Saturday 19 September 2015

ഞാന്‍ ചത്ത് പോകുമോ ഡോക്ടര്‍ : ഒരു ആശുപത്രി സത്യകഥ



ഒരിക്കൽ രാജുമോൻ ഗൂഗിളിനോട് ചോദിച്ചു.

Alcohol and Neck Pain
Passive Smoking and Neck Pain
No Exercise and Neck Pain
Neck Pain and Terminal Cancer 
Neck Pain and AIDS
Neck Pain and Death

പിന്നെ ഏറ്റവും പ്രധാനമായത്.





ഖുർആനിൽ പറഞ്ഞിട്ടുണ്ടത്രേ  നട്ടെല്ലിൽ നിന്നാണ് ബീജം ഉണ്ടാകുന്നത് , കഴുത്തും നടുവും അടുത്തടുത്ത ഭാഗങ്ങൾ  ആയ കൊണ്ട് കഴുത്തിന്റെ ക്ഷതം നട്ടെല്ലിന്റെ ക്ഷതം ആകാം എന്നും അത് അവസാനം പിക്കപ്പ് പോയേക്കാം എന്നും പറയുന്ന ഒരു 8-10 സൈറ്റ് കണ്ടു . അല്ലേലും ഈ മതഗ്രന്ഥങ്ങളൊന്നും ശരിയല്ല . പക്ഷെ അവശ്യപ്രവർത്തികൾ ആയ കൊണ്ട് ചെറിയ ഭയം ഇല്ലാതെയും ഇല്ല ഇതെങ്ങാൻ ശരിയായാൽ  ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ . ഗൂഗിൾ  ചെയ്യണ്ടായിരുന്നു വെറുതെ പേടിക്കാൻ  .

രാജുമോന് പിടലിവേദനയാണ് , അസഹനീയമായ വേദനയാണ്, 1-2 ആഴ്ചയായി വേദനയാണ് മാറാത്ത വേദനയാണ് (പിന്നേ  മാറിയെങ്കിൽ ഗൂഗിൾ  ചെയ്യില്ലല്ലോ). ആദ്യത്തെ കുറെ ദിവസം മൈൻഡ് ആക്കീല്ല പിന്നത്തെ കുറെ ദിവസം ടൈഗർ ബാം പുരട്ടി നോക്കി രക്ഷയില്ല . ഹോസ്പിറ്റലിൽ പോകേണ്ടി വരും . അവിടെ കുറെ ടെസ്റ്റ്‌ ഒക്കെ എടുക്കേണ്ടി വരുമല്ലോ . ടെസ്റ്റിനു നന്നായി പഠിച്ചിട്ട്  പോകണമെന്ന് ആമ്മ പറഞ്ഞത് കേൾക്കാത്ത  കൊണ്ടാ ബീടെക്ക്  നന്നാവാതെ പോയത്  അത് കൊണ്ട് ഈ ടെസ്റ്റുകൾക്ക്  ഗൂഗിൾ  നോക്കി നന്നായി  പഠിച്ചു . അതാണ് ദോ മോളിൽ കണ്ടത് .

വീടിനടുത്ത്  പണ്ട് സർക്കാർ  സർവീസിൽ ഉണ്ടായിരുന്ന ഒരു ഡോക്ടർ ഉണ്ട്  , അവിടെ പോയി നോക്കാൻ അടുത്ത വീട്ടിലെ ചേച്ചി പറഞ്ഞതാ പക്ഷെ  നമ്മൾ ന്യൂ  ജനജനറേഷൻ കണ്ട  ഓൾഡ്‌ ചേച്ചിമാർ പറയുന്നത് എന്തിന് കേൾക്കണം വല്ല നിരുപമ രാജീവ് ആയിരുന്നേൽ പിന്നെയും ഇത് പഴയൊരു ഉണ്ണിമായ .  സർക്കാർ  ആശുപത്രി  ഒരെണ്ണം ഉണ്ട് വേണ്ട സാമൂഹിക പ്രതിബദ്ധതയുള്ള നല്ല മിഡിൽ ക്ലാസ് എന്ന നിലയിൽ രാജുമോൻ സർക്കാർ  ആശുപത്രിയുടെ സേവനം ലോ ക്ലാസ്സിനു വിട്ട് കൊടുത്തു .  കഴുത്ത് വേദനയിൽ തുടങ്ങി പിക്കപ്പില്ലയ്മയിൽ അവസാനിക്കുന്ന പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഉള്ളത് കൊണ്ട് എല്ലാ സ്പെഷ്യാലിറ്റിയും ഉള്ള ഹോസ്പിറ്റലിൽ തന്നെ പോകാം . രോഗി അല്ലേ ഓട്ടോയോ ടാക്സിയോ വിളിച്ച് പോകാം . ഓട്ടോ മതി ഫേസ്ബുക്കിൽ ടാസ്കി എന്ന പറയാം . ഓട്ടോയിൽ ഇരുന്ന് അടുത്ത സുഹൃത്തിനെ വിളിച്ചു.

"അളിയാ ഞാൻ ഒന്ന് ഹോസ്പ്പിറ്റലിൽ പോകുവാണ്. "

"അതിന്"

"അല്ല ഞാൻ പറഞ്ഞെന്നേ  ഉള്ളു , അഡ്മിറ്റ്‌ വല്ലതും ആകേണ്ടി വന്നാൽ  നീയൊന്ന്  വരണം "

"എന്താ രോഗം സീരിയസ് ആണോ ഞാൻ ഇപ്പൊ വരണോ "

"രോഗം പിടലി വേദന "

"അതിനാണോ അഡ്മിറ്റ്‌ ആകുന്നത്  പോടാ ചെക്കാ  , പിടലിക്ക് മുകളിലുള്ള തല വേദനിച്ചിട്ട് അഡ്മിറ്റ്‌ ആകുന്നില്ല അപ്പഴാ അവന്റെ പിടലി വേദന വല്ല തൈലം തേച്ച് മിണ്ടാതിരുന്നോ "

"അത്മാർത്ഥത സ്നേഹം ഒന്നും ഇല്ലാത്ത പന്നി, നിനക്കും വരുമെടാ രോഗം ഞാൻ തിരിഞ്ഞ് നോക്കില്ല "

"വേണ്ട , നീ എന്തായാലും അഡ്മിറ്റ്‌ ആയാൽ വിളിക്ക് , വീട്ടിൽ  ആരും തിന്നാനില്ലാതെ ഒരു കിലോ ഓറഞ്ച്  ഇരിക്കുന്നു, ചീയും മുന്നേ നിനക്ക് തരാം "

"പോടാ പട്ടി"

രാജുമോൻ  ഫോണ്‍ നിലത്തടിച്ച് കട്ട് ചെയ്തു...ലാൻഡ്ഫോണ്‍ ആയിരുന്നേൽ കട്ട് ആയേനെ മൊബൈൽ ആയോണ്ട് പീസ്‌ ആയി പീസ്‌ പീസ്‌ . ഫോണിന്റെ അവയവങ്ങൾ വാരി തുന്നി കൂട്ടുമ്പോ ഓട്ടോക്കാരൻ.

