വാച്ച് അല്ല ഡാഡി ബഹിരാകാശത്ത് പോകും മുൻപേ കൊടുത്തിട്ട് പോയ വാച്ച് ആണ്  , അമ്മയുടെ നിർബന്ധം കാരണം  അച്ഛനോട് നല്ല ദേഷ്യം ഉണ്ടായിട്ടും ഇപ്പോഴും കെട്ടുന്നു മാത്രമല്ല കാശിനു ആവശ്യം വന്നിട്ടും പുരാവസ്തു വിറ്റതുമില്ല . നായകൻ ഒന്ന് ഞെട്ടി പക്ഷെ കാര്യം പിടികിട്ടി , ഈ സന്ദേശങ്ങൾ അയക്കുന്നത് മറ്റാരുമല്ല ഡാഡി തന്നെ, രണ്ട് വയസ്സിലേ മെസ്സേജ് ഒക്കെ ഡീക്കോഡ് ചെയ്ത് പഠിച്ച  മകന് മാത്രം മനസിലാകുന്ന ഭാഷയിൽ അച്ഛൻ അയച്ചതാ ഇതൊക്കെ , എങ്ങാനും വില്ലന്റെ കയ്യിൽ  കിട്ടിയാൽ പണി പാളുമല്ലോ . ശാസ്ത്രജ്ഞനോട് കാര്യം പറഞ്ഞു , അപ്പൊ അങ്ങേർക്കും കാര്യം പിടികിട്ടി പണ്ട് വില്ലൻ ഡാഡിയെ തള്ളിയിട്ടത് വെറും കുഴിയിൽ ആയിരിക്കില്ല ഒരു കറുത്ത കുഴിയിൽ ആയിരിക്കും - ബ്ലാക്ക്‌ ഹോൾ , അവിടെ വീണോണ്ടായിരിക്കണം ഡാഡി മരിക്കാത്തത് ഇത്രേം കാലം ആയിട്ട് , അപ്പൊ രക്ഷിക്കാൻ ഒരാൾ കൂടെയുണ്ട് ഡാഡി , മാത്രമല്ല ശാസ്ത്രജ്ഞന്റെ ബുദ്ധിപരമായ നിഗമനം വെച്ച് നായികയും ആ ഗ്രഹത്തിൽ ആകാനാണ് വഴി.

എല്ലാവരെയും രക്ഷിക്കാന്‍ ഒരു വഴിയേ ഉള്ളു , ആ ഗ്രഹത്തില്‍ എത്തണം അതിനു ഡാഡിയുടെ മെസേജ് ഡീക്കോഡ് ചെയ്യണം. നായകന്‍ ഡീക്കോഡ് ചെയ്തിട്ട് ഒരുപാട് നാളായി പിന്നെ ശാസ്ത്രീയമായി പഠിച്ചിട്ടുമില്ല. വിഷമിച്ചിരിക്കുന്ന നായകനോട് അമ്മയുടെ പെപ് ടോക്ക്, മൊത്തത്തില്‍ ഒരു ഉന്നാല്‍ മുടിയും തമ്പി ലൈന്‍, ഇടക്ക് അല്പം സെന്റി ഡാഡി ഇല്ലാതെ കുട്ടികളെ വളര്‍ത്തിയ കഥയും ഡാഡിയേയും നായികയേയും രക്ഷിക്കേണ്ട ആവശ്യവും പിന്നെ വില്ലന്റെയും ശിങ്കിടികളുടെയും ക്രൂരതകളും പ്രത്യേകിച്ച് തങ്കച്ചിയെ ശല്യം ചെയ്ത കഥയും ഒക്കെ ആകുമ്പൊ നായകന്‍ കോഡ് ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു....


*മുട്ടന്‍ മൊണ്ടാഷ്, മ്യൂസിക്ക് : മിഷന്‍ ഇമ്പോസ്സിബിള്‍ തീം , ഐ ഓഫ് ദ് ടൈഗര്‍ ഒക്കെ ചേര്‍ത്ത ഒരു കിടിപിടി , ഗോപി സുന്ദറിനു അറിയാം *


അവസാനം അവര്‍ ഒരു കമനീയമായ റോക്കറ്റ് ഉണ്ടാക്കുന്നു, അതിന്റെ അവസാന/ഏറ്റവും പ്രധാനമായ  പാര്‍ട്ട്  ആയ ചിപ്പ് (രണ്ട് LED മാറി മാറി കത്തുന്ന ഒരു സുന ) വല്ല നാസാ ലാബില്‍ നിന്നും സാഹസികമായി മോഷ്ടിക്കുന്നത് കാണിക്കാം. റോക്കറ്റിനെ പറ്റി ചാരന്മാരില്‍ നിന്ന് അറിഞ്ഞ വില്ലന്‍ മറ്റേ ഗ്രഹത്തില്‍ നിന്ന് ഭൂമിയിലെ തന്റെ ഗുണ്ടകളെ റോക്കറ്റ് തകര്‍ക്കാന്‍ പറഞ്ഞ്  വിടുന്നു, ശാസ്ത്രജ്ഞനും സംഘവും റോക്കറ്റില്‍ കയറി കൗണ്ട് ഡൗണ്‍ തുടങ്ങുന്നു 100 മുതല്‍ പിന്നോട്ട് എണ്ണുന്നു, നായകന്‍ അകത്ത് കേറാന്‍ തുടങ്ങുമ്പൊ ഒരു 10-30 ഗുണ്ടകള്‍, റോക്കറ്റ് തടയാന്‍ - മനുഷ്യചങ്ങല തീര്‍ത്ത് ആയിരിക്കണം . എന്തായാലും വില്ലന്മാരെ റോക്കറ്റിന്റെ അടുത്ത് എത്താന്‍ അനുവധിക്കില്ല എന്ന് ഉറച്ച നായകന്‍ ഗുണ്ടകളെ നേരിടുന്നു , കൗണ്ട് ഡൗണ്‍ ഒരു 50 ഒക്കെ ആകുമ്പൊഴും നായകന്‍ തല്ല് വാങ്ങുന്നതേയുള്ളു....ഒരു 30 ഒക്കെ ആകുമ്പൊ തിരിചു തല്ലാന്‍ തുടങ്ങും, 20 അകുമ്പൊ ഗുണ്ടാത്തലവനുമായി മല്ലയുദ്ധം , ഒരു 5 ബാക്കിയുള്ളപ്പൊ അവനെയും തല്ലി തോല്പിച്ച് , ഒരു സെക്കന്‍ഡ് ബാക്കിയുള്ളപ്പൊ റോക്കറ്റില്‍ തൂങ്ങി കേറണം...അതല്ലേ അളിയാ ഹീറോയിസം



റോക്കറ്റ് യാത്ര കഴിഞ്ഞ് , പുതിയ ഗ്രഹത്തില്‍ ആരും കാണാതെ ഒരു കോണില്‍ ഇറങ്ങുന്നു , വന്നവര്‍ മൂന്നായി സ്പ്ലിറ്റ് ചെയ്യുന്നു . നായകന്‍ ഒറ്റക്ക് നായികയെ അന്വേഷിച്ചു പോകുന്നു , നായകന്റെ രണ്ട് ശിങ്കിടി തമാശക്കാര്‍ ( ഇവര്‍ കഥയില്‍ ഇപ്പൊ വന്നതേയുള്ളെങ്കില്‍ സിനിമയില്‍ ഉടനീളം ഉണ്ടാകണം ) , നായകന്റെ അമ്മയും ശാസ്ത്രജ്ഞനും വില്ലനു തട്ടി കൊണ്ട് പോകാന്‍ പാകത്തിന്‌ റോക്കറ്റില്‍ തന്നെ ഇരിക്കുന്നു....നായകന്‍ നായികയെ കണ്ട് പിടിച്ച് രക്ഷിച്ചു  കൊണ്ട് വരുമ്പൊ വില്ലന്‍ അമ്മയേയും ശാസ്ത്രജ്ഞനെയും പിടിച്ച് കെട്ടി കൊല്ലും എന്നു ഭീഷണി പെടുത്തുന്നു, നായകനു നായികയെ വിട്ട് കൊടുക്കേണ്ടി വരുന്നു - 3 പേരേ കൊല്ലാന്‍ വിടുന്നതിനേക്കാള്‍ നല്ലതാണല്ലോ , 4 പേരേ കൊല്ലാന്‍ വിടുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്നൊക്കെ വികാരമില്ലാത്തവന്മാര്‍ പറയുമായിരിക്കും, മൈന്‍ഡ് ചെയ്യാന്‍ പാടില്ല. 4 ബന്ദികളെ മുന്‍‌നിര്‍ത്തി വില്ലനും സംഘവും നായകനെ തല്ലി ചതക്കുന്നു...*അനിയത്തി മരിച്ചപ്പൊ ഉള്ള ശോകഗാന തീം *

പെട്ടെന്ന് എവിടുന്നെന്നില്ലാതെ ഡാഡി പ്രത്യക്ഷപ്പെടുന്നു, ഈ ഇന്ത്യയിലെയും അമേരിക്കയിലേയും സമയം തമ്മില്‍ വ്യത്യാസം ഇല്ലേ അതു പോലെ ഈ കറുത്ത കുഴിയിലും സമയത്തിനു എന്തോ പ്രശ്നമുണ്ട് ഡാഡിക്ക് 20 വര്‍ഷം മുന്‍പുള്ള പ്രായമേ ഇപ്പോഴും ഉള്ളു, ഡാഡിയെ കണ്ട വില്ലന്‍  ഞെട്ടി തീരും മുന്‍പേ അമ്മയേയും നായികയേയും ശാസ്ത്രജ്ഞനേയും പിടിച്ച് വെച്ചിരിക്കുന്ന നാലഞ്ച് വില്ലന്മാരെ ഡാഡി ഒറ്റക്ക് തല്ലി തോല്പ്പിക്കുന്നു , ഈ സൂപ്പര്‍മാന്‍ ഭൂമിയും ശക്തിമാന്‍ ആകുന്ന പോലെ എന്തൊക്കെയോ ഫിസിക്സ് കാരണം കറുത്ത കുഴിയില്‍ വീണാല്‍ ശക്തി വരുമത്രേ. അമ്മയും നായികയും അനങ്ങാതെ കിടക്കുന്ന നായകന്റെ അടൂത്ത് നിന്ന് കരയുന്നു, ഡാഡിയും തമാശക്കാരും വില്ലന്മാരെ നേരിടുന്നു. ഡാഡിയെ ഒടുക്കം ഒരു 200-250 ചേര്‍ന്ന് പിടിച്ച് വെക്കുന്നു. ഒരു തമാശക്കാരന്‍ ചാകുന്നു എല്ലാം ശോകം

അമ്മയേയും നായികയേയും ഒരു ഗുണ്ട തലമുടിക്ക് പിടിച്ച് വലിക്കാന്‍ ശ്രമിക്കുന്നു, പക്ഷെ പെട്ടെന്നൊരു കൈ കാലില്‍ പിടിച്ച് നിര്‍ത്തുന്നു, നായകന്‍ ചത്തിട്ടില്ല അവന്‍ ഉണര്‍ന്നു, നായകന്‍ ഉണര്‍ന്ന ആവേശത്തില്‍ ഡാഡിയും ഉണര്‍ന്ന്...പിന്നെ പൊരിഞ്ഞ തല്ല്, 300-400 ഗുണ്ടകളെ മൊത്തം തല്ലി തോല്പ്പിച്ച ശേഷം, കണക്കുകള്‍ എണ്ണി എണ്ണി പറഞ്ഞ് ഡാഡിയും നായകനും കൂടെ വില്ലനെ തല്ലി അങ്ങ് കൊല്ലുന്നു...

അവിടുള്ള കെട്ടിടങ്ങളിലൊക്കെ പോയി അവിടെ വില്ലന്‍ തടവില്‍ ഇട്ട എല്ലാവരെയും രക്ഷിക്കുമ്പോ ശാസ്ത്രജ്ഞ അവിടെ ഉണ്ട് , കറുത്ത കുഴിയില്‍ വീഴാത്തതല്ലേ ഉച്ചിയില്‍ രണ്ട് സ്ട്രീക് നര ആകാം. ഇപ്പോ എല്ലാം  ശുഭം-അപ്പൊ ചത്ത് പോയ തമാശക്കാരന്‍ എന്ന് ചോദ്യം ഇല്ല അവന്‍ ചത്താല്‍ അവന്റെ വീട്ട്കാര്‍ക്ക് പോയി ഹല്ല പിന്നെ .