"സാറിനു നടുവ് വേദനയാണോ"

"അല്ല പിടലി "

"സാർ കാറിൽ പോയാൽ  മതിയാരുന്നു"

"കാശില്ലാത്തോണ്ടല്ലേ ചേട്ടാ , പിന്നെ ചേട്ടനും പത്ത് കാശ് കിട്ടട്ടെന്ന്  വെച്ച്"

"ആ നല്ല മനുഷ്യര്ക്ക് കാലം മോശമാണു സാറേ, ഈ പിടലി വേദനയൊന്നും ഇപ്പൊ ചില്ലറ രോഗമല്ല, സൂക്ഷിച്ചാൽ സാറിനു കൊള്ളാം "

"എങ്കിൽ ചേട്ടൻ വണ്ടി ഒതുക്ക് ഞാൻ ടാക്സി വിളിച്ച് പോകാം "

"അല്ല ....ഹത് വേണ്ട ഞാൻ തന്നെ വിടാം ,എന്റത്രയും സ്നേഹം ടാക്സിക്കാർക്ക് കാണില്ല , സാറിനു ഈ അവസ്ഥയിൽ ആവശ്യം തോനെ സ്നേഹം ആണ് "

പിന്നെ ആശുപത്രി എത്തുന്ന വരെ ഓട്ടോ ചേട്ടൻ രാജുമോനെ ആശ്വസിപ്പിച്ചു . ഒരു 10 മിനിട്ടിൽ സ്ഥലം എത്തി. രാജുമോന് മോൻ നോക്കി നിൽക്കെ ഒരുപാട് നിലകളുള്ള ഭീകര കെട്ടിടമായി ആശുപത്രി . മീറ്ററിൽ  73  ആയെങ്കിലും 80 കൊടുത്തു രാജുമോൻ.

"ഇത്രേം സ്നേഹത്തിന് 7 രൂപയാണോ സാർ വില"

"അപ്പൊ സ്നേഹം ഫ്രീ അല്ലായിരുന്നോ  "

"ഒരു 100 താ സാറേ "

"പോടേ പോടേ , നിന്റെ സ്നേഹം നീ തന്നെ വെച്ചോ...അതൊരു ഉമ്മയായി തന്നാൽ മതിയോ"

" നീ കഴുത്തൊടിഞ്ഞ് ചാകുമെടാ പന്നീ"  അങ്ങേര് പോയി

" ഉമ്മ വേണ്ടേ "

"ഊം....." അത്രേ കേട്ടുള്ളു  ഓട്ടോക്കൊക്കെ എന്താ ശബ്ദം


ഹോസ്പിറ്റലിലേക്ക് പയ്യെ നടന്ന് ഇടത് വശത്തൊരു നാഷണലൈസ്ഡ് ബാങ്കിന്റെ എ ടി എം, ഇടത് വശത്ത് ഒരു മുഴുവൻ പ്രൈവറ്റ് ബാങ്ക് . കുറച്ചൂടെ മുന്നില് സ്വര്ണ്ണം പണയത്തിനെടുക്കുന്ന ഒരു പാലാക്കാരന്റെ ചിട്ടി കമ്പനി . സ്റ്റോക് എക്സ്‌ചേഞ്ചും കമ്മട്ടവും കൂടെ വെക്കാമായിരുന്നു . വാതിൽക്കൽ  എത്തിയപ്പോ ഒരു  ആമ്പുലൻസ്  വന്ന നിന്ന് ഒരു ഡെഡ് ബോഡി കയറ്റുന്നു , പരിചയമുള്ള ആളാണോന്ന് ഒന്ന് നോക്കിയതാ; ചത്തവന്റെ കൂടെ കരയുന്ന ഒരു പെണ്ണുംപിള്ളയുടെ കയ്യിൽ  നമ്മുടെ എ കേ ആന്റണിയും  മീശമാധവനിൽ കൊച്ചിൻ ഹനീഫയുമൊക്കെ കഴുത്തിൽ ഇടുന്ന കേട്ട് ....പിടലിവേദന വന്ന്  ചത്തവനാണല്ലോ ഭഗവാനേ കണി , ഇതൊരു ശകുനം ആണോ ആവോ...അവിടെ ചാരി നിന്ന സെക്യൂരിടി

"സാറിന്റെ ടൈം തന്നെ ശവമാണ്  കണി "

"ഈ ബോഡി ഒക്കെ ഇങ്ങനെ മുന്നിലൂടെ കൊണ്ട് പോയാൽ ആരേലും ഇവിടെ വരുമോ  "

"സാധാരണ പുറകിലൂടെ ആണ് ഇതിപ്പോ ഡ്രൈവറിനു അബദ്ധം പറ്റിയതാ , അത് കൊണ്ട് സാറിനു കണി ആകാൻ പറ്റി "

"പക്ഷെ അതിനു ചേട്ടൻ ഇവിടെ അല്ലെങ്കിലും ഉണ്ടല്ലോ "

ഓട്ടോക്കാരൻ പറഞ്ഞ പോലൊരു വാക്ക് സെക്യൂരിറ്റിയും പറഞ്ഞു , രാജുമോൻ  അതും മൊത്തം കേട്ടില്ല. ആമ്പുലൻസിനോക്കെ എന്താ നിലവിളി ശബ്ദം. അകത്ത് കേറിയപ്പോ നല്ല തിരക്കുണ്ട് . ആദ്യം കണ്ട ചേച്ചിയോട് ചോദിച്ചു OP എവിടാ

" ആ മഷീനിൽ കുത്തി ആദ്യം ടോക്കണ്‍  എടുക്കണം "

ഒരു കുത്തിന്റെ കാര്യമല്ലേ ഉള്ളു  ടോക്കണ്‍ എടുത്തു .അപ്പോഴേക്കും അടുത്ത പഞ്ചായത്തിൽ എത്തിയ ചേച്ചിയെ ഓടിച്ച് പിടിച്ചു.

"ഇതെവിടെതെളിയും "

" എങ്ങുംതെളിയില്ല, മഷീൻ കേടാ, "

"അപ്പൊ വിളിക്കുമോ "

"ഇല്ല സ്പീക്കർ കേടാ , ആ ക്യൂവിൽ പോയി നിന്നാൽ മതി  "

"ക്യൂ നിക്കണെങ്കിൽ ഇതെന്തിനാ എടുത്തേ"

"അതോര് നിയമം ആകുമ്പോ പാലിക്കണ്ടേ "

രാജുമോൻ സ്ത്രീകളെ ഉപദ്രവിക്കാത്തത് അവളുടെ ഭാഗ്യം , എവിടെലും പോയി ജീവിച്ചോട്ടെ.

രാജുമോൻ   ടോക്കണ്‍  എടുക്കാൻ പോയപ്പോ വന്ന ഒരു 8-10 പേരുടെ പുറകിൽ  ക്യൂവിൽ കേറിയിരുന്നു ,  മണ്ടത്തരം പറ്റിയിട്ട്  പറ്റി എന്ന് പറഞ്ഞിട്ട്  കാര്യമിലല്ല്ലോ . കൌണ്ടറിൽ നിന്ന് ടോക്കണ്‍ എടുത്ത് കാശ് കൊടുത്തു ഓർത്ത് പിടിച്ച് ഓർതോപീഡിക് ഡോക്ടറിന്റെറൂമിൽ എത്തി . Dr. S  Roy , ഇനി നിർണയത്തിലെ ലങ്ങേരാണോ , എന്തായാലും  നസ്രാണി ആണ്.. നൈസ് ഇയാള് മതി , കല്ല്യാണം കഴിച്ചിട്ടില്ലെങ്കിൽ മേരിമ്മാമ്മയുടെ മോൾ കിറ്റിക്ക്  ആലോചിക്കാം .ഓർത്തഡോക്സ് ആയാൽ  മതിയാരുന്നു . നഴ്സ് മോശമല്ല, പക്ഷെ നമ്മളെ മൈൻഡ് ആക്കുന്നില്ല . അവളാരാന്നാ അവളുടെ വിചാരം , ഹും . കുറെ നേരം അഭ്യാസം ഒക്കെ കാണിച്ചപ്പൊ അവളൊന്ന് നോക്കി എന്നിട്ട് പറഞ്ഞു

"ങ്ഹാ ഇനി രാജുമോൻ  "

പതുകെ അകത്തേക്ക് പോകുമ്പോ പുറത്ത് നിന്ന് കേട്ട അശരീരി

"സിസ്റ്റർ  എന്തോ തെറ്റുണ്ട് , ഞങ്ങളെല്ലാം അയാളേക്കാൾ മുന്പ് വന്നതാ "

" അറിയാം ചേട്ടാ , ആ കോഴി പോട്ടെ , ഒരു പെങ്ങളുടെ അപേക്ഷ  ആയി കാണണം"

അവരുടെ  തര്ക്കം അവിടെങ്ങും തീർന്നില്ലെങ്കിലും  രാജുമോൻ  ശ്രദ്ധിച്ചില്ല , ടോക്കണ്‍  എടുത്തതിന്റെ ക്ഷീണം തീർന്നതാണെന്ന് വെച്ചാൽ  മതിയെന്ന് ആസ്വസിച്ച് അകത്ത് കേറി പോയി .അകത്ത് ഒരാളേ ഉള്ളു കോട്ടും സ്റെത്തും ഒക്കെ ഉണ്ട് എന്നാലും രാജുമോൻ ചോദിച്ചു

" ഡോ  എസ്  റോയ് "

"യെസ്  സൗരഭ് റോയ് "

അപ്പൊ നസ്രാണി അല്ല വങ്കൻ ആണ് , ഈ പണിയും ഇപ്പൊ ഇവന്മാരാണോ . പക്ഷെ ഓർത്തഡോക്സ് ആണ് നല്ല യാഥാസ്ഥിതിക ബ്രാഹ്മണ ലക്ഷണം ഒക്കെ ഉണ്ട് . വങ്കന്മാർക്ക്  ബുദ്ധി ഇല്ലെങ്കിലും നല്ല ആത്മാർഥത ഉണ്ടാകുമായിരിക്കും.

പ്രശനം പറഞ്ഞു , മലയാളം കേട്ടാൽ മനസിലാകും എന്ന് പറഞ്ഞെങ്കിലും അത്രയ്ക്ക് വിശ്വാസം പോര . പുള്ളി ഇങ്ങോട്ട് പറഞ്ഞ ഇംഗ്ലീഷ് എന്തായാലും രാജുമോന് മനസിലായില്ല. പിന്നെ പുള്ളി ആംഗ്യം കാണിച്ച പോലെ എന്തൊക്കെയോ കോപ്രായങ്ങൾ രാജുമോനും കാണിച്ചു തല മേലോട്ടും കീഴോട്ടും കറക്കി . അയാളുടെ വിചാരം അയാള് ബോയിങ്ങ്  ബോയിങ്ങിലെ മോഹൻലാലും  ഞാൻ കോഴിയും ആണെന്നായിരിക്കും .








പിന്നെ അങ്ങേരു രാജുമോന്റെ തല പിടിച്ച് ഇടത്തോട്ടും വലത്തോട്ടും പിരിക്കാൻ തുടങ്ങി തല കഴുത്തിൽ നിന്ന് പറിച്ചെടുക്കാൻ ആണെന്ന്  തോന്നുന്നു . എന്നിട്ട് കുറെ നേരം കമ്പ്യൂട്ടറിൽ  കുത്തി . സ്ക്രീൻ കാണാത്ത കൊണ്ട് എന്താ ചെയ്തെ എന്ന് ഉറപ്പില്ല ഗൂഗിൾ  ആയിരിക്കും . എന്നിട്ട് ഒരു തുണ്ട് കടലാസെടുത്ത് എന്തൊക്കെയോ കുത്തി കുറിച്ചു ഇംഗ്ലീഷിൽ എന്തോ പറഞ്ഞു , രാജുമോന് മനസിലായ പ്രസക്ത ഭാഗങ്ങൾ

Bull Shit , Oreo, Water Scooter , Strain , Ronaldo , X-Ray ,Golden Gate Bridge

ആ വാക്കൊക്കെ ഓർത്ത്  വെക്കാം ഏതേലും മെഡിക്കൽ സ്റ്റോറിൽ  ചോദിച്ച് എന്താ രോഗമെന്ന് അറിയാമല്ലോ  . അവസാനം എന്തോ പറഞ്ഞിട്ട്  കുറിപ്പടി തന്നു, അതും വാങ്ങി ഷേക്ക് ഹാൻഡ് കൊടുത്ത് ഇറങ്ങാം  എന്ന് വെച്ചതാ അങ്ങേർ പുറകിൽ നിന്ന് വിളിച്ചിട്ട് ഒരു കുറിപ്പടി കൂടെ തന്നു