അവസാനം എഴുതി കാണിക്കുന്നതിനിടെ നായകനും നായികയും കല്ല്യാണം കഴിക്കുന്നതും , ഡാഡിയും ശാസ്തജ്ഞനും ശാസ്ത്രജ്ഞയും പഴയ കഥകള്‍ പറയുന്നതും , നായകനും , ഡാഡിയും അമ്മയും അനിയത്തിയുടെ ഫോട്ടോക്ക് മുന്നില്‍ നമിക്കുന്നതും...വേണേങ്കില്‍ ഭൂമിയില്‍ നിന്ന് പുതിയ ഗ്രഹത്തിലേക്ക് കൂടുതല്‍ പേര്‍ വന്ന് അതൊരു ഹരിത സ്വര്‍ഗ തമിഴ്നാട് ആകുന്നതും കാണിക്കാവുന്നതേയുള്ളു

പിന്നെ കയ്യില്‍ കുറേ കാശ് ഉണ്ടെങ്കില്‍ ഇതും ആകാം








അണ്ഡകടാഹം പോസ്റ്റര്‍ ഡിസൈന്‍ : രാഹുല്‍ രാഘവന്‍ ;

ബാക്കി ചിത്രങ്ങൾ  ഇന്റര്‍നെറ്റ്







Saturday 19 September 2015

ഞാന്‍ ചത്ത് പോകുമോ ഡോക്ടര്‍ : ഒരു ആശുപത്രി സത്യകഥ



ഒരിക്കൽ രാജുമോൻ ഗൂഗിളിനോട് ചോദിച്ചു.

Alcohol and Neck Pain
Passive Smoking and Neck Pain
No Exercise and Neck Pain
Neck Pain and Terminal Cancer 
Neck Pain and AIDS
Neck Pain and Death

പിന്നെ ഏറ്റവും പ്രധാനമായത്.





ഖുർആനിൽ പറഞ്ഞിട്ടുണ്ടത്രേ  നട്ടെല്ലിൽ നിന്നാണ് ബീജം ഉണ്ടാകുന്നത് , കഴുത്തും നടുവും അടുത്തടുത്ത ഭാഗങ്ങൾ  ആയ കൊണ്ട് കഴുത്തിന്റെ ക്ഷതം നട്ടെല്ലിന്റെ ക്ഷതം ആകാം എന്നും അത് അവസാനം പിക്കപ്പ് പോയേക്കാം എന്നും പറയുന്ന ഒരു 8-10 സൈറ്റ് കണ്ടു . അല്ലേലും ഈ മതഗ്രന്ഥങ്ങളൊന്നും ശരിയല്ല . പക്ഷെ അവശ്യപ്രവർത്തികൾ ആയ കൊണ്ട് ചെറിയ ഭയം ഇല്ലാതെയും ഇല്ല ഇതെങ്ങാൻ ശരിയായാൽ  ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ . ഗൂഗിൾ  ചെയ്യണ്ടായിരുന്നു വെറുതെ പേടിക്കാൻ  .

രാജുമോന് പിടലിവേദനയാണ് , അസഹനീയമായ വേദനയാണ്, 1-2 ആഴ്ചയായി വേദനയാണ് മാറാത്ത വേദനയാണ് (പിന്നേ  മാറിയെങ്കിൽ ഗൂഗിൾ  ചെയ്യില്ലല്ലോ). ആദ്യത്തെ കുറെ ദിവസം മൈൻഡ് ആക്കീല്ല പിന്നത്തെ കുറെ ദിവസം ടൈഗർ ബാം പുരട്ടി നോക്കി രക്ഷയില്ല . ഹോസ്പിറ്റലിൽ പോകേണ്ടി വരും . അവിടെ കുറെ ടെസ്റ്റ്‌ ഒക്കെ എടുക്കേണ്ടി വരുമല്ലോ . ടെസ്റ്റിനു നന്നായി പഠിച്ചിട്ട്  പോകണമെന്ന് ആമ്മ പറഞ്ഞത് കേൾക്കാത്ത  കൊണ്ടാ ബീടെക്ക്  നന്നാവാതെ പോയത്  അത് കൊണ്ട് ഈ ടെസ്റ്റുകൾക്ക്  ഗൂഗിൾ  നോക്കി നന്നായി  പഠിച്ചു . അതാണ് ദോ മോളിൽ കണ്ടത് .

വീടിനടുത്ത്  പണ്ട് സർക്കാർ  സർവീസിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ ഉണ്ട്  , അവിടെ പോയി നോക്കാൻ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞതാ പക്ഷെ  നമ്മൾ ന്യൂ  ജനജനറേഷൻ കണ്ട  ഓൾഡ്‌ ചേച്ചിമാർ പറയുന്നത് എന്തിന് കേൾക്കണം വല്ല നിരുപമ രാജീവ് ആയിരുന്നേൽ പിന്നെയും ഇത് പഴയൊരു ഉണ്ണിമായ .  സർക്കാർ  ആശുപത്രി  ഒരെണ്ണം ഉണ്ട് വേണ്ട സാമൂഹിക പ്രതിബദ്ധതയുള്ള നല്ല മിഡിൽ ക്ലാസ് എന്ന നിലയിൽ രാജുമോൻ സർക്കാർ  ആശുപത്രിയുടെ സേവനം ലോ ക്ലാസ്സിനു വിട്ട് കൊടുത്തു .  കഴുത്ത് വേദനയിൽ തുടങ്ങി പിക്കപ്പില്ലയ്മയിൽ അവസാനിക്കുന്ന പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ട് എല്ലാ സ്പെഷ്യാലിറ്റിയും ഉള്ള ഹോസ്പിറ്റലിൽ തന്നെ പോകാം . രോഗി അല്ലേ ഓട്ടോയോ ടാക്സിയോ വിളിച്ച് പോകാം . ഓട്ടോ മതി ഫേസ്ബുക്കിൽ ടാസ്കി എന്ന പറയാം . ഓട്ടോയിൽ ഇരുന്ന് അടുത്ത സുഹൃത്തിനെ വിളിച്ചു.

"അളിയാ ഞാൻ ഒന്ന് ഹോസ്പ്പിറ്റലിൽ പോകുവാണ്. "

"അതിന്"

"അല്ല ഞാൻ പറഞ്ഞെന്നേ  ഉള്ളു , അഡ്മിറ്റ്‌ വല്ലതും ആകേണ്ടി വന്നാൽ  നീയൊന്ന്  വരണം "

"എന്താ രോഗം സീരിയസ് ആണോ ഞാൻ ഇപ്പൊ വരണോ "

"രോഗം പിടലി വേദന "

"അതിനാണോ അഡ്മിറ്റ്‌ ആകുന്നത്  പോടാ ചെക്കാ  , പിടലിക്ക് മുകളിലുള്ള തല വേദനിച്ചിട്ട് അഡ്മിറ്റ്‌ ആകുന്നില്ല അപ്പഴാ അവന്റെ പിടലി വേദന വല്ല തൈലം തേച്ച് മിണ്ടാതിരുന്നോ "

"അത്മാർത്ഥത സ്നേഹം ഒന്നും ഇല്ലാത്ത പന്നി, നിനക്കും വരുമെടാ രോഗം ഞാൻ തിരിഞ്ഞ് നോക്കില്ല "

"വേണ്ട , നീ എന്തായാലും അഡ്മിറ്റ്‌ ആയാൽ വിളിക്ക് , വീട്ടിൽ  ആരും തിന്നാനില്ലാതെ ഒരു കിലോ ഓറഞ്ച്  ഇരിക്കുന്നു, ചീയും മുന്നേ നിനക്ക് തരാം "

"പോടാ പട്ടി"

രാജുമോൻ  ഫോണ്‍ നിലത്തടിച്ച് കട്ട് ചെയ്തു...ലാൻഡ്ഫോണ്‍ ആയിരുന്നേൽ കട്ട് ആയേനെ മൊബൈൽ ആയോണ്ട് പീസ്‌ ആയി പീസ്‌ പീസ്‌ . ഫോണിന്റെ അവയവങ്ങൾ വാരി തുന്നി കൂട്ടുമ്പോ ഓട്ടോക്കാരൻ.

"സാറിനു നടുവ് വേദനയാണോ"

"അല്ല പിടലി "

"സാർ കാറിൽ പോയാൽ  മതിയാരുന്നു"

"കാശില്ലാത്തോണ്ടല്ലേ ചേട്ടാ , പിന്നെ ചേട്ടനും പത്ത് കാശ് കിട്ടട്ടെന്ന്  വെച്ച്"

"ആ നല്ല മനുഷ്യര്ക്ക് കാലം മോശമാണു സാറേ, ഈ പിടലി വേദനയൊന്നും ഇപ്പൊ ചില്ലറ രോഗമല്ല, സൂക്ഷിച്ചാൽ സാറിനു കൊള്ളാം "

"എങ്കിൽ ചേട്ടൻ വണ്ടി ഒതുക്ക് ഞാൻ ടാക്സി വിളിച്ച് പോകാം "

"അല്ല ....ഹത് വേണ്ട ഞാൻ തന്നെ വിടാം ,എന്റത്രയും സ്നേഹം ടാക്സിക്കാർക്ക് കാണില്ല , സാറിനു ഈ അവസ്ഥയിൽ ആവശ്യം തോനെ സ്നേഹം ആണ് "

പിന്നെ ആശുപത്രി എത്തുന്ന വരെ ഓട്ടോ ചേട്ടൻ രാജുമോനെ ആശ്വസിപ്പിച്ചു . ഒരു 10 മിനിട്ടിൽ സ്ഥലം എത്തി. രാജുമോന് മോൻ നോക്കി നിൽക്കെ ഒരുപാട് നിലകളുള്ള ഭീകര കെട്ടിടമായി ആശുപത്രി . മീറ്ററിൽ  73  ആയെങ്കിലും 80 കൊടുത്തു രാജുമോൻ.

"ഇത്രേം സ്നേഹത്തിന് 7 രൂപയാണോ സാർ വില"

"അപ്പൊ സ്നേഹം ഫ്രീ അല്ലായിരുന്നോ  "

"ഒരു 100 താ സാറേ "

"പോടേ പോടേ , നിന്റെ സ്നേഹം നീ തന്നെ വെച്ചോ...അതൊരു ഉമ്മയായി തന്നാൽ മതിയോ"

" നീ കഴുത്തൊടിഞ്ഞ് ചാകുമെടാ പന്നീ"  അങ്ങേര് പോയി

" ഉമ്മ വേണ്ടേ "

"ഊം....." അത്രേ കേട്ടുള്ളു  ഓട്ടോക്കൊക്കെ എന്താ ശബ്ദം


ഹോസ്പിറ്റലിലേക്ക് പയ്യെ നടന്ന് ഇടത് വശത്തൊരു നാഷണലൈസ്ഡ് ബാങ്കിന്റെ എ ടി എം, ഇടത് വശത്ത് ഒരു മുഴുവൻ പ്രൈവറ്റ് ബാങ്ക് . കുറച്ചൂടെ മുന്നില് സ്വര്ണ്ണം പണയത്തിനെടുക്കുന്ന ഒരു പാലാക്കാരന്റെ ചിട്ടി കമ്പനി . സ്റ്റോക് എക്സ്‌ചേഞ്ചും കമ്മട്ടവും കൂടെ വെക്കാമായിരുന്നു . വാതിൽക്കൽ  എത്തിയപ്പോ ഒരു  ആമ്പുലൻസ്  വന്ന നിന്ന് ഒരു ഡെഡ് ബോഡി കയറ്റുന്നു , പരിചയമുള്ള ആളാണോന്ന് ഒന്ന് നോക്കിയതാ; ചത്തവന്റെ കൂടെ കരയുന്ന ഒരു പെണ്ണുംപിള്ളയുടെ കയ്യിൽ  നമ്മുടെ എ കേ ആന്റണിയും  മീശമാധവനിൽ കൊച്ചിൻ ഹനീഫയുമൊക്കെ കഴുത്തിൽ ഇടുന്ന കേട്ട് ....പിടലിവേദന വന്ന്  ചത്തവനാണല്ലോ ഭഗവാനേ കണി , ഇതൊരു ശകുനം ആണോ ആവോ...അവിടെ ചാരി നിന്ന സെക്യൂരിടി

"സാറിന്റെ ടൈം തന്നെ ശവമാണ്  കണി "

"ഈ ബോഡി ഒക്കെ ഇങ്ങനെ മുന്നിലൂടെ കൊണ്ട് പോയാൽ ആരേലും ഇവിടെ വരുമോ  "

"സാധാരണ പുറകിലൂടെ ആണ് ഇതിപ്പോ ഡ്രൈവറിനു അബദ്ധം പറ്റിയതാ , അത് കൊണ്ട് സാറിനു കണി ആകാൻ പറ്റി "

"പക്ഷെ അതിനു ചേട്ടൻ ഇവിടെ അല്ലെങ്കിലും ഉണ്ടല്ലോ "

ഓട്ടോക്കാരൻ പറഞ്ഞ പോലൊരു വാക്ക് സെക്യൂരിറ്റിയും പറഞ്ഞു , രാജുമോൻ  അതും മൊത്തം കേട്ടില്ല. ആമ്പുലൻസിനോക്കെ എന്താ നിലവിളി ശബ്ദം. അകത്ത് കേറിയപ്പോ നല്ല തിരക്കുണ്ട് . ആദ്യം കണ്ട ചേച്ചിയോട് ചോദിച്ചു OP എവിടാ

" ആ മഷീനിൽ കുത്തി ആദ്യം ടോക്കണ്‍  എടുക്കണം "

ഒരു കുത്തിന്റെ കാര്യമല്ലേ ഉള്ളു  ടോക്കണ്‍ എടുത്തു .അപ്പോഴേക്കും അടുത്ത പഞ്ചായത്തിൽ എത്തിയ ചേച്ചിയെ ഓടിച്ച് പിടിച്ചു.