Blood Test

Chemical X
Chemical Y


ബ്ലഡ് എടുക്കാൻ സൂചി കണ്ടാൽ യൂറിൻ  പോകുന്നതാണ് രാജുമോന്റെ ചരിത്രം, എന്നാലും എഴുതിയതല്ലേ . ഈ X, Y എന്ന്  വെച്ചാൽ  ക്രോമസോമോ  ജീനോ   എന്തോ അല്ലേ, ഇങ്ങേരും ഞാൻ വായിച്ച ഇസ്ലാമിക് മെഡിസിൻ വായിച്ച് കാണും. മൂത്രം പോയാലും സാരമില്ല ജീവിതകാലം മുഴുവൻ മൂത്രം ഒഴിക്കാൻ മാത്രം പറ്റുന്നതിലും നല്ലതല്ലേ. ബ്ലഡ് ടെസ്റ്റ്‌ ചെയ്ത് കളയാം . കാശൊക്കെ എടുത്ത് ലാബിൽ ചെന്നപ്പോ അതിനും ക്യൂ, അതും കഴിഞ്ഞ് മുന്നിലെത്തി ബ്ലഡ് കൊടുത്തു. കയ്യുടെ മടക്കിൽ കൊഴുപ്പടിഞ്ഞു ഞരമ്പ് പോയിട്ട് എല്ല്  തന്നെ ഇല്ലെന്ന്  കണ്ട ലാബിലെ ചേച്ചി ,കൈപ്പത്തിയുടെ പുറകു വശത്ത് നിന്ന് ബ്ലഡ് എടുത്തു ഒരു ബാന്റ് എയിഡ് ഒട്ടിച്ച് വിട്ടു. രക്തമെടുത്തപ്പൊ മൂത്രം പോകാത്ത കൊണ്ടും , ബാക്കിയുള്ളവർക്കില്ലാത്തിടത്ത് മുറിവ്  വന്നത് കൊണ്ടും രാജുമോന് അതൊരു യുദ്ധത്തിൽ പറ്റിയ മുറിവ് പോലത്തെ അഭിമാനം തോന്നി . പുതിയ വാച്ച് 10 ആളെ കാണിക്കാൻ മൂക്ക് ചൊറിയും  പോലെ മൂന്ന് നാല് വട്ടം രാജുമോൻ  മൂക്ക് ചൊറിഞ്ഞു. ടെസ്റ്റ്‌ റിസൾടിനു വെയിറ്റ് ചെയ്യുന്ന സമയം ബിരിയാണി കഴിച്ചേക്കാം.


രണ്ട് ബിരിയാണിക്കും ഒരു ചിക്കന് റോസ്റ്റിനും ശേഷം രാജുമോൻ  റിസൾട്ട്‌  കൌണ്ടറിൽ  ചെന്നപ്പോ അവിടൊരു ചെറിയ ആൾക്കൂട്ടം, റിസൾട്ട്‌ ഒക്കെ ഇപ്പൊ കമ്പ്യൂട്ടറിൽ  ആണത്രെ ;ആ കമ്പ്യൂട്ടർ ഓടുന്നില്ല നെറ്റ്‌വർക്ക് മൊത്തം ഡൌണ്‍ ആണെന്ന്.

കൌണ്ടർ ചേച്ചി : ഇപ്പൊ ശരിയാക്കി തരാം

റിസൾട്ട്‌ വാങ്ങാൻ നിന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയർ : അത് ഹാർഡ്‌വെയർ  ഇഷ്യു ആണ് 

ഇലക്ട്രോണിക്സ് എഞ്ചിനിയർ : സോഫ്റ്റ്‌വെയർ പ്രശ്നംആണ്

ഇലക്ട്രിക്കൽ എഞ്ചിനിയർ : ജനറേറ്റർ  എങ്ങാനും ആയിരുന്നേൽ ഞാൻ ശരിയാക്കിയേനെ

മെക്കാനിക്കൽ എഞ്ചിനിയർ : റോയൽ മെക്ക്സ് ഈ ചീളു കേസിലൊന്നും ഇടപെടില്ല

രാജുമോൻ : ഹു ഹു ഹു ഹു

എല്ലാവരും രാജുമോനെ ഒന്ന് നോക്കി

രാജുമോൻ : വാട്സാപ്പിൽ തമാശ വായിച്ചതാ , യൂ ഗയ്സ് ക്യാരി ഓണ്‍.

കൌണ്ടർ ചേച്ചി : ഇപ്പൊ ശരിയാക്കി തരാം


കഴിക്കാൻ പോയ ഡോക്ടർ ഇനി നാല് മണിക്കേ വരൂ എന്ന ഉറപ്പുള്ള കൊണ്ടും രാജുമോൻ  മാത്രം ബഹളമുണ്ടാക്കാതെ ഒരു മൂലക്കു നിന്ന് മൊബൈൽ നോക്കി ചിരിച്ചു കൊണ്ടിരുന്നു . തർക്കം  കയ്യാങ്കളിയിൽ എത്തുമെന്ന് മനസിലായപ്പോ കൌണ്ടർ ചേച്ചി അകത്തേക്ക് ഓടി . ഒരു  മിനിറ്റ് കഴിഞ്ഞ് കാണും   മഞ്ഞ സാരി ഉടുത്ത സുന്ദരിയായ  സ്ത്രീ  ഓടി വന്ന്  രാജുമോനോട് 

"സാർ ക്ഷമിക്കണം , ഇപ്പൊ ശരിയാക്കി തരാം " 

എന്ന് പറഞ്ഞ്  വന്ന വഴിക്ക് ഓടി . ഒരു മിനിറ്റ് കഴിഞ്ഞ് കൌണ്ടർ ചേച്ചി വീണ്ടും പ്രത്യക്ഷപ്പെട്ട്  ദേഷ്യത്തിൽ 

"നമ്മുടെ മെക്കിട്ട് കേറാൻ എല്ലാവർക്കും  അറിയാം, ഉത്തരവാദിത്തപ്പെട്ടവർ വന്നാൽ ആർക്കും  വായിൽ നാക്കില്ല " 

അപ്പൊ കൂട്ടത്തിൽ സൈക്കിൾ ചെയിൻ  ഒക്കെ കയ്യിലെടുത്ത ഒരു ചേട്ടൻ 

"ആര് വന്നു ആരും വന്നില്ല ഞങ്ങൾ ആരെയും കണ്ടില്ല"

"ഇപ്പൊ മഞ്ഞ സാരി ഉടുത്ത് വന്ന മാഡം "

മഞ്ഞ സാരി എന്ന കേട്ട രാജുമോൻ  തലപൊക്കി നോക്കി 

"ഞാൻ കണ്ട് ഞാൻ മാത്രേ കണ്ടുള്ളൂ  , എന്നോട് പറഞ്ഞ്  ഇപ്പൊ ശരിയാകുമെന്നു "

കയ്യിൽ  വടിവാളുമായി നിന്ന മറ്റൊരു ചേട്ടൻ

" കൂട്ടത്തിലെ മക്കുണനോട് പറഞ്ഞതാകും "

പിന്നെ ആരൊക്കെയോ എന്തൊക്കെയോ രാജുമോനെ പറഞ്ഞു  രാജുമോൻ  ഒന്നും കേട്ടില്ല വാട്സപ്പ് ടോണിനോക്കെ  എന്താ ശബ്ദം .

അരമണിക്കൂർ കലാപവും ലാത്തി ചാർജും  ജലപീരങ്കിക്കും ഏറു കൊണ്ട പോലീസ്കാരെ  സർക്കാർ  ആശുപത്രിയിൽ തള്ളിയതിനും 1500 വാട്സപ്പ് മെസേജിനും ശേഷം എല്ലാവർക്കും  റിസൾട്ട്‌ കിട്ടി 


Chemical X

Result : 8 mg/dl 

Normal Value : 2-7 mg/dl

Chemical Y 

Result : 5 mg/dl 

Normal Value 6-8 mg/dl


ഇപ്പൊ ഒരു ക്ലീഷേക്ക് സ്കോപ്പുണ്ടല്ലേ  പറഞ്ഞേക്കാം ;  പകച്ച് പോയി രാജുമോന്റെ ബാല്യം ഇതിനു മുൻപ് പകച്ച് പോയത് ഒരു കള്ളക്കടത്ത്കാരനോട്  " ആരുവാ  തന്റെ തന്ത"  എന്ന് ചോദിച്ചപ്പൊഴാ . Y കുറവുള്ളത്  കൂടുതലുള്ള  X വെച്ച് അഡ്ജസ്റ്റ് ചെയ്യാൻ വകുപ്പുണ്ടായിരുന്നാൽ മതിയാരുന്നു . ഡോക്ടറിനെ കണ്ട് പുള്ളി റിസൾട്ടിലും  രാജുമോന്റെ മുഖത്തും മാറി  മാറി  നോക്കി കണ്ണുനീർ  വാർത്തു .

"കുട്ടികളുണ്ടാകില്ലേ ഡോക്ടർ "
" യെസ് യെസ്  കിഡ്സ്‌ നോ പ്രോബ്ലം "

പിന്നെയും കുറെ നേരം ഇംഗ്ലീഷ് പറഞ്ഞു

Britain , Capitalism , Cabbage , Novel , Bankrupt, Windows Media Player

രാജുമോൻ  മെഡിക്കൽ സ്റ്റോറിൽ  ചോദിക്കേണ്ട വാക്കുകളുടെ കൂട്ടത്തിൽ ഇതും കുറിച്ച് വെച്ചു ഈ പുല്ലൻ കരഞ്ഞതിന്റെ കാരണം അറിയണമല്ലോ മനുഷ്യനെ ടെൻഷൻ ആക്കാൻ . പുള്ളി പിന്നെയും കുറെ കുറിപ്പടി എഴുതി രാജുമോന് കൊടുത്ത് , പിന്നെ ഡയറ്റീഷ്യൻ ഡയറ്റീഷ്യൻ എന്ന്  രണ്ട് തവണ പറഞ്ഞത് ഡയറ്റീഷ്യനെ കാണാൻ ആണെന്ന് ഊഹിച്ചു  . നഴ്സിനോട് വഴി ചോദിച്ച് ഡയറ്റീഷ്യന്റെ ക്യാബിൻ എത്തിയപ്പോ ലോക്ക്ഡ്.  റിസപ്ഷനിൽ അന്വേഷിച്ചപ്പൊ റൌണ്ട്സ്  ആണത്രെ ആയിക്കോട്ടെ വെയിറ്റ് ചെയ്യാം .

Department of Nutrition 

എന്നെഴുതിയ റൂമിന് മുന്നില് രാജുമോൻ ഇരുന്നു ഒരു 2 മിനിറ്റ് ഉറങ്ങി കാണും സ്വപ്നത്തിലെ അശരീരി പോലൊരു വിളി 

"രാജുമോനല്ലേ "

വിളി കേട്ട് നിന്നപ്പോ സ്വപ്നത്തിൽ ഓടിച്ചോണ്ടിരുന്ന പാമ്പ്‌ രാജുമോനെ കടിച്ച് സ്വപ്നത്തിൽ മരിച്ച് രാജുമോൻ  യഥാർത്ഥ്യത്തിൽ ഉണർന്നു. ക്ലോസപ്പിൽ ഒരു പരിചയമുള്ള മുഖം പക്ഷെ ആളെ മനസിലാകുന്നില്ല ഒന്നും പിടികിട്ടുന്നില്ല ഇനി ഇതും സ്വപ്നം.

"ഞാൻ ടീച്ചർ സ്കൂളിലെ ഓർമയില്ലേ "

ഓർമയില്ല  എന്ന്  പറഞ്ഞാൽ സീൻ ആകുമോ , സത്യത്തിൽ ഓർമയില്ല ; പറയണ്ട 

" പിന്നെ ഓർമയുണ്ട്, അറിവിന്റെ ആദ്യാക്ഷരം പഠിപ്പിച്ചവരെ  മറക്കാൻ പറ്റുമോ "

"നിങ്ങളൊക്കെ ഓർക്കുന്നതാ  ഒരു ടീച്ചറിന്റെ വിജയം "

"യെസ് യെസ് മോസ്റ്റ് ഡഫ്‌നിറ്റ്ലി , ടീച്ചറെന്താ  ഇവിടെ "

"ഞാൻ മോളുടെ കൂടെ വന്നതാ , രാജുമോൻ  എന്താ ഇവിടെ , ഭാര്യ എവിടെ "

" ഏത് ഭാര്യ, ഞാൻ കല്ല്യാണം കഴിച്ചിട്ടില്ല "

"പിന്നെ ഗേൾ ഫ്രണ്ട് ആണോ , മടിക്കാതെ പറഞ്ഞോ ഞാൻ നല്ല പുരോഗമന മനോഭാവം ഉള്ള ആളാ" 

"ഏയ്‌ അല്ല , ഞാൻ എന്റെ ഒരു ആവശ്യത്തിനു വന്നതാ "

"ഇവിടെയോ "

അപ്പൊ ടീച്ചറിന്റെ  മോളെ അകത്തേക്ക് വിളിച്ച് , ടീച്ചർ  സംസാരം നിർത്തി  അകത്ത് പോയി . ഒന്നും മനസിലാകാത്തിരുന്ന രാജുമോന് ചുറ്റും നോക്കിയപ്പൊ കാര്യം പിടികിട്ടി 

Room No 16 : Gynecologist 
Room No 17 : Consultant Gynecologist 
Room No 18 : Gynecology Surgeon 
Room No 19 : Department of Nutrition 
Room No 20 : Senior Gynecologist 
Room No 21 : Head of the Department (Gynecology )
Room No 22 : Principal Gynecologist 