"ഇതെവിടെതെളിയും "

" എങ്ങുംതെളിയില്ല, മഷീൻ കേടാ, "

"അപ്പൊ വിളിക്കുമോ "

"ഇല്ല സ്പീക്കർ കേടാ , ആ ക്യൂവിൽ പോയി നിന്നാൽ മതി  "

"ക്യൂ നിക്കണെങ്കിൽ ഇതെന്തിനാ എടുത്തേ"

"അതോര് നിയമം ആകുമ്പോ പാലിക്കണ്ടേ "

രാജുമോൻ സ്ത്രീകളെ ഉപദ്രവിക്കാത്തത് അവളുടെ ഭാഗ്യം , എവിടെലും പോയി ജീവിച്ചോട്ടെ.

രാജുമോൻ   ടോക്കണ്‍  എടുക്കാൻ പോയപ്പോ വന്ന ഒരു 8-10 പേരുടെ പുറകിൽ  ക്യൂവിൽ കേറിയിരുന്നു ,  മണ്ടത്തരം പറ്റിയിട്ട്  പറ്റി എന്ന് പറഞ്ഞിട്ട്  കാര്യമിലല്ല്ലോ . കൌണ്ടറിൽ നിന്ന് ടോക്കണ്‍ എടുത്ത് കാശ് കൊടുത്തു ഓർത്ത് പിടിച്ച് ഓർതോപീഡിക് ഡോക്ടറിന്റെറൂമിൽ എത്തി . Dr. S  Roy , ഇനി നിർണയത്തിലെ ലങ്ങേരാണോ , എന്തായാലും  നസ്രാണി ആണ്.. നൈസ് ഇയാള് മതി , കല്ല്യാണം കഴിച്ചിട്ടില്ലെങ്കിൽ മേരിമ്മാമ്മയുടെ മോൾ കിറ്റിക്ക്  ആലോചിക്കാം .ഓർത്തഡോക്സ് ആയാൽ  മതിയാരുന്നു . നഴ്സ് മോശമല്ല, പക്ഷെ നമ്മളെ മൈൻഡ് ആക്കുന്നില്ല . അവളാരാന്നാ അവളുടെ വിചാരം , ഹും . കുറെ നേരം അഭ്യാസം ഒക്കെ കാണിച്ചപ്പൊ അവളൊന്ന് നോക്കി എന്നിട്ട് പറഞ്ഞു

"ങ്ഹാ ഇനി രാജുമോൻ  "

പതുകെ അകത്തേക്ക് പോകുമ്പോ പുറത്ത് നിന്ന് കേട്ട അശരീരി

"സിസ്റ്റർ  എന്തോ തെറ്റുണ്ട് , ഞങ്ങളെല്ലാം അയാളേക്കാൾ മുന്പ് വന്നതാ "

" അറിയാം ചേട്ടാ , ആ കോഴി പോട്ടെ , ഒരു പെങ്ങളുടെ അപേക്ഷ  ആയി കാണണം"

അവരുടെ  തര്ക്കം അവിടെങ്ങും തീർന്നില്ലെങ്കിലും  രാജുമോൻ  ശ്രദ്ധിച്ചില്ല , ടോക്കണ്‍  എടുത്തതിന്റെ ക്ഷീണം തീർന്നതാണെന്ന് വെച്ചാൽ  മതിയെന്ന് ആസ്വസിച്ച് അകത്ത് കേറി പോയി .അകത്ത് ഒരാളേ ഉള്ളു കോട്ടും സ്റെത്തും ഒക്കെ ഉണ്ട് എന്നാലും രാജുമോൻ ചോദിച്ചു

" ഡോ  എസ്  റോയ് "

"യെസ്  സൗരഭ് റോയ് "

അപ്പൊ നസ്രാണി അല്ല വങ്കൻ ആണ് , ഈ പണിയും ഇപ്പൊ ഇവന്മാരാണോ . പക്ഷെ ഓർത്തഡോക്സ് ആണ് നല്ല യാഥാസ്ഥിതിക ബ്രാഹ്മണ ലക്ഷണം ഒക്കെ ഉണ്ട് . വങ്കന്മാർക്ക്  ബുദ്ധി ഇല്ലെങ്കിലും നല്ല ആത്മാർഥത ഉണ്ടാകുമായിരിക്കും.

പ്രശനം പറഞ്ഞു , മലയാളം കേട്ടാൽ മനസിലാകും എന്ന് പറഞ്ഞെങ്കിലും അത്രയ്ക്ക് വിശ്വാസം പോര . പുള്ളി ഇങ്ങോട്ട് പറഞ്ഞ ഇംഗ്ലീഷ് എന്തായാലും രാജുമോന് മനസിലായില്ല. പിന്നെ പുള്ളി ആംഗ്യം കാണിച്ച പോലെ എന്തൊക്കെയോ കോപ്രായങ്ങൾ രാജുമോനും കാണിച്ചു തല മേലോട്ടും കീഴോട്ടും കറക്കി . അയാളുടെ വിചാരം അയാള് ബോയിങ്ങ്  ബോയിങ്ങിലെ മോഹൻലാലും  ഞാൻ കോഴിയും ആണെന്നായിരിക്കും .








പിന്നെ അങ്ങേരു രാജുമോന്റെ തല പിടിച്ച് ഇടത്തോട്ടും വലത്തോട്ടും പിരിക്കാൻ തുടങ്ങി തല കഴുത്തിൽ നിന്ന് പറിച്ചെടുക്കാൻ ആണെന്ന്  തോന്നുന്നു . എന്നിട്ട് കുറെ നേരം കമ്പ്യൂട്ടറിൽ  കുത്തി . സ്ക്രീൻ കാണാത്ത കൊണ്ട് എന്താ ചെയ്തെ എന്ന് ഉറപ്പില്ല ഗൂഗിൾ  ആയിരിക്കും . എന്നിട്ട് ഒരു തുണ്ട് കടലാസെടുത്ത് എന്തൊക്കെയോ കുത്തി കുറിച്ചു ഇംഗ്ലീഷിൽ എന്തോ പറഞ്ഞു , രാജുമോന് മനസിലായ പ്രസക്ത ഭാഗങ്ങൾ

Bull Shit , Oreo, Water Scooter , Strain , Ronaldo , X-Ray ,Golden Gate Bridge

ആ വാക്കൊക്കെ ഓർത്ത്  വെക്കാം ഏതേലും മെഡിക്കൽ സ്റ്റോറിൽ  ചോദിച്ച് എന്താ രോഗമെന്ന് അറിയാമല്ലോ  . അവസാനം എന്തോ പറഞ്ഞിട്ട്  കുറിപ്പടി തന്നു, അതും വാങ്ങി ഷേക്ക് ഹാൻഡ് കൊടുത്ത് ഇറങ്ങാം  എന്ന് വെച്ചതാ അങ്ങേർ പുറകിൽ നിന്ന് വിളിച്ചിട്ട് ഒരു കുറിപ്പടി കൂടെ തന്നു

Blood Test

Chemical X
Chemical Y


ബ്ലഡ് എടുക്കാൻ സൂചി കണ്ടാൽ യൂറിൻ  പോകുന്നതാണ് രാജുമോന്റെ ചരിത്രം, എന്നാലും എഴുതിയതല്ലേ . ഈ X, Y എന്ന്  വെച്ചാൽ  ക്രോമസോമോ  ജീനോ   എന്തോ അല്ലേ, ഇങ്ങേരും ഞാൻ വായിച്ച ഇസ്ലാമിക് മെഡിസിൻ വായിച്ച് കാണും. മൂത്രം പോയാലും സാരമില്ല ജീവിതകാലം മുഴുവൻ മൂത്രം ഒഴിക്കാൻ മാത്രം പറ്റുന്നതിലും നല്ലതല്ലേ. ബ്ലഡ് ടെസ്റ്റ്‌ ചെയ്ത് കളയാം . കാശൊക്കെ എടുത്ത് ലാബിൽ ചെന്നപ്പോ അതിനും ക്യൂ, അതും കഴിഞ്ഞ് മുന്നിലെത്തി ബ്ലഡ് കൊടുത്തു. കയ്യുടെ മടക്കിൽ കൊഴുപ്പടിഞ്ഞു ഞരമ്പ് പോയിട്ട് എല്ല്  തന്നെ ഇല്ലെന്ന്  കണ്ട ലാബിലെ ചേച്ചി ,കൈപ്പത്തിയുടെ പുറകു വശത്ത് നിന്ന് ബ്ലഡ് എടുത്തു ഒരു ബാന്റ് എയിഡ് ഒട്ടിച്ച് വിട്ടു. രക്തമെടുത്തപ്പൊ മൂത്രം പോകാത്ത കൊണ്ടും , ബാക്കിയുള്ളവർക്കില്ലാത്തിടത്ത് മുറിവ്  വന്നത് കൊണ്ടും രാജുമോന് അതൊരു യുദ്ധത്തിൽ പറ്റിയ മുറിവ് പോലത്തെ അഭിമാനം തോന്നി . പുതിയ വാച്ച് 10 ആളെ കാണിക്കാൻ മൂക്ക് ചൊറിയും  പോലെ മൂന്ന് നാല് വട്ടം രാജുമോൻ  മൂക്ക് ചൊറിഞ്ഞു. ടെസ്റ്റ്‌ റിസൾടിനു വെയിറ്റ് ചെയ്യുന്ന സമയം ബിരിയാണി കഴിച്ചേക്കാം.


രണ്ട് ബിരിയാണിക്കും ഒരു ചിക്കന് റോസ്റ്റിനും ശേഷം രാജുമോൻ  റിസൾട്ട്‌  കൌണ്ടറിൽ  ചെന്നപ്പോ അവിടൊരു ചെറിയ ആൾക്കൂട്ടം, റിസൾട്ട്‌ ഒക്കെ ഇപ്പൊ കമ്പ്യൂട്ടറിൽ  ആണത്രെ ;ആ കമ്പ്യൂട്ടർ ഓടുന്നില്ല നെറ്റ്‌വർക്ക് മൊത്തം ഡൌണ്‍ ആണെന്ന്.

കൌണ്ടർ ചേച്ചി : ഇപ്പൊ ശരിയാക്കി തരാം

റിസൾട്ട്‌ വാങ്ങാൻ നിന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയർ : അത് ഹാർഡ്‌വെയർ  ഇഷ്യു ആണ് 

ഇലക്ട്രോണിക്സ് എഞ്ചിനിയർ : സോഫ്റ്റ്‌വെയർ പ്രശ്നംആണ്

ഇലക്ട്രിക്കൽ എഞ്ചിനിയർ : ജനറേറ്റർ  എങ്ങാനും ആയിരുന്നേൽ ഞാൻ ശരിയാക്കിയേനെ

മെക്കാനിക്കൽ എഞ്ചിനിയർ : റോയൽ മെക്ക്സ് ഈ ചീളു കേസിലൊന്നും ഇടപെടില്ല

രാജുമോൻ : ഹു ഹു ഹു ഹു

എല്ലാവരും രാജുമോനെ ഒന്ന് നോക്കി

രാജുമോൻ : വാട്സാപ്പിൽ തമാശ വായിച്ചതാ , യൂ ഗയ്സ് ക്യാരി ഓണ്‍.

കൌണ്ടർ ചേച്ചി : ഇപ്പൊ ശരിയാക്കി തരാം


കഴിക്കാൻ പോയ ഡോക്ടർ ഇനി നാല് മണിക്കേ വരൂ എന്ന ഉറപ്പുള്ള കൊണ്ടും രാജുമോൻ  മാത്രം ബഹളമുണ്ടാക്കാതെ ഒരു മൂലക്കു നിന്ന് മൊബൈൽ നോക്കി ചിരിച്ചു കൊണ്ടിരുന്നു . തർക്കം  കയ്യാങ്കളിയിൽ എത്തുമെന്ന് മനസിലായപ്പോ കൌണ്ടർ ചേച്ചി അകത്തേക്ക് ഓടി . ഒരു  മിനിറ്റ് കഴിഞ്ഞ് കാണും   മഞ്ഞ സാരി ഉടുത്ത സുന്ദരിയായ  സ്ത്രീ  ഓടി വന്ന്  രാജുമോനോട് 

"സാർ ക്ഷമിക്കണം , ഇപ്പൊ ശരിയാക്കി തരാം " 

എന്ന് പറഞ്ഞ്  വന്ന വഴിക്ക് ഓടി . ഒരു മിനിറ്റ് കഴിഞ്ഞ് കൌണ്ടർ ചേച്ചി വീണ്ടും പ്രത്യക്ഷപ്പെട്ട്  ദേഷ്യത്തിൽ 

"നമ്മുടെ മെക്കിട്ട് കേറാൻ എല്ലാവർക്കും  അറിയാം, ഉത്തരവാദിത്തപ്പെട്ടവർ വന്നാൽ ആർക്കും  വായിൽ നാക്കില്ല " 

അപ്പൊ കൂട്ടത്തിൽ സൈക്കിൾ ചെയിൻ  ഒക്കെ കയ്യിലെടുത്ത ഒരു ചേട്ടൻ 

"ആര് വന്നു ആരും വന്നില്ല ഞങ്ങൾ ആരെയും കണ്ടില്ല"

"ഇപ്പൊ മഞ്ഞ സാരി ഉടുത്ത് വന്ന മാഡം "

മഞ്ഞ സാരി എന്ന കേട്ട രാജുമോൻ  തലപൊക്കി നോക്കി 

"ഞാൻ കണ്ട് ഞാൻ മാത്രേ കണ്ടുള്ളൂ  , എന്നോട് പറഞ്ഞ്  ഇപ്പൊ ശരിയാകുമെന്നു "

കയ്യിൽ  വടിവാളുമായി നിന്ന മറ്റൊരു ചേട്ടൻ

" കൂട്ടത്തിലെ മക്കുണനോട് പറഞ്ഞതാകും "

പിന്നെ ആരൊക്കെയോ എന്തൊക്കെയോ രാജുമോനെ പറഞ്ഞു  രാജുമോൻ  ഒന്നും കേട്ടില്ല വാട്സപ്പ് ടോണിനോക്കെ  എന്താ ശബ്ദം .

അരമണിക്കൂർ കലാപവും ലാത്തി ചാർജും  ജലപീരങ്കിക്കും ഏറു കൊണ്ട പോലീസ്കാരെ  സർക്കാർ  ആശുപത്രിയിൽ തള്ളിയതിനും 1500 വാട്സപ്പ് മെസേജിനും ശേഷം എല്ലാവർക്കും  റിസൾട്ട്‌ കിട്ടി 


Chemical X

Result : 8 mg/dl 

Normal Value : 2-7 mg/dl

Chemical Y 

Result : 5 mg/dl 

Normal Value 6-8 mg/dl


ഇപ്പൊ ഒരു ക്ലീഷേക്ക് സ്കോപ്പുണ്ടല്ലേ  പറഞ്ഞേക്കാം ;  പകച്ച് പോയി രാജുമോന്റെ ബാല്യം ഇതിനു മുൻപ് പകച്ച് പോയത് ഒരു കള്ളക്കടത്ത്കാരനോട്  " ആരുവാ  തന്റെ തന്ത"  എന്ന് ചോദിച്ചപ്പൊഴാ . Y കുറവുള്ളത്  കൂടുതലുള്ള  X വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ വകുപ്പുണ്ടായിരുന്നാൽ മതിയാരുന്നു . ഡോക്ടറിനെ കണ്ട് പുള്ളി റിസൾട്ടിലും  രാജുമോന്റെ മുഖത്തും മാറി  മാറി  നോക്കി കണ്ണുനീർ  വാർത്തു .

"കുട്ടികളുണ്ടാകില്ലേ ഡോക്ടർ "
" യെസ് യെസ്  കിഡ്സ്‌ നോ പ്രോബ്ലം "

പിന്നെയും കുറെ നേരം ഇംഗ്ലീഷ് പറഞ്ഞു

Britain , Capitalism , Cabbage , Novel , Bankrupt, Windows Media Player

രാജുമോൻ  മെഡിക്കൽ സ്റ്റോറിൽ  ചോദിക്കേണ്ട വാക്കുകളുടെ കൂട്ടത്തിൽ ഇതും കുറിച്ച് വെച്ചു ഈ പുല്ലൻ കരഞ്ഞതിന്റെ കാരണം അറിയണമല്ലോ മനുഷ്യനെ ടെൻഷൻ ആക്കാൻ . പുള്ളി പിന്നെയും കുറെ കുറിപ്പടി എഴുതി രാജുമോന് കൊടുത്ത് , പിന്നെ ഡയറ്റീഷ്യൻ ഡയറ്റീഷ്യൻ എന്ന്  രണ്ട് തവണ പറഞ്ഞത് ഡയറ്റീഷ്യനെ കാണാൻ ആണെന്ന് ഊഹിച്ചു  . നഴ്സിനോട് വഴി ചോദിച്ച് ഡയറ്റീഷ്യന്റെ ക്യാബിൻ എത്തിയപ്പോ ലോക്ക്ഡ്.  റിസപ്ഷനിൽ അന്വേഷിച്ചപ്പൊ റൌണ്ട്സ്  ആണത്രെ ആയിക്കോട്ടെ വെയിറ്റ് ചെയ്യാം .

Department of Nutrition 

എന്നെഴുതിയ റൂമിന് മുന്നില് രാജുമോൻ ഇരുന്നു ഒരു 2 മിനിറ്റ് ഉറങ്ങി കാണും സ്വപ്നത്തിലെ അശരീരി പോലൊരു വിളി 

"രാജുമോനല്ലേ "

വിളി കേട്ട് നിന്നപ്പോ സ്വപ്നത്തിൽ ഓടിച്ചോണ്ടിരുന്ന പാമ്പ്‌ രാജുമോനെ കടിച്ച് സ്വപ്നത്തിൽ മരിച്ച് രാജുമോൻ  യഥാർത്ഥ്യത്തിൽ ഉണർന്നു. ക്ലോസപ്പിൽ ഒരു പരിചയമുള്ള മുഖം പക്ഷെ ആളെ മനസിലാകുന്നില്ല ഒന്നും പിടികിട്ടുന്നില്ല ഇനി ഇതും സ്വപ്നം.

"ഞാൻ ടീച്ചർ സ്കൂളിലെ ഓർമയില്ലേ "

ഓർമയില്ല  എന്ന്  പറഞ്ഞാൽ സീൻ ആകുമോ , സത്യത്തിൽ ഓർമയില്ല ; പറയണ്ട 

" പിന്നെ ഓർമയുണ്ട്, അറിവിന്റെ ആദ്യാക്ഷരം പഠിപ്പിച്ചവരെ  മറക്കാൻ പറ്റുമോ "

"നിങ്ങളൊക്കെ ഓർക്കുന്നതാ  ഒരു ടീച്ചറിന്റെ വിജയം "

"യെസ് യെസ് മോസ്റ്റ് ഡഫ്‌നിറ്റ്ലി , ടീച്ചറെന്താ  ഇവിടെ "

"ഞാൻ മോളുടെ കൂടെ വന്നതാ , രാജുമോൻ  എന്താ ഇവിടെ , ഭാര്യ എവിടെ "

" ഏത് ഭാര്യ, ഞാൻ കല്ല്യാണം കഴിച്ചിട്ടില്ല "

"പിന്നെ ഗേൾ ഫ്രണ്ട് ആണോ , മടിക്കാതെ പറഞ്ഞോ ഞാൻ നല്ല പുരോഗമന മനോഭാവം ഉള്ള ആളാ" 

"ഏയ്‌ അല്ല , ഞാൻ എന്റെ ഒരു ആവശ്യത്തിനു വന്നതാ "

"ഇവിടെയോ "

അപ്പൊ ടീച്ചറിന്റെ  മോളെ അകത്തേക്ക് വിളിച്ച് , ടീച്ചർ  സംസാരം നിർത്തി  അകത്ത് പോയി . ഒന്നും മനസിലാകാത്തിരുന്ന രാജുമോന് ചുറ്റും നോക്കിയപ്പൊ കാര്യം പിടികിട്ടി 

Room No 16 : Gynecologist 
Room No 17 : Consultant Gynecologist 
Room No 18 : Gynecology Surgeon 
Room No 19 : Department of Nutrition 
Room No 20 : Senior Gynecologist 
Room No 21 : Head of the Department (Gynecology )
Room No 22 : Principal Gynecologist 

Department of Nutrition ആണെങ്കിൽ  പൂട്ടി ഇട്ടിരിക്കുന്നു ഇനി എനിക്കെങ്ങാൻ ഗർഭം ആണെന്ന് വിചാരിച്ച് കാണുമോ അതിനുള്ള വയറൊക്കെ ഉണ്ട് , സത്യത്തിൽ അതിലും കൂടുതൽ വയറുണ്ട് രാജുമോൻ മനസ്സിൽ വിചാരിച്ചു . ഒന്ന് കൂടെ പോയി ചോദിച്ച് റിസപ്ഷനിൽ Room No 19 തന്നല്ലേ ഡയറ്റീഷ്യൻ , അവിടെ ഇരുന്നാൽ മതിയെന്ന് ആ ചേച്ചിയും പറഞ്ഞു . തിരിച്ച് ചെന്ന് നോക്കിയപ്പോ എല്ലാ കസേരയിലും ഗർഭിണികൾ ഭർത്താക്കന്മാർ അമ്മമാർ അമ്മായി അമ്മമാർ ഓടി കളിക്കുന്ന അനേകം കുട്ടികൾ . അത് വരെ എതോ ന്യൂസ് ചാനൽ ഓടിക്കൊണ്ടിരുന്ന ടി വിയിൽ ഏതോ സീരിയൽ ഓടുന്നു , പെണ്ണുങ്ങളെല്ലാം കുട്ടികളെയും മറ്റും നോക്കുമ്പൊ ആണുങ്ങളെല്ലാം കാര്യമായി സീരിയൽ കാണുന്നു സ്റ്റീരിയോടൈപ്പ് ശരിയാവത്തതിൽ മനം നൊന്ത് രാജുമോൻ  മനസ്സിൽ വിചാരിച്ചു ; പെണ്ണുങ്ങളെല്ലാം ഇന്നലെ കണ്ട് കാണും സീരിയൽ ,ആണുങ്ങൾ വേറെ പണിയില്ലാത്ത കൊണ്ട് നോക്കുന്നതാ. രാജുമോനും കുറെ നേരം സീരിയൽ കണ്ടു; കൊള്ളാം. നേരത്തെ കണ്ട  ന്യൂസിനെക്കാൾ  നിലവാരമുണ്ട് . അപ്പൊ പോയി - കറന്റ് : രംഗബോധമില്ലാത്ത കോമാളി തെണ്ടി . നല്ല ഫ്ലോയിൽ കണ്ട് വരുകയായിരുന്നു . അധികം താമസിക്കാതെ പക്ഷെ കറന്റ് വന്നു സീരിയൽ എന്തായോ എന്തോ എന്ന്  ആവേശത്തോടെ നോക്കിയപ്പൊ ടി വി ഓണ്‍ ആയപ്പോ ചാനൽ കേബിൾ ഓപ്പറേറ്ററുടെ  ഇൻഫോർമേഷൻ ചാനൽ അവിടെ ഊർമിള ഉണ്ണി വലം പിരിശംഖ് വിൽക്കുന്നു പിന്നൊരു പ്രകൃതി ചികിത്സക്കാരന്റെ പ്രസവ ശ്രുശ്രൂഷയും 

"ശശികല ,  ശശികല "  ഒരു നേഴ്സ് വിളിക്കുന്നു "ശശികല ഇല്ലേ "

കൂട്ടത്തിലൊരു ഗർഭിണി  ഉത്തരം പറഞ്ഞു

 "ശശികല പരസ്യം കണ്ട് പ്രകൃതി ചികിത്സക്ക് പോയി "

മൂത്ത നേഴ്സ് ഇളയ നേഴ്സിനോട്

"നിന്നോട് പലവട്ടം പരഞ്ഞിട്ടുണ്ട് ആ പരസ്യം ഇവിടെ ഓടിക്കരുതെന്ന് "

 മറ്റൊരു ഗർഭിണി പറഞ്ഞു 
 "സാരമില്ല കഴിഞ്ഞ തവണ പരസ്യം കണ്ട് ഞാനും പോയതാ , ശശികലയും തിരിച്ച് വരും "

"എന്നാൽ നിങ്ങൾക്കിത് അവരോട് പറഞ്ഞുകൂടായിരുന്നോ "

"അത് ആരും പറഞ്ഞാൽ വിശ്വസിക്കില്ല അനുഭവിച്ചാലേ പഠിക്കു "

ഇളയ നഴ്സ് ചാനൽ മാറ്റി . രാജുമോൻ  ഒരു തൂണിൽ ചാരി നിന്ന് പിന്നെയും സീരിയൽ കണ്ടു .വേറെ സീരിയൽ ആണെന്ന് തോന്നുന്നു ആളുകളൊക്കെ വേറെ ആണ്  , പക്ഷെ നേരത്തെ കണ്ടോണ്ടിരുന്ന  സീരിയൽ കൂടെ ചേർത്ത്  വായിച്ചാൽ കഥ മനസിലാകുന്നുണ്ട്. 

തോളത്താരോ തട്ടി വിളിച്ച് ടീച്ചർ  ആണെന്ന് കരുതി തിരിഞ്ഞപ്പോ വേറൊരു ചേച്ചി ഗർഭിണി  ആണോ ആവോ 

ചേച്ചി : അങ്ങോട്ട് നീങ്ങി നിൽക്ക് 

"എങ്ങോട്ട് "

"എങ്ങോട്ടെങ്കിലും , തൂണിൽ നിന്ന് മാറ്"

" മനസിലായില്ല " 

"ഞാൻ രോഗിയുടെ കൂടെ വന്നതാ കുറച്ച് നേരം ഞാൻ ചാരി നിക്കട്ടെ "

"ഞാൻ രോഗിയാ ഞാനാ ആദ്യം എത്തിയത് , യൂ ഫൈൻഡ് യുവർ ഓണ്‍ ട്രീ " 

അവരെ കണ്ടിട്ട് ഇംഗ്ലീഷ് ,  മൂവി റെഫെറൻസ് രണ്ടും മനസിലായില്ല എന്ന്  തോന്നുന്നു. പക്ഷെ അവരുടെ നോട്ടത്തിലും ചുറ്റുമുള്ളവരുടെ നോട്ടത്തിലുമുള്ള മലയാളം രാജുമോന് മനസിലായി ; സൈഡിലേക്ക് മാറി കൊടുത്തു . പക്ഷെ മനസിലെ ക്രോധം കരഞ്ഞു തീർക്കാൻ ശ്രമിച്ചു 

"പെണ്ണാളേ പെണ്ണാളേ 
കരിമീൻ കണ്ണാളേ കണ്ണാളേ 
കന്നിത്താമര 

പൂമോളേ ................"

ചേച്ചി : ഹെന്ത് 

രാജുമോൻ  : ഹോയ് ഹോയ് 

ചേച്ചി വീണ്ടും സീരിയൽ കാണാൻ തുടങ്ങി രാജുമോൻ  പിന്നേം പാട്ട് പാടി 

"പണ്ടൊരു മുക്കുവാൻ മുത്തിന്  പോയി 
പടിഞ്ഞാറൻ കാറ്റത്ത് മുങ്ങി പോയി 
അരയത്തിപ്പെണ്ണ്  

പെഴച്ച്പോയി ....."

കഴിഞ്ഞ തവണ ഒഴിവാക്കി വിട്ടെങ്കിലും ഇത്തവണ ചേച്ചിക്ക് ഇഷ്ടപെട്ടില്ല , ചേച്ചി കുറച്ച് അപ്പുറത്തേക്ക് നോക്കി വിളിച്ചു 

"ചേട്ടാ ഒന്നിങ്ങ് വരുമോ" 

രാജുമോൻ  ഒന്നൂടെ അങ്ങോട്ട് നോക്കി ഒരു ഗഢാഗഡിയൻ ഗുസ്തിക്കാരസിംഹം , ചേച്ചി തിരിഞ്ഞു നോക്കുമ്പോഴേക്കും രാജുമോൻ  സീൻ വിട്ടു റിസപ്ഷനിലേക്ക് ഓടി .

"ഡയറ്റീഷ്യൻ വരുമോ , എനിക്കിപ്പോ അറിയണം "

"റൌണ്ട്സ് കഴിഞ്ഞ് എത്തും സാർ"

"മനുഷ്യനെ ഊള ആക്കരുത് എവിടെ അവര്  വരൂല്ലെങ്കിൽ ഞാൻ പോണു "

"സാർ ഒരു മിനിറ്റ് വെയിറ്റ് ചെയ്യണം "

ആരെയൊക്കെയോ ഫോണ്‍  ചെയ്ത ശേഷം 

"സാർ മുകളിലത്തെ നിലയിൽ  ഒരു ഡയറ്റീഷ്യൻ കൂടെ ഉണ്ട് , അങ്ങൊട്ട്  ചെന്നോളൂ"

"ഇത് നേരത്തെ പറഞ്ഞില്ലല്ലോ " 

"താഴെ ആള്  വരുമെന്ന് വിചാരിച്ചു "

"ഇനി ആവർത്തിക്കരുത്  ങ്ഹാ "

ഇതിവന് നേരത്തെ പറഞ്ഞൂടായിരുന്നോ , ദേഷ്യപ്പെട്ടാലെ കാര്യം നടക്കു , റിസപ്ഷനിസ്റ്റ് പുരുഷൻ ആയത് നന്നായി; മെക്കിട്ട് കേറാൻ പറ്റിയല്ലോ ,ചുമ്മാതല്ല സ്ഥിരമായി ഈ പണി സുന്ദരികൾ ചെയ്യുന്നത്.

ലിഫ്റ്റ്‌ കയറി ഏറ്റവും മുകളിൽ ചെന്നപ്പോ ആദ്യം കണ്ടത് ക്യാന്റീൻ , അപ്പൊഴാണ് ഓർത്തത് ഈ കെട്ടിടത്തിൽ വേറെങ്ങും ക്യാന്റീൻ ഇല്ല ; രോഗികൾ ഈ നിലയോക്കെ കേറി വന്ന് വേണോ വല്ലതും കഴിക്കാൻ .ചിന്തിച്ചതിന്റെ ഉത്തരം  അവിടെ തന്നെ വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട് 

കണ്ണൻ ദേവൻ  : ഞങ്ങൾക്ക്  ചായയുടെ രുചിയാണ് വലുത് 

ചൊറി കുത്തി ഇരിക്കുന്ന ഡയറ്റീഷ്യനെ കണ്ട് പിടിച്ച് ഡോക്ടറുടെ കുറിപ്പടിയും ടെസ്റ്റ്‌ റിസൾട്ടും കൈ മാറി .

"Chemical X  - 8 , അത് വെള്ളമടി നിർത്തിയാൽ മാറിക്കോളും "

"അത് വേണോ "

" ഇതൊരു കളി ആയി കൂട്ടുക , നിങ്ങളുടെ ജീവിതം  ഓരോ വർഷം  വെച്ച് നീട്ടി തരുമ്പോ നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണം ഓരോന്നായി ഉപേക്ഷിക്കണം "

" നല്ല കളി പക്ഷെ ഒരു സംശയം , നാളെ ഞാൻ വണ്ടി ഇടിച്ച് ചത്താൽ ഈ ഉപേക്ഷിച്ചതൊക്കെ വെറുതെ ആവില്ലേ "

"വണ്ടി ഇടിച്ച് ചത്താൽ അല്ലെങ്കിലും നിങ്ങൾക്കിതൊന്നും പിന്നെ തിന്നാൻ പറ്റില്ലല്ലോ , അപ്പൊ എന്ത് കൊണ്ടും ഇതൊരു win-win deal ആണ് "

"പണ്ട് ഇടപ്പഴഞ്ഞി ചന്തയിൽ മത്തിക്കചവടം ആയിരുന്നോ , നല്ല Marketing Strategy "

"അത് പറഞ്ഞപ്പോഴാണ് , മത്തി അത് കഴിക്കാൻ പാടില്ല "

"ഇതറിഞ്ഞെങ്കിൽ വഴുതനങ്ങ കച്ചവടം ആണൊന്ന് ചോദിച്ചേനെ"

" ആ യെസ് വഴുതനങ്ങ കഴിക്കണം "

അര മണിക്കൂർ  കൊണ്ട് ഡയറ്റീഷ്യൻ രാജുമോന്  30 വർഷം വാഗ്ദാനം ചെയ്തു , സ്ഥാവര ജംഗമം എല്ലാം എഴുതി വാങ്ങിച്ചു 

" രാവിലെ ഒരു കലം വെള്ളം , ഉച്ചക്ക് ഒരു കെട്ട് പുല്ല് , വൈകുന്നേരം ഒരു അര കഷ്ണം പിണ്ണാക്കാകാം , രാത്രി കിടക്കുന്നതിന് മുൻപ് ഒരു കെട്ട് പുല്ല് , നല്ല പോലെ അദ്ധ്വാനിക്കണം രാവിലെയും വൈകിട്ടും ചക്ക് ആട്ടി എണ്ണ എടുക്കണം, പകൽ സമയത്ത് നിലം ഉഴുതുകയോ വണ്ടി വലിക്കുകയോ ആകാം "

"വയസ്സാകുമ്പോ എന്നെ വെട്ടാൻ കൊടുക്കുമായിരിക്കും "

"ഒരിക്കലൂമില്ല ബീഫ് ആരോഗ്യത്തിനു ഹാനികരം "

"ഇവിടെ എഴുതി തൂക്കിക്കോ "

ഇനി നിന്നാൽ കൊമ്പും വാലും ഒക്കെ വളരുമോ എന്ന് പേടിച്ച് രാജുമോൻ അവിടിന്നിറങ്ങി . ഇനി മരുന്ന് വാങ്ങണം എന്നിട്ട് വീട്ടിൽ പോകാം . ഫാർമസിയിൽ ചെന്ന് തുണ്ട് കൊടുത്തു , 

"ടോക്കണ്‍ എടുക്കണം "

"എടുക്കൂല്ല "

"എടുത്താലെ മരുന്ന് തരൂ "

"വെറുതെ കീഴ്‌വഴക്കത്തിനാണേല്‍ ഞാന്‍ എടുക്കൂല്ല"

"എന്നാ ഇവിടെ നിക്കത്തേ  ഉള്ളു , ഇവിടെ തെളിയുന്ന ടോക്കണ്‍ നമ്പരുള്ള തുണ്ടില്ലെങ്കിൽ ഞാൻ ആർക്കും മരുന്ന് കൊടുക്കില്ല "

മനസില്ലാമനസോടെ ടോക്കണ്‍ എടുത്തു , രാജുമോന് ശേഷം വന്ന കുറെ പേർ നേരത്തെ ടോക്കണ്‍ എടുത്ത് മുന്നിൽ കേറി,  രാജുമോൻ വീണ്ടും  മൂത്ത ഇഞ്ചി . ടോക്കണ്‍  വരാൻ കുറെ ടൈം എടുക്കും മരുന്നൊക്കെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കി. ഈ സാധനത്തിനു എഫെക്റ്റ് പോലെ സൈഡ് എഫ്ഫക്റ്റ്‌  ഉണ്ടല്ലോ, ഭാഗ്യം ഒന്നിനും ഇമ്പൊട്ടൻസി ഇല്ല വാങ്ങിച്ചേക്കാം . അടുത്തിരുന്ന പയ്യൻ  തട്ടി വിളിച്ചിട്ട് 

"ചേട്ടാ , ഗൂഗിൾ  ചെയ്യണ്ട മരുന്നിനോന്നും ഫലമില്ലെന്നേ പറയു "

"ഇവിടെ അധിക ഫലം മാത്രേ ഞാൻ കാണുന്നുള്ളു "

"ഞാനും ഗൂഗിൾ  നോക്കിയതാ കഴിഞ്ഞ തവണ , എഫക്റ്റ് ആകുന്ന സൈഡ് എഫ്ഫക്റ്റ്‌ ഇല്ലാത്ത ഒരു മരുന്നേ ഉള്ളു കണ്ണാപ്പീസ് "

"എന്തിരപ്പീ"

"കണ്ണാപ്പീസ്, പക്ഷെ ഞാനിവിടെ ചോദിച്ചിട്ട് കിട്ടീല്ല " 

"അങ്ങനൊരു മരുന്നുണ്ടെങ്കിൽ കൊള്ളാമല്ലൊ "

" ഉണ്ട് ഏട്ടാ , നിങ്ങള്  ഗൂഗിൾ  ചെയ്യ് C A N N A B I S ; കണ്ണാപ്പീസ്" 

"ഇതാണാ നീ പറഞ്ഞ എല്ലാ രോഗത്തിന്റെയും മരുന്ന് , നീ ഇത് കണ്ണാപ്പീസ് എന്ന്  വായിച്ചത് നന്നായി അല്ലേൽ മെഡിക്കൽ സ്റ്റോറിൽ ചോദിച്ചപ്പൊ  അകത്ത് പോയേനെ മോനെ  "

 സംഗതിയുടെ കിടപ്പ് വശം അവനു വിശദീകരിച്ച് കൊടുത്തപ്പോഴേക്കും അവന്റെ ടോക്കണ്‍  വിളിച്ചു . ഒരുത്തന്റെ ജീവിതം രക്ഷിച്ച അഭിമാനത്തിൽ ഇരുന്നപ്പോ രാജുമോന്റെയും ടോക്കണ്‍ വിളിച്ചു . മരുന്ന് വാങ്ങി കാശ് കൊടുത്തു . ഒരു ദിവസത്തെ അദ്ധ്വാനം കഴിഞ്ഞ്  ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി . 

ഓട്ടോ സ്റ്റാൻഡിൽ  നോക്കി , കാര്യമില്ല ടെസ്റ്റും മരുന്നും എല്ലാം കഴിഞ്ഞ് പോക്കറ്റിൽ ഒരു 5 രൂപ , മൂന്ന് 2 രൂപ , ഒരു ഒറ്റ രൂപ. ആകെ കയ്യിലുള്ള സ്വർണ്ണ അരഞ്ഞാണം ഊരി  അച്ചായന് കൊടുക്കേണ്ടി വന്നില്ലല്ലോ . ബസിൽ പോകാം, ഒരു സ്റ്റോപ് മുൻപിറങ്ങി  നടന്നാൽ കാശ് അഡ്ജസ്റ്റ് ആകും വ്യായാമവും ആകും  . ബസ് സ്റ്റോപ്പിൽ വെറുതെ ഒന്ന് നോക്കിയപ്പൊ ദേ നിക്കുന്നു മറ്റേ ഗുസ്തിക്കാരൻ ചേട്ടനും ഭാര്യയും . രാജുമോനെ കണ്ടപ്പൊ ചേച്ചി എന്തോ അങ്ങേരുടെ കാതിൽ പറഞ്ഞു . അങ്ങേരു രാജുമോനെ ഒന്നിരുത്തി  നോക്കി . 

പ്ലാൻ ചേഞ്ച്‌. ഇനി ഈ ബസ് സ്റ്റോപ്പിൽ നിക്കാൻ പറ്റില്ലല്ലോ ; അടുത്ത ബസ് സ്റ്റോപ്പ് വരെ നടന്ന് പോയിട്ട് അവിടുന്ന്  ബസ് പിടിക്കാം : വ്യായാമവും ആകും കാശും അഡ്ജസ്റ്റ് ആകും 


രാജുമോൻ ആരെയും ഉപദ്രവിക്കാത്തത് അയാളുടെ ഭാഗ്യം , എവിടെലും പോയി ജീവിച്ചോട്ടെ

അമ്മയെ വിളിച്ച് വിവരം പറഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു

"അമ്മേ ഡയറ്റീഷ്യൻ പറഞ്ഞിട്ട് ഞാൻ നടന്നാ വീട്ടിലേക്ക് വരുന്നത് "













Wednesday 23 July 2014

ലൈഫ് ഇൻ ഏ വോൾവോ


ഹലോ
ഹലോ  സണ്ണി  സാറല്ലേ ഇത് കേ ആർ പീ ട്രാവൽസിൽ നിന്നാണ്
അതേ....പറയു
സാറിന്ന് ബാംഗ്ലൂർ പോകാൻ ടിക്കറ്റ് ബുക്ക്  ചെയ്തിരുന്നില്ലേ....
അതേ
സന്തോഷവാർത്ത.... ബസ്സ് കാൻസൽ ആയി....
ഇതെന്ത് തോന്നിവാസം ഇതിലെന്ത് സന്തോഷം എനിക്ക് നാളേ ബാംഗ്ലൂർ എത്തിയേ പറ്റു
ഞാൻ മൊത്തം പറയട്ടെ സാർ....സാറിന്റെ സെമി സ്ലീപ്പർ ടിക്കറ്റ് ഞങ്ങൾ ഫ്രീ ആയി സ്ലീപ്പർ ടിക്കറ്റ് ആയി അപ്ഗ്രേഡ് ചെയ്തിരിക്കുന്നു....ബസ് അതേ സമയത്ത് തന്നെ
ഏയ് അതൊന്നും പറ്റില്ല എനിക്ക് സ്ലീപ്പർ പറ്റില്ല....വേറെ എന്തെങ്കിലും വഴിയുണ്ടോ...നിങ്ങൾ എനിക്കൊരു സെമി സ്ലീപ്പർ 
സാറിനെ ഞങ്ങൾ അപ്ഗ്രേഡ് ചെയ്തു കഴിഞ്ഞു സാർ...കമ്പനി പോളിസിയിൽ അപ്ഗ്രേഡ് ചെയ്യാനേ വകുപ്പുള്ളു ഡൗൺഗ്രേഡ് ചെയ്യാൻ വകുപ്പില്ല.... മാത്രമല്ല ബസ്സും ഇല്ല
ഇതെന്താ തോന്നിവാസമോ....എങ്കിൽ എന്റെ ടിക്കറ്റ് കാൻസൽ ചെയ്യു
വിത്ത് പ്ലെഷർ സാർ....പക്ഷേ 24 മണിക്കൂർ മുൻപ് കാൻസൽ ചെയ്യാത്ത കൊണ്ട്....ടിക്കറ്റ് കാശ് മൊത്തം കമ്പനിക്ക്.........പിന്നെ സാറിനിന്ന് പോണം എന്നല്ലേ പറഞ്ഞത്...എല്ലാ ബസ്സും ഫുള്ളാണ് ഞായറഴ്ച അല്ലേ സാർ നാളെ ബാംഗ്ലൂർ  എത്തൂല്ല
ഇതൊരുമാതിരി ചെയ്ത്തായി പോയി....സ്ലീപ്പർ എങ്കിൽ സ്ലീപ്പർ...പക്ഷെ എനിക്ക് ഒറ്റക്ക് ബെർത്ത് കിട്ടണം....
അതു തരാം സാർ
ഉറപ്പാണല്ലോ
ഷുവർ സാർ

*                                                                                             *                                                                             *
ഓട്ടോ.....മ്യൂസിക് കോളേജ് ചലേഗാ...
ടൂ ഹണ്ട്രഡ് റുപ്പീസ്
ചേട്ടാ എനിക്ക് തമ്പാനൂർ സംഗീത കോളേജ് വരെ പോയാൽ മതി കലാമണ്ഡലം വരെ പോകണ്ട.....മീറ്റർ ഇട്ട് പോകാം
മലയാളിയാണല്ലേ....ഞാൻ കരുതി മലയാളം അറിയില്ലെന്ന്
അതെന്തേ മലയാളം അറിയാത്തവരോട് തോന്നിവാസം ആകാം എന്നാണോ....
അങ്ങനെ അല്ല....വയറ്റിൽ പിഴപ്പാണ് സാർ....
ഒരു പിഴച്ച പിഴപ്പായി പോയി ഭായ്

*                                                                                             *                                                                             *
(സംഗീത കോളേജ്....
....കേ ആർ പീ ബസ്....)
ചേട്ട ഇതല്ലേ കേ ആർ പീ സ്ലീപ്പർ...
അതേല്ലോ....സീറ്റ് ഏതാ
ഞാൻ സെമി സ്ലീപ്പർ കാൻസൽ ആയി വന്നതാ സീറ്റ് നമ്പർ അറിയില്ല....
 മനസിലായി സീറ്റ് 32....

(അകത്ത് കേറി നോക്കിയ ശേഷം)
ചേട്ടാ എനിക്ക്  ഡബിൾ ബർത്ത് അല്ലല്ലോ... സിംഗിൾ അല്ലേ
അയ്യോ രണ്ടും സാറിന്റെ അല്ല 32 മാത്രമേ സാറിനുള്ളു...കൂടുതൽ കാശൊന്നും ആകില്ല
അതല്ല എനിക്ക് ഒറ്റക്ക് ബർത്ത് തരുമെന്ന് പറഞ്ഞിട്ട്
അതേ സാർ 32 സാറിന് മാത്രമാണ് വേറെ ആരും അവിടെ കിടക്കാൻ വരില്ല....

എന്നാലും അടുത്ത ബർത്തിൽ ഉള്ളയാളുടെ കൂടെ കിടക്കണ്ടെ...
 അങ്ങനെ അതു സാരമില്ല സാർ....ഒരുമിച്ച് ഉലക്കപ്പുറത്ത് കിടക്കണം എന്നല്ലെ...ഞങ്ങൾ ഉലക്ക ഒന്നും തന്നില്ലല്ലോ
എന്നാലും വേറെ സീറ്റ് കിട്ടുമോ
 ഒരു സീറ്റ് കൂടെ ഒഴിവുണ്ട്...അതു വേണേൽ തരാം
എതാ 
31
എവിടെയാ...
32ന്റെ കൂടെയുള്ളത്
താൻ കളിയാക്കുകയാണോ....
വേറേ സീറ്റ് ഇല്ല സാർ വരുന്നെങ്കിൽ വാ...
ആവശ്യം എന്റെ ആയി പോയില്ലേ.....ഡെയ് പെൺപിള്ളേര് വല്ലോം വരുമോഡെയ്
പേടിക്കണ്ട വന്നാൽ അവർക്ക് വേറെ സീറ്റ് കൊടുക്കും....
അപ്പൊ എനിക്ക് മാത്രം മാറ്റി തരൂല്ല അല്ലേ....
ഉപകാരം ആയാലും സുന്ദരികൾക്ക് ചെയ്യുമ്പൊ അല്ലേ ആത്മസംതൃപ്തി ഉണ്ടാകൂ....
  നിന്നെ ഞാൻ കണ്ടോളാം
(വണ്ടി നീങ്ങാൻ സമയമായി...31 ഇതു വരെ വന്നിട്ടില്ല)
അനിയാ 31 ഇതു വരെ വന്നില്ലേ...
അറിയില്ല...കുറേ പേർ വെളിയിൽ നിന്ന് സിഗററ്റ് വലിക്കുന്നുണ്ട്...ചിലപ്പൊ അതിലൊന്നായിരിക്കാം
ചെ  വലിയന്മാരുടെ കൂടെ ഒക്കെ എങ്ങനെ കിടന്ന് ഉറങ്ങും
സത്യം പറ നിങ്ങൾ രാത്രി എന്ത് ചെയ്യാനാ പുറപ്പാട്