Department of Nutrition ആണെങ്കിൽ  പൂട്ടി ഇട്ടിരിക്കുന്നു ഇനി എനിക്കെങ്ങാൻ ഗർഭം ആണെന്ന് വിചാരിച്ച് കാണുമോ അതിനുള്ള വയറൊക്കെ ഉണ്ട് , സത്യത്തിൽ അതിലും കൂടുതൽ വയറുണ്ട് രാജുമോൻ മനസ്സിൽ വിചാരിച്ചു . ഒന്ന് കൂടെ പോയി ചോദിച്ച് റിസപ്ഷനിൽ Room No 19 തന്നല്ലേ ഡയറ്റീഷ്യൻ , അവിടെ ഇരുന്നാൽ മതിയെന്ന് ആ ചേച്ചിയും പറഞ്ഞു . തിരിച്ച് ചെന്ന് നോക്കിയപ്പോ എല്ലാ കസേരയിലും ഗർഭിണികൾ ഭർത്താക്കന്മാർ അമ്മമാർ അമ്മായി അമ്മമാർ ഓടി കളിക്കുന്ന അനേകം കുട്ടികൾ . അത് വരെ എതോ ന്യൂസ് ചാനൽ ഓടിക്കൊണ്ടിരുന്ന ടി വിയിൽ ഏതോ സീരിയൽ ഓടുന്നു , പെണ്ണുങ്ങളെല്ലാം കുട്ടികളെയും മറ്റും നോക്കുമ്പൊ ആണുങ്ങളെല്ലാം കാര്യമായി സീരിയൽ കാണുന്നു സ്റ്റീരിയോടൈപ്പ് ശരിയാവത്തതിൽ മനം നൊന്ത് രാജുമോൻ  മനസ്സിൽ വിചാരിച്ചു ; പെണ്ണുങ്ങളെല്ലാം ഇന്നലെ കണ്ട് കാണും സീരിയൽ ,ആണുങ്ങൾ വേറെ പണിയില്ലാത്ത കൊണ്ട് നോക്കുന്നതാ. രാജുമോനും കുറെ നേരം സീരിയൽ കണ്ടു; കൊള്ളാം. നേരത്തെ കണ്ട  ന്യൂസിനെക്കാൾ  നിലവാരമുണ്ട് . അപ്പൊ പോയി - കറന്റ് : രംഗബോധമില്ലാത്ത കോമാളി തെണ്ടി . നല്ല ഫ്ലോയിൽ കണ്ട് വരുകയായിരുന്നു . അധികം താമസിക്കാതെ പക്ഷെ കറന്റ് വന്നു സീരിയൽ എന്തായോ എന്തോ എന്ന്  ആവേശത്തോടെ നോക്കിയപ്പൊ ടി വി ഓണ്‍ ആയപ്പോ ചാനൽ കേബിൾ ഓപ്പറേറ്ററുടെ  ഇൻഫോർമേഷൻ ചാനൽ അവിടെ ഊർമിള ഉണ്ണി വലം പിരിശംഖ് വിൽക്കുന്നു പിന്നൊരു പ്രകൃതി ചികിത്സക്കാരന്റെ പ്രസവ ശ്രുശ്രൂഷയും 

"ശശികല ,  ശശികല "  ഒരു നേഴ്സ് വിളിക്കുന്നു "ശശികല ഇല്ലേ "

കൂട്ടത്തിലൊരു ഗർഭിണി  ഉത്തരം പറഞ്ഞു

 "ശശികല പരസ്യം കണ്ട് പ്രകൃതി ചികിത്സക്ക് പോയി "

മൂത്ത നേഴ്സ് ഇളയ നേഴ്സിനോട്

"നിന്നോട് പലവട്ടം പരഞ്ഞിട്ടുണ്ട് ആ പരസ്യം ഇവിടെ ഓടിക്കരുതെന്ന് "

 മറ്റൊരു ഗർഭിണി പറഞ്ഞു 
 "സാരമില്ല കഴിഞ്ഞ തവണ പരസ്യം കണ്ട് ഞാനും പോയതാ , ശശികലയും തിരിച്ച് വരും "

"എന്നാൽ നിങ്ങൾക്കിത് അവരോട് പറഞ്ഞുകൂടായിരുന്നോ "

"അത് ആരും പറഞ്ഞാൽ വിശ്വസിക്കില്ല അനുഭവിച്ചാലേ പഠിക്കു "

ഇളയ നഴ്സ് ചാനൽ മാറ്റി . രാജുമോൻ  ഒരു തൂണിൽ ചാരി നിന്ന് പിന്നെയും സീരിയൽ കണ്ടു .വേറെ സീരിയൽ ആണെന്ന് തോന്നുന്നു ആളുകളൊക്കെ വേറെ ആണ്  , പക്ഷെ നേരത്തെ കണ്ടോണ്ടിരുന്ന  സീരിയൽ കൂടെ ചേർത്ത്  വായിച്ചാൽ കഥ മനസിലാകുന്നുണ്ട്. 

തോളത്താരോ തട്ടി വിളിച്ച് ടീച്ചർ  ആണെന്ന് കരുതി തിരിഞ്ഞപ്പോ വേറൊരു ചേച്ചി ഗർഭിണി  ആണോ ആവോ 

ചേച്ചി : അങ്ങോട്ട് നീങ്ങി നിൽക്ക് 

"എങ്ങോട്ട് "

"എങ്ങോട്ടെങ്കിലും , തൂണിൽ നിന്ന് മാറ്"

" മനസിലായില്ല " 

"ഞാൻ രോഗിയുടെ കൂടെ വന്നതാ കുറച്ച് നേരം ഞാൻ ചാരി നിക്കട്ടെ "

"ഞാൻ രോഗിയാ ഞാനാ ആദ്യം എത്തിയത് , യൂ ഫൈൻഡ് യുവർ ഓണ്‍ ട്രീ " 

അവരെ കണ്ടിട്ട് ഇംഗ്ലീഷ് ,  മൂവി റെഫെറൻസ് രണ്ടും മനസിലായില്ല എന്ന്  തോന്നുന്നു. പക്ഷെ അവരുടെ നോട്ടത്തിലും ചുറ്റുമുള്ളവരുടെ നോട്ടത്തിലുമുള്ള മലയാളം രാജുമോന് മനസിലായി ; സൈഡിലേക്ക് മാറി കൊടുത്തു . പക്ഷെ മനസിലെ ക്രോധം കരഞ്ഞു തീർക്കാൻ ശ്രമിച്ചു 

"പെണ്ണാളേ പെണ്ണാളേ 
കരിമീൻ കണ്ണാളേ കണ്ണാളേ 
കന്നിത്താമര 

പൂമോളേ ................"