ഒന്നുമില്ല എന്നാലും  വായിൽ നിന്ന് പുകമണം
സാർ അങ്ങേർക്ക് ഉമ്മയൊന്നും കൊടുക്കാൻ പോകുന്നില്ലല്ലോ..സമാധാനമായിരിക്ക് സാർ
അല്ല ശരിക്കും പുള്ളി വന്നില്ലെങ്കിൽ
നാഗർകോവിലിൽ നിന്ന് വേറേ ആളു കേറും....
തമിഴനാ...
ആർക്കാറിയാം...സാറിനെന്താ തമിഴന്മാരോട് പുച്ഛം....
പുച്ഛം അല്ലനിയാ...മലയാളിയാണേൽ തെറി പറഞ്ഞാൽ മനസിലായേനെ
 കാര്യത്തിൽ സാർ പേടിക്കണ്ട പ്രധാന തെറിയൊക്കെ തമിഴിലും അതൊക്കെ തന്നെ....
*                                                                                             *                                                                             *
വണ്ടി എടുത്തു ആരും ഇതു വരെ വന്നില്ല....ഇനി കണ്ട തമിഴന്മാരോട് കിടക്ക പങ്കിട്ട ചീത്തപ്പേരു കൂടെ ആയി... കഥ ആരോടും പറയാൻ പാടില്ല...അറിഞ്ഞാൽ  ബാംഗ്ലൂരിൽ ഇന്റർവ്യൂവിനു പോകുന്നതൊക്കെ വെറുതെ ആകും...പെണ്ണുകിട്ടിയില്ലെങ്കിൽ പിന്നെ ജോലി കിട്ടിയിട്ടെന്തു ചെയ്യാൻ...സണ്ണി വിലപിച്ചു
ചിലപ്പൊ തമിഴന്മാർ നല്ല മനുഷ്യരായിരിക്കും മലയാളികളേക്കാൾ സ്നേഹവും ബഹുമാനവും കാണും... മൂലക്കെങ്ങാൻ മിണ്ടാതെ കിടന്ന് ഉറങ്ങിക്കോളുമായിരിക്കും ശല്യമൊന്നും ഉണ്ടാക്കില്ലായിരിക്കും...പിന്നെ നാഗർകോവിൽ വരെ സ്വസ്ഥമായി കിടക്കാല്ലോ...ചിലപ്പൊ അവിടുന്ന് ആരും കേറാൻ ഇല്ലെങ്കിൽ ബാംഗ്ലൂർ വരെ...പ്രതീക്ഷ എങ്കിലും നില നിൽക്കുമല്ലോ...സണ്ണി ആശ്വസിച്ചു
പെട്ടെന്ന് വണ്ടി നിന്നു...ബാഗ്  തൂക്കി ഒരു പയ്യന് വണ്ടിയിൽ കേറി
സാർ നേരത്തെ വന്നൂടെ
നിങ്ങൾക്ക് വണ്ടി അല്പം താമസിച്ച് എടുത്തൂടേ...മിനിമം ഒന്നു ഫോൺ ചെയ്തൂടെ
സാർ വന്നില്ലേലും ഞങ്ങൾ പോകും സാർ ഇതിൽ കേറേണ്ടത് ഞങ്ങളുടെ ആവശ്യം അല്ല സാറിന്റെ ആവശ്യമാണ്...ഞങ്ങൾക്ക് വേറേ ആളേ കിട്ടും
അപ്പൊ കസ്റ്റമർ സർവീസ്
കോപ്പാണ് സാർ...ഇന്നു സാറില്ലാതെ പോയാലും ടിക്കറ്റില്ലാതെ ആകുമ്പൊ ഇതിൽ തന്നെ വരും....സീറ്റ് നമ്പർ പറ
31
സണ്ണി മൂ...ന്നു വട്ടം കർത്താവിനെ തള്ളിപ്പറഞ്ഞു അതും  നല്ല കടുത്ത ഭാഷയിൽ
ബാഗ് തൂക്കിയ പയ്യൻ ബാഗ് ഒതുക്കി വെച്ച് സണ്ണിയുടെ സീറ്റിന് അടുത്ത് വന്നു..സണ്ണി ദേഷ്യം മുഖത്ത് വരാതിരിക്കാൻ ശ്രമിച്ച് കൊണ്ട് വഴി മാറി കൊടുത്തു
സണ്ണി : പേരെന്താ
പയ്യൻ : റോയ്
നസ്രാണി ആണല്ലേ
ആണെങ്കിൽ 
അല്ല ഒരു നസ്രാണിക്ക് മറ്റൊരു നസ്രാണിയോട് സ്നേഹം
അതല്ലെങ്കിലും എനിക്കെല്ലാരോടും സ്നേഹം തന്നെയാ....നമ്മൾ തമ്മിൽ ഇത്ര അടുത്ത സ്ഥിതിക്ക് ഇനി എന്ത് ജാതിയും മതവും ചേട്ടാ
മനസിലായില്ല നമ്മളെന്ത് ആടുത്തു
അല്ല ഇങ്ങനെ ഒരുമിച്ച് കിടക്കുമ്പൊ നമ്മൾ ലിറ്ററലി അടുത്താണല്ലോ...
അത് ഫിഗററ്റിവ് ആകും മുൻപേ യാത്ര തീർന്നാൽ മതിയാരുന്നു
ചേട്ടൻ എന്താ ഒരുമാതിരി സ്നേഹമില്ലാതെ പെരുമാറുന്നത്
നിന്റെ വീട് കോഴിക്കോടാണോ.... ടൈപ് കുറെ എണ്ണം അവിടെയുണ്ടെന്ന് കേട്ടിട്ടുണ്ട്
ചേട്ടന്റെ വീട് കോഴിക്കോടാണോ.... ടൈപ് ഉള്ളവരെ കൃത്യമായി തിരിച്ചറിഞ്ഞു
എനിക്ക് നാളെ ഒരു ഇന്റർവ്യൂ ഉള്ളതാ ഉറങ്ങണം...
എനിക്ക് നാളെ പണിയൊന്നുമില്ലാത്തതാ..കുറെ നേരം കൂടെ ഉറങ്ങാതിരിക്കാം
എന്നെ ശല്യം ചെയ്യാതിരുന്നാൽ മതി
ഓക്കേ

സണ്ണി ഉറങ്ങാൻ ശ്രമിച്ചു...റോയ് ഫോൺ എടുത്ത് ആരെയോ ഫോൺ ചെയ്തു

45 മിൻ കഴിഞ്ഞ്....സണ്ണി സുഖമായി ഉറങ്ങുന്നു...

പെട്ടെന്ന് എന്തോ കേട്ട് ഞെട്ടിഹായ് സ്ത്രീശബ്ദം , പക്ഷേ പറയുന്നത് തെറിയാണെന്ന് തോന്നുന്നു

'മിസ്റ്റർ ബാക്കിയുള്ളവർക്ക് ഉറങ്ങാനുള്ളതാണ്ഒന്നു പതുക്കെ സംസാരിക്കു'

സണ്ണിഞാനാരോടും സംസാരിച്ചില്ല മാഡം

താനല്ലെഡൊ തന്റെ കൂടെ കിടക്കുന്നവൻ

അയ്യേ ഞങ്ങൾ തമ്മിൽ ഒന്നുമില്ല ഇങ്ങനെ കിടക്കുന്നെന്നെ ഉള്ളു

അതിനു നിങ്ങൾ തമ്മിൽ ഒന്നും ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ പതുക്കെ സംസാരിക്കാനല്ലേ പറഞ്ഞുള്ളൂ

അല്പം വീണ ബോധത്തിൽ സണ്ണിക്ക് കാര്യം പിടികിട്ടി...അപ്പുറത്തെങ്ങാണ്ടുള്ള സീറ്റിലെ ചേച്ചിയാണ്..റോയ്യെ ആണ് തെറി പറയുന്നത്...റോയ് ആണേൽ കമാന്ന് ഒരക്ഷരം മിണ്ടാതെ ഫോണിൽ മെസ്സേജ് വായിച്ച് ചിരിക്കുന്നു...ചുമ്മാ അനാവശ്യ കാര്യങ്ങളിൽ എടപെട്ട്  ചേച്ചിയുടെ തെറി കേട്ടു ലജ്ജാവഹം....

സണ്ണി:  പുള്ളിക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു...ഇപ്പൊ പുള്ളി സംസാരിക്കുന്നില്ലല്ലോ
ചേച്ചി :അതിപ്പൊ നിർത്തിയതാ...ഇതു വരെ ഇവിടെ കിടന്ന് ആർക്കോ ഉമ്മ കൊടുക്കുവാരുന്നു 
ഫോണിൽ ആയിരിക്കും...
ചിലപ്പോ ആയിരിക്കും..
ചേച്ചി എന്നെ തെറ്റിദ്ധരിക്കല്ലേ...ഞങ്ങൾ തമ്മിൽ ഒന്നുമില്ല
അതിടക്കിടെ പറയുന്നതാ എനിക്ക് സംശയം
നമുക്കെല്ലാവർക്കും ഉറങ്ങണം...പുള്ളി ഇനി പ്രശ്നം ഒന്നും ഉണ്ടാക്കില്ല..ചേച്ചി പൊയ്ക്കോ

ചേച്ചി പോയി പണിപ്പെട്ട് അപ്പുറത്തുള്ള ഒരു ബർത്തിൽ കയറിക്കിടന്നു...

സണ്ണി : മോനേ റോയ്...നീ ആർക്കാടാ ഉമ്മ കൊടുത്തെ
റോയ് : അതൊക്കെ പേർസണൽ ആണ് അങ്ങനെ ആരൊടും പറയാനൊന്നും പറ്റില്ല
ആർക്കു വേണേൽ മോൻ ഉമ്മ കൊടുത്തോ...ഉറങ്ങിക്കിടക്കുന്ന എനിക്ക് തരരുത്...
പോ അണ്ണാ ഇതെന്റെ ഗേൾ ഫ്രണ്ടിനാണ്
വളരെ നല്ലത്...ഒരുപാടെ സൗണ്ട് എഫക്റ്റ്സ് വേണ്ട...നമുക്ക് നമ്മുടെ മാനം ആണ് വലുത്
ചേട്ടൻ ധൈര്യമായി ഉറങ്ങിക്കോ....ഇനി ഞാൻ മിണ്ടില്ല
*                                                                                             *                                                                             *
മണിക്കൂർ കഴിഞ്ഞു കാണും

റോയ് : ചേട്ടാ ഒന്ന് മാറുമോ
സണ്ണി : ബാംഗ്ലൂർ എത്തിയൊ
നമ്മൾ പിടിച്ചത് വിമാനം അല്ലല്ലോ ബസ്സ് അല്ലേ നാഗർകോവിൽ എത്തി
എന്തിനാ അപ്പൊ എറങ്ങുന്നെ
ഒന്നു മുള്ളണം...
പിടിച്ച് നിൽക്കാൻ പറ്റൂല്ല...
ഇപ്പൊ പിടിച്ചു നിൽക്കാം പക്ഷെ പിന്നെ പ്രശ്നമാകും
ഇപ്പൊ എണീറ്റാൽ എനിക്കിനി ഉറക്കം വരില്ല കുറെ നേരത്തേക്ക്
ഞാൻ ഇവിടെ മുള്ളിയാൽ ചേട്ടന്  രാത്രി മുഴുവൻ ഉറങ്ങാൻ പറ്റില്ല
ഭീഷണി വേണ്ടാ...മാറിത്തരാം...

റോയ് പോയി മുള്ളി...സണ്ണിയും മുള്ളി...