ചേച്ചി : ഹെന്ത് 

രാജുമോൻ  : ഹോയ് ഹോയ് 

ചേച്ചി വീണ്ടും സീരിയൽ കാണാൻ തുടങ്ങി രാജുമോൻ  പിന്നേം പാട്ട് പാടി 

"പണ്ടൊരു മുക്കുവാൻ മുത്തിന്  പോയി 
പടിഞ്ഞാറൻ കാറ്റത്ത് മുങ്ങി പോയി 
അരയത്തിപ്പെണ്ണ്  

പെഴച്ച്പോയി ....."

കഴിഞ്ഞ തവണ ഒഴിവാക്കി വിട്ടെങ്കിലും ഇത്തവണ ചേച്ചിക്ക് ഇഷ്ടപെട്ടില്ല , ചേച്ചി കുറച്ച് അപ്പുറത്തേക്ക് നോക്കി വിളിച്ചു 

"ചേട്ടാ ഒന്നിങ്ങ് വരുമോ" 

രാജുമോൻ  ഒന്നൂടെ അങ്ങോട്ട് നോക്കി ഒരു ഗഢാഗഡിയൻ ഗുസ്തിക്കാരസിംഹം , ചേച്ചി തിരിഞ്ഞു നോക്കുമ്പോഴേക്കും രാജുമോൻ  സീൻ വിട്ടു റിസപ്ഷനിലേക്ക് ഓടി .

"ഡയറ്റീഷ്യൻ വരുമോ , എനിക്കിപ്പോ അറിയണം "

"റൌണ്ട്സ് കഴിഞ്ഞ് എത്തും സാർ"

"മനുഷ്യനെ ഊള ആക്കരുത് എവിടെ അവര്  വരൂല്ലെങ്കിൽ ഞാൻ പോണു "

"സാർ ഒരു മിനിറ്റ് വെയിറ്റ് ചെയ്യണം "

ആരെയൊക്കെയോ ഫോണ്‍  ചെയ്ത ശേഷം 

"സാർ മുകളിലത്തെ നിലയിൽ  ഒരു ഡയറ്റീഷ്യൻ കൂടെ ഉണ്ട് , അങ്ങൊട്ട്  ചെന്നോളൂ"

"ഇത് നേരത്തെ പറഞ്ഞില്ലല്ലോ " 

"താഴെ ആള്  വരുമെന്ന് വിചാരിച്ചു "

"ഇനി ആവർത്തിക്കരുത്  ങ്ഹാ "

ഇതിവന് നേരത്തെ പറഞ്ഞൂടായിരുന്നോ , ദേഷ്യപ്പെട്ടാലെ കാര്യം നടക്കു , റിസപ്ഷനിസ്റ്റ് പുരുഷൻ ആയത് നന്നായി; മെക്കിട്ട് കേറാൻ പറ്റിയല്ലോ ,ചുമ്മാതല്ല സ്ഥിരമായി ഈ പണി സുന്ദരികൾ ചെയ്യുന്നത്.

ലിഫ്റ്റ്‌ കയറി ഏറ്റവും മുകളിൽ ചെന്നപ്പോ ആദ്യം കണ്ടത് ക്യാന്റീൻ , അപ്പൊഴാണ് ഓർത്തത് ഈ കെട്ടിടത്തിൽ വേറെങ്ങും ക്യാന്റീൻ ഇല്ല ; രോഗികൾ ഈ നിലയോക്കെ കേറി വന്ന് വേണോ വല്ലതും കഴിക്കാൻ .ചിന്തിച്ചതിന്റെ ഉത്തരം  അവിടെ തന്നെ വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട് 

കണ്ണൻ ദേവൻ  : ഞങ്ങൾക്ക്  ചായയുടെ രുചിയാണ് വലുത് 

ചൊറി കുത്തി ഇരിക്കുന്ന ഡയറ്റീഷ്യനെ കണ്ട് പിടിച്ച് ഡോക്ടറുടെ കുറിപ്പടിയും ടെസ്റ്റ്‌ റിസൾട്ടും കൈ മാറി .

"Chemical X  - 8 , അത് വെള്ളമടി നിർത്തിയാൽ മാറിക്കോളും "

"അത് വേണോ "

" ഇതൊരു കളി ആയി കൂട്ടുക , നിങ്ങളുടെ ജീവിതം  ഓരോ വർഷം  വെച്ച് നീട്ടി തരുമ്പോ നിങ്ങൾ ഇഷ്ടമുള്ള ഭക്ഷണം ഓരോന്നായി ഉപേക്ഷിക്കണം "

" നല്ല കളി പക്ഷെ ഒരു സംശയം , നാളെ ഞാൻ വണ്ടി ഇടിച്ച് ചത്താൽ ഈ ഉപേക്ഷിച്ചതൊക്കെ വെറുതെ ആവില്ലേ "

"വണ്ടി ഇടിച്ച് ചത്താൽ അല്ലെങ്കിലും നിങ്ങൾക്കിതൊന്നും പിന്നെ തിന്നാൻ പറ്റില്ലല്ലോ , അപ്പൊ എന്ത് കൊണ്ടും ഇതൊരു win-win deal ആണ് "

"പണ്ട് ഇടപ്പഴഞ്ഞി ചന്തയിൽ മത്തിക്കചവടം ആയിരുന്നോ , നല്ല Marketing Strategy "

"അത് പറഞ്ഞപ്പോഴാണ് , മത്തി അത് കഴിക്കാൻ പാടില്ല "

"ഇതറിഞ്ഞെങ്കിൽ വഴുതനങ്ങ കച്ചവടം ആണൊന്ന് ചോദിച്ചേനെ"

" ആ യെസ് വഴുതനങ്ങ കഴിക്കണം "

അര മണിക്കൂർ  കൊണ്ട് ഡയറ്റീഷ്യൻ രാജുമോന്  30 വർഷം വാഗ്ദാനം ചെയ്തു , സ്ഥാവര ജംഗമം എല്ലാം എഴുതി വാങ്ങിച്ചു 

" രാവിലെ ഒരു കലം വെള്ളം , ഉച്ചക്ക് ഒരു കെട്ട് പുല്ല് , വൈകുന്നേരം ഒരു അര കഷ്ണം പിണ്ണാക്കാകാം , രാത്രി കിടക്കുന്നതിന് മുൻപ് ഒരു കെട്ട് പുല്ല് , നല്ല പോലെ അദ്ധ്വാനിക്കണം രാവിലെയും വൈകിട്ടും ചക്ക് ആട്ടി എണ്ണ എടുക്കണം, പകൽ സമയത്ത് നിലം ഉഴുതുകയോ വണ്ടി വലിക്കുകയോ ആകാം "

"വയസ്സാകുമ്പോ എന്നെ വെട്ടാൻ കൊടുക്കുമായിരിക്കും "