ഹൊ മുള്ളിയത് നന്നായി...ബാംഗ്ലൂർ വരെ പോയിരുന്നെങ്കിൽ ചിലപ്പൊ ടാങ്ക് പൊട്ടിയേനെ.....പക്ഷെ ഉറക്കം പോയി... ഉറങ്ങാം കുറച്ച് കഴിഞ്ഞായാലും മുള്ളൽ അങ്ങനാണോ അപ്പപ്പോ മുള്ളണ്ടേ

ബസ് വീണ്ടും നീങ്ങി തുടങ്ങി...റോയ് ഉറങ്ങി എന്ന് തോന്നുന്നു...സണ്ണിയെ ഉണർത്തിയിട്ടു അവൻ ഉറങ്ങുന്നു...നല്ല കമ്പനി...സണ്ണി ഒന്നു ഉറക്കം പീടിച്ചപ്പൊ പാതിരാത്രി ആയിക്കാണും...പെട്ടെന്ന് റോയ് പിന്നെയും വിളിച്ച് ഉണർത്തി

റോയ് : ഒന്നു മാറിത്തരാമോ
സണ്ണി : എന്തിനാ...
കാര്യമുണ്ട്
മുള്ളാനാണോ
അല്ല അതിലും വലിയ അത്യാവശ്യം

മുള്ളുന്നതിലും വലിയ അത്യാവശ്യമാണേങ്കിൽ മാറി കൊടുത്തേ പറ്റു....സണ്ണി മാറി കൊടുത്തു

റോയ് താഴെയിറങ്ങി...അടുത്ത സീറ്റിൽ ചെന്ന് ചേച്ചിയെ വിളിച്ചു

റോയ് : അതേ ഒന്നുണർന്നേ
ചേച്ചി : എന്താ എന്തു പറ്റി...എത്തിയോ
ഇല്ല
എന്തേലും അപകടം 
ഇല്ല
പിന്നെ
ഒന്നു പതുക്കെ കൂർക്കം വലിച്ചാൽ കൊള്ളാം ബാക്കിയുള്ളവർക്ക് ഉറങ്ങണം...

എന്നിട്ട് റോയ് പതുക്കെ തിരിഞ്ഞു നടന്ന് സ്വന്തം സീറ്റിൽ കേറി കിടപ്പായി....ചേച്ചി പറഞ്ഞ തെറി മൊത്തം പാവം സണ്ണി കേട്ടു...സ്ത്രീപീഡനത്തിനു കേസ് കൊടുക്കും എന്നൊക്കെ പറഞ്ഞു...പേടിപ്പിക്കുന്നതായിരിക്കും എന്ന് സണ്ണി ആശ്വസിച്ചു...ഇനി എങ്ങാൻ കേസ് കൊടുക്കുമോ.... സ്വവർഗാനുരാഗികാളായ യുവാക്കൾ മദ്ധ്യവയസ്കയെ പീഡിപ്പിച്ചു  എന്ന് ഒരു പത്രത്തിൽ വന്നാൽ മതി ജീവിതം നക്കിക്കൊണ്ടിരിക്കുന്ന ജീവി പേപ്പട്ടി ആകാൻ...

ചേച്ചിയെ സമാധാനിപ്പിച്ച് - സമാധാനിച്ചത്നിനേക്കാൽ അലറി ക്ഷീണിച്ച് ഉറങ്ങി എന്ന് പറയാംസണ്ണി ഉറങ്ങാൻ കിടന്നു...റോയ് ഉണർന്ന് കിടന്ന് ടെമ്പിൾ റൺ കളിക്കുന്നു...

സണ്ണിപ്രതികാരം ആയിരുന്നു അല്ലേ
റോയ് : അതേ തണുപ്പിച്ച് വിളമ്പിയത്...
പക്ഷേ തെറി മുഴുവൻ എനിക്കാണ് കിട്ടിയത്..
ആരേലും പറഞ്ഞോ അവരു തെറി പറയുന്നതും കേട്ട് നിൽക്കാൻ...അപ്പൊഴെ കേറീ കിടക്കണ്ടേ...തെറി കേൾക്കാൻ ആളില്ലാതെ അവർ പണ്ടേ തെറി നിർത്തിയേനെ
ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ...ബൈ ദ് ബൈ  ചേച്ചി കൂർക്കം വലിച്ചില്ലല്ലോ
അത് ഉറങ്ങി കിടന്ന അവർക്ക് ആറിയില്ലല്ലോ...ഇതിപ്പൊ അവരുടെ ഉറക്കവും പോയി...ബസിൽ ഉള്ളവരെല്ലാം അവർ കൂർക്കം വലിച്ച് കാണും എന്ന് വിചരിക്കുകയും ചെയ്യും...ചേട്ടന് തെറീ കിട്ടിയത് കൊളാറ്ററൽ ഡാമേജ്...തല്ലിയൊന്നുമില്ലല്ലോ...എന്നെ ഉണർത്തിയാണ് പറഞ്ഞതെങ്കിൽ ചിലപ്പൊ തല്ലിയേനെ
അപ്പൊ തല്ലു കിട്ടുന്നതാണ് കയ്യിലിരിപ്പ് എന്ന് അറിയാം അല്ലേ...
ഒഫ് കോസ്
ഗുഡ് നൈറ്റ്

ഒരു മൂന്ന് മണി ആയി കാണും....സണ്ണി വീണ്ടും ഞെട്ടി...റോയ് ഉണർന്നിരുന്ന് പുസ്തകം വായിക്കുന്നു...റീഡിങ്ങ് ലാമ്പിന്റെ വെളിച്ചത്തിൽ

സണ്ണിതാനിതുവരെ ഉറങ്ങീല്ലേ
റോയ് : ഇപ്പൊ ഉണർന്നു
ഇനി ഉറങ്ങുന്നില്ലേ
ഉറക്കം വന്നാൽ ഉറങ്ങും
വെളിച്ചം കെടുത്താമോ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല
വെളിച്ചം കെടുതിയാൽ എനിക്ക് വായിക്കാൻ പറ്റില്ല
അപ്പൊ ഞാനെങ്ങനെ ഉറങ്ങും
പുതപ്പു മുഖത്തൂടെ ഇട്ടാൽ മതി വെട്ടം കേറില്ല
മ്മ്...എന്താ വായിക്കുന്നെ
ഫൈവ് പോയിന്റ് സംവൺ
ചെ....ഫാ........
എന്താ ചേട്ടാ ഒരു ആട്ടു
ആട്ടിയതല്ലെടോ എഴുത്തുകാരന്റെ പേര് പറഞ്ഞതാ...ചേ ഫാ...ചേതൻ ഫഗത്
 അല്ലേ
  മദ്ധ്യതിരുവുതങ്കൂർ മാത്രമുള്ള ഒരു കാറ്റുണ്ട് അതടിച്ചാൽ  യും ബാ യും ഭായും എല്ലാം  എന്നേ പറയു
*                                                                                             *                                                                             *
മണി ആയിക്കാണും...എന്തൊക്കെയോ അപശബ്ദം കേട്ട് സണ്ണി ഞെട്ടി ഉണർന്നു...ദൈവമേ തീ പിടിച്ചോ...അമ്മ അപ്പൊഴെ പറഞ്ഞതാ വോൾവ്വൊ വേണ്ട ട്രയിൻ മതീന്ന് കേട്ടില്ല അനുഭവിക്കു....പക്ഷെ വരുന്ന മണം പുകയുടെ അല്ലല്ലോ...ചി ചി ചി

സണ്ണിറോയ് ഇന്നലെ രാത്രി എന്താ കഴിച്ചത്...ഉരുളക്കിഴങ്ങാണോ...
റോയ് : അതേ...
അതറിയാനുണ്ട്
ചേട്ടൻ കഴിച്ചത് ചക്കപ്പുഴുക്കല്ലേ
അതേ
കുറച്ച് മുൻപ് അത് ഞാനും ആറിഞ്ഞു

സണ്ണി ഒന്ന് ചമ്മി...ചക്കപ്പുഴുക്ക് കണ്ടപ്പൊ ഗ്രഹണി പിടിച്ച പോലെ ഓടൻ പാറ്റില്ലായിരുന്നു....ഇനി പറഞ്ഞിട്ട് കാര്യമില്ല...റൊയ്യും സിദ്ധാർത്ഥൻ ആയത് ആശ്വാസം

റോയ് ലാപ്ടോപ് തുറന്ന് വെച്ച് ഇരിക്കുന്നു....എന്തൊ കാര്യമായി കാണുകായാണ്...ശബ്ദം കുറച്ച് വെച്ചാണ് കാണുന്നതെങ്കിലും സണ്ണിക്കിനി ഉറക്കം വരാതിരിക്കാൻ ഇതു മതി...സണ്ണി സ്ക്രീനിലേക്ക് നോക്കി...സ്ഥിരമായി കാണുന്ന സീരീസിന്റെ പ്ഴയ ഒരു എപിസോഡ്

സണ്ണി : അനിയാ ഹെഡ്ഫോൺസ് ഇല്ലേ
റോയ് : ഉണ്ട് പക്ഷെ അതൊരു സുഖം ഇല്ല
ഇതാണോ കാണുന്നെ
അതേ
ഏതാ സീസൺ
മൂന്ന്
ഒമ്പതാമത്തെ എപിസോഡിൽ വടക്കേലത്തെ രാജാവിനെയും ഭാര്യയേയും അമ്മയേയും അമ്പെയ്തു കൊല്ലും
കോപ്പിലെ എടപാടായി പോയി ചേട്ടാ....
ഞാൻ നാലാം സീസൺ തീർത്തു...അതിന്റെ രണ്ടാം എപിസോഡിൽ  വില്ലൻ രാജാവിനെ വിഷം കൊടുത്തു കൊല്ലും
ചേട്ടാ

റോയ് പതുക്കെ  വീഡിയോ ക്ലോസ് ചെയ്തു അടുത്ത വീഡിയോ തുറക്കുന്നു

സണ്ണിഇതിന്റെ അവസാനം നായകൻ പ്ലെയിനിൽ കേറി പോകുമ്പൊ ചത്തു പോയെന്നു വിചരിച്ച വില്ലന്റെ മുഖം സ്ക്രീനിൽ വരും അപ്പൊ എല്ലാരും നായകനെ തിരിച്ചു വിളിക്കും.

ചേട്ടാ സഹകരിക്കണം...ഏതേലും ഒന്നു കണ്ടോട്ടേ...

ഏങ്കിൽ മര്യാദക്കു  ഹെഡ്ഫോൺ വെച്ചു ആളുകളേ ശല്ല്യം ചെയ്യാതെ കണ്ടോണം

സോറി ....

വരവ് വെച്ചു

റോയ് ഹെഡ്ഫോൺ പുറത്തെടുത്ത് സീരീസ് കണ്ടു തുടങ്ങി

*                                                                                             *                                                                             *
നേരം വെളുത്തു...ബാംഗ്ലൂർ എത്തി..റോയ് റ്റാറ്റാ പറഞ്ഞു പോയി.

സണ്ണി : ചേട്ടാ ഒന്നു തപ്പാൻ സഹായിക്കു
ബസ്സിലെ ചേട്ടൻഎന്താണ്
ഒറ്റ ചെരുപ്പു...
ഇവിടെ എവിടെലും കാണും...നോക്കൂന്നേ
ഇവിടെങ്ങും കാണുന്നില്ല
ബസ്സിൽ കേറുമ്പൊ ഉണ്ടായിരുന്നോ
പെട്ടന്ന് ബസ്സിലെ മറ്റൊരു പയ്യൻ : ഞാൻ കണ്ടതാ ബസ്സിൽ കേറുമ്പൊ ഇല്ലായിരുന്നു
സണ്ണീ : ഞാൻ ഒറ്റ ചെരുപ്പിട്ട് കേറുന്നതാണോ താൻ കണ്ടത്...
പയ്യൻ : അങ്ങനെ ചോദിച്ചാൽ ....ഞാൻ കണ്ടതാ സാർ
വിളിച്ചോണ്ട് പോഡൈ ഇവനെ

ഭാഗ്യത്തിന് ചേട്ടൻ ചെരുപ്പു കണ്ടു പിടിച്ചത് കൊണ്ട് കച്ചറ ഒഴിവായി

ഫോൺ ആടിക്കുന്നു

ഹലോ
സണ്ണി സാറല്ലേ
അതേ
കേ അന്റ് കേ ട്രാവൽസിൽ നിന്നാണ്...സന്തോഷ വാർത്ത
എന്റെ ബസ് ക്യാൻസൽ ആയി എന്നെ സ്ലീപ്പറിലേക്കു അപ്ഗ്രേഡ് ചെയ്തു എന്നല്ലേ....
അതേ സാർ
ക്യാൻസൽ ചെയ്താൽ ടിക്കറ്റ് കാശ് കിട്ടൂല്ല...മാത്രമല്ല മറ്റു ബസ്സുകൾ എല്ലാം ഫുൾ ആണ്
അതേ
ടിക്കറ്റ് ക്യാൻസൽ ചെയ്തേരേ...ഞാൻ ഇവിടെ നിന്ന് നാട്ടിലേക്ക് നടന്ന് പൊക്കോളാം