"ഒരിക്കലൂമില്ല ബീഫ് ആരോഗ്യത്തിനു ഹാനികരം "

"ഇവിടെ എഴുതി തൂക്കിക്കോ "

ഇനി നിന്നാൽ കൊമ്പും വാലും ഒക്കെ വളരുമോ എന്ന് പേടിച്ച് രാജുമോൻ അവിടിന്നിറങ്ങി . ഇനി മരുന്ന് വാങ്ങണം എന്നിട്ട് വീട്ടിൽ പോകാം . ഫാർമസിയിൽ ചെന്ന് തുണ്ട് കൊടുത്തു , 

"ടോക്കണ്‍ എടുക്കണം "

"എടുക്കൂല്ല "

"എടുത്താലെ മരുന്ന് തരൂ "

"വെറുതെ കീഴ്‌വഴക്കത്തിനാണേല്‍ ഞാന്‍ എടുക്കൂല്ല"

"എന്നാ ഇവിടെ നിക്കത്തേ  ഉള്ളു , ഇവിടെ തെളിയുന്ന ടോക്കണ്‍ നമ്പരുള്ള തുണ്ടില്ലെങ്കിൽ ഞാൻ ആർക്കും മരുന്ന് കൊടുക്കില്ല "

മനസില്ലാമനസോടെ ടോക്കണ്‍ എടുത്തു , രാജുമോന് ശേഷം വന്ന കുറെ പേർ നേരത്തെ ടോക്കണ്‍ എടുത്ത് മുന്നിൽ കേറി,  രാജുമോൻ വീണ്ടും  മൂത്ത ഇഞ്ചി . ടോക്കണ്‍  വരാൻ കുറെ ടൈം എടുക്കും മരുന്നൊക്കെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കി. ഈ സാധനത്തിനു എഫെക്റ്റ് പോലെ സൈഡ് എഫ്ഫക്റ്റ്‌  ഉണ്ടല്ലോ, ഭാഗ്യം ഒന്നിനും ഇമ്പൊട്ടൻസി ഇല്ല വാങ്ങിച്ചേക്കാം . അടുത്തിരുന്ന പയ്യൻ  തട്ടി വിളിച്ചിട്ട് 

"ചേട്ടാ , ഗൂഗിൾ  ചെയ്യണ്ട മരുന്നിനോന്നും ഫലമില്ലെന്നേ പറയു "

"ഇവിടെ അധിക ഫലം മാത്രേ ഞാൻ കാണുന്നുള്ളു "

"ഞാനും ഗൂഗിൾ  നോക്കിയതാ കഴിഞ്ഞ തവണ , എഫക്റ്റ് ആകുന്ന സൈഡ് എഫ്ഫക്റ്റ്‌ ഇല്ലാത്ത ഒരു മരുന്നേ ഉള്ളു കണ്ണാപ്പീസ് "

"എന്തിരപ്പീ"

"കണ്ണാപ്പീസ്, പക്ഷെ ഞാനിവിടെ ചോദിച്ചിട്ട് കിട്ടീല്ല " 

"അങ്ങനൊരു മരുന്നുണ്ടെങ്കിൽ കൊള്ളാമല്ലൊ "

" ഉണ്ട് ഏട്ടാ , നിങ്ങള്  ഗൂഗിൾ  ചെയ്യ് C A N N A B I S ; കണ്ണാപ്പീസ്" 

"ഇതാണാ നീ പറഞ്ഞ എല്ലാ രോഗത്തിന്റെയും മരുന്ന് , നീ ഇത് കണ്ണാപ്പീസ് എന്ന്  വായിച്ചത് നന്നായി അല്ലേൽ മെഡിക്കൽ സ്റ്റോറിൽ ചോദിച്ചപ്പൊ  അകത്ത് പോയേനെ മോനെ  "

 സംഗതിയുടെ കിടപ്പ് വശം അവനു വിശദീകരിച്ച് കൊടുത്തപ്പോഴേക്കും അവന്റെ ടോക്കണ്‍  വിളിച്ചു . ഒരുത്തന്റെ ജീവിതം രക്ഷിച്ച അഭിമാനത്തിൽ ഇരുന്നപ്പോ രാജുമോന്റെയും ടോക്കണ്‍ വിളിച്ചു . മരുന്ന് വാങ്ങി കാശ് കൊടുത്തു . ഒരു ദിവസത്തെ അദ്ധ്വാനം കഴിഞ്ഞ്  ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി . 

ഓട്ടോ സ്റ്റാൻഡിൽ  നോക്കി , കാര്യമില്ല ടെസ്റ്റും മരുന്നും എല്ലാം കഴിഞ്ഞ് പോക്കറ്റിൽ ഒരു 5 രൂപ , മൂന്ന് 2 രൂപ , ഒരു ഒറ്റ രൂപ. ആകെ കയ്യിലുള്ള സ്വർണ്ണ അരഞ്ഞാണം ഊരി  അച്ചായന് കൊടുക്കേണ്ടി വന്നില്ലല്ലോ . ബസിൽ പോകാം, ഒരു സ്റ്റോപ് മുൻപിറങ്ങി  നടന്നാൽ കാശ് അഡ്ജസ്റ്റ് ആകും വ്യായാമവും ആകും  . ബസ് സ്റ്റോപ്പിൽ വെറുതെ ഒന്ന് നോക്കിയപ്പൊ ദേ നിക്കുന്നു മറ്റേ ഗുസ്തിക്കാരൻ ചേട്ടനും ഭാര്യയും . രാജുമോനെ കണ്ടപ്പൊ ചേച്ചി എന്തോ അങ്ങേരുടെ കാതിൽ പറഞ്ഞു . അങ്ങേരു രാജുമോനെ ഒന്നിരുത്തി  നോക്കി . 

പ്ലാൻ ചേഞ്ച്‌. ഇനി ഈ ബസ് സ്റ്റോപ്പിൽ നിക്കാൻ പറ്റില്ലല്ലോ ; അടുത്ത ബസ് സ്റ്റോപ്പ് വരെ നടന്ന് പോയിട്ട് അവിടുന്ന്  ബസ് പിടിക്കാം : വ്യായാമവും ആകും കാശും അഡ്ജസ്റ്റ് ആകും 


രാജുമോൻ ആരെയും ഉപദ്രവിക്കാത്തത് അയാളുടെ ഭാഗ്യം , എവിടെലും പോയി ജീവിച്ചോട്ടെ

അമ്മയെ വിളിച്ച് വിവരം പറഞ്ഞു കൊണ്ട് ഞാൻ വീട്ടിലേക്ക് നടന്നു

"അമ്മേ ഡയറ്റീഷ്യൻ പറഞ്ഞിട്ട് ഞാൻ നടന്നാ വീട്ടിലേക്ക് വരുന്നത് "













No comments: