Friday, 23 October 2015

അണ്ഡകടാഹം by ശിവന്‍ : Interstellar Retold

ഇന്നത്തെ നമ്മുടെ വിഷയം ഇന്റർസ്റ്റെല്ലർ(Interstellar) എങ്ങനെ ഇന്ത്യയിൽ എടുക്കാം എന്നാണു. ഉത്തരേന്ത്യയിൽ ഇതിനു ത്രാണിയുള്ള നടന്മാർ ഇല്ലാത്തത് കൊണ്ടും സല്ലു ഭായ്ക്ക്  ഇതൊക്കെ പറ്റുമെങ്കിലും ഭായ് ഉള്ളപ്പോ ലോകം അവസാനിക്കാൻ സാധ്യത ഇല്ലാത്തത് കൊണ്ടും ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് അല്ല എന്ന ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടും ഈ കഥ തമിഴിലും  തെലുങ്കിലും  ആണ്  എടുക്കേണ്ടത് പിന്നെ മലയാളത്തിലേക്കും ഹിന്ദിയിലേക്കും ജാപ്പനീസിലേക്കും  ഒക്കെ ഡബ് ചെയ്യാല്ലൊ. നിർമാതാവിന്റെ കഴിവ് പോലെ സിനിമ ബ്രഹ്മാണ്ടമോ കിടിലാണ്ടമോ ഒക്കെ ആക്കാവുന്നതേ ഉള്ളു. സംവിധായകനെ നമുക്ക്  ശിവൻ (രാജമൗലി  എന്നോ , ശങ്കർ എന്നോ കേ എസ്  രവികുമാർ  എന്നോ വിളിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല അവരെ  കോപ്പി അടിച്ചതാണെന്ന് വിചാരിച്ചാലോ )  എന്ന്  വിളിക്കാം . സിനിമയുടെ പേരു 'അണ്ഡകടാഹം'.

സിനിമ തുടങ്ങുന്നത് നായകന്റെ കുട്ടിക്കാലത്താണ്‌ , കുട്ടിയായ നായകനും സദാ അവശതയുള്ള അമ്മയും പിഞ്ചു കുഞ്ഞായ അനിയത്തിയും അടങ്ങിയ ചെറുതെങ്കിലും സന്തുഷ്ടമല്ലാത്ത കുടുംബം. നായകന്റെ  അച്ഛന്‍ ISRO യില്‍ പൈലറ്റ് ആയിരുന്നു ബഹിരാകാശത്ത് പോയപ്പൊ  ചത്ത് പോയതാണെന്ന് അമ്മയും അല്ല കൂടെ ജോലി ചെയ്ത ശാസ്ത്രജ്ഞയുമായി ബഹിരാകാശത്തേക്ക് ഒളിച്ചോടിയതാണെന്ന് നാട്ടുകാരും പറയുന്നു .അതെന്തായാലും അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട്  നായകനു അച്ഛനോട് തീര്‍ത്താല്‍ തീരാത്ത വെറുപ്പാണ്‌, അത് കൊണ്ട് തന്നെ ISRO ശാസ്ത്രജ്ഞന്മാരോടും.

20 വര്‍ഷങ്ങള്‍ക്ക് ശേഷം


മുല്ലപ്പെരിയാര്‍ നിന്നും കാവേരിയില്‍ നിന്നും വെള്ളം കിട്ടാതെ തമിഴ്നാട്ടില്‍ വന്‍ വരള്‍ച്ചയാണ്‌ (തെലുങ്കില്‍ ഇതിനു പകരം തെലങ്കാനയുടെ ക്രൂരതയോ , ആന്ധ്രയുടെ ക്രൂരതയോ, കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരതയോ ഒക്കെ ആക്കാം) അരിയും പച്ചക്കറികളും വളരുന്നില്ല .നാട്ടില്‍ കൊടും ദാരിദ്ര്യം ലോകം അവസാനിക്കാന്‍ പോകുന്നു എന്ന് എല്ലാ ദിവസവും ഫേസ്ബുക്കിലും വാട്സാപ്പിലും ഫോര്‍‌വേഡ് വരും . പാവപ്പെട്ടവരുടെ കഞ്ഞിക്കലത്തില്‍ കയ്യിട്ട് വാരുന്ന ധനികരും അവരുടെ വാക്ക് മാത്രം കേള്‍ക്കുന്ന ഭരണവര്‍ഗ്ഗവും അവരുടെ അക്രമിസംഘമായ പോലിസും ഒക്കെയുള്ള ഒരു ചെന്നൈ(അല്ലെങ്കില്‍  ഹൈദ്രബാദ്) . ചന്തയില്‍ ഏതെങ്കിലും അമ്മച്ചിയെ സഹായിക്കാനോ മറ്റോ പറന്ന് വരുന്നതായിക്കോട്ടെ നായകന്റെ ആദ്യത്തെ സീന്‍...നായകന്‍ ഏകദേശം ദിങ്ങനെ ഇരിക്കും



 പറന്ന് വന്ന്‍ എല്ലാവരെയും തല്ലി തോല്പ്പിച്ച ശേഷം , ഒരു പാട്ട് ആകാം.


(ഡങ്കണക്ക ഡണക്കണക്ക) ആണ്ഡകടാഹം ഡാ അണ്ഡകടാഹം ഡാ(ഡങ്കണക്ക ഡണക്കണക്ക)
നാന്‍  ആണ്ഡകടാഹം ഡാ (ഡങ്കണക്ക ഡണക്കണക്ക)
നാന്‍ അടിച്ചാല്‍ ആണ്ഡകടാഹം ഡാ (ഡങ്കണക്ക ഡണക്കണക്ക)
ഉലകെല്ലാം ആണ്ഡകടാഹം ഡാ (ഡങ്കണക്ക ഡണക്കണക്ക)
അണ്ഡകടാഹം ഡാ ഡാ ഡാ (ഡങ്കണക്ക ഡണക്കണക്ക)

പാട്ടിനു ശേഷം നായകന്‍ നായികയെ കാണുന്നു, എന്തില്ലെങ്കിലും നായികക്ക് നല്ല ഒന്നാം തരം ആലില  വയറുണ്ടാകണം, തുടക്കത്തില്‍ അല്പം വ്യക്തിത്വം ഒക്കെ ആകാം പക്ഷെ നായകന്‍ പുറകേ നടക്കുമ്പൊ വ്യക്തിക്വം കുറഞ്ഞ് കുറഞ്ഞ് വരണം, വയറ് കൂടുതല്‍ കൂടുതല്‍ കാണിക്കുകയും വേണം. അല്ലേലും വ്യക്തിത്വത്തിലൊന്നും കാര്യംമില്ല , ശരിക്കുള്ള പുഷന്മാരെ പ്രസവിക്കുന്നതാണ്‌ സ്ത്രീയുടെ മഹത്ത്വം എന്നു വ്യക്തിത്വമുള്ള  ഒരു സ്പാര്‍ട്ടക്കാരി പറഞ്ഞത് കേട്ട്  നമ്മൾ കയ്യടിച്ചതല്ലേ പിന്നെന്താ. നായികയുടെ വ്യക്തിത്വവും നായകൻറെ ഒളിപ്പീരും സമാസമം ചേർത്ത  ഒരു പാട്ടാകാം .



നായികയേ കാണിച്ച് മടുക്കുമ്പൊ നമുക്കൊരു വില്ലന്‍ ആവശ്യമാണല്ലോ ഒരു വില്ലന്‍ ആകാം തമിഴ് / തെലുങ്ക് പറയുന്ന ബീഹാറി വില്ലന്‍ , ഇടക്കിടെ ദേഷ്യം വരുമ്പൊ ഹിന്ദിയിൽ  അലറണം, വരള്‍ച്ച ബാധിച്ച നാട്ടിലേ പ്രധാന കര്‍ഷകന്‍ ആണ്‌ നമ്മുടെ വില്ലന്‍ , കോളേജ് നടത്തി കുട്ടികളേ ചൂഷണം ചെയ്യുക , ആശുപത്രി നടത്തി രോഗികളേ കഷ്ടപെടുത്തുക , മൃഗശാല നടത്തി മൃഗങ്ങളെ പീഠിപ്പിക്കുക  ഇതൊക്കെയാണ് ടിയാന്റെ   പ്രധാന ഹോബികൾ.വരള്‍ച്ച ബാധിച്ച ദക്ഷിണേന്ത്യ മുഴുവന്‍ ഭക്ഷണത്തിന്റെ മൊത്ത കച്ചവടം പുള്ളിക്കാണ്‌ ,ഇദ്ദേഹം അരിയും പലവ്യഞ്ജനവും വിറ്റാണ്‌ കോടീശ്വരന്‍ ആയതും ,  M LA - മന്ത്രി - മുഖ്യമന്ത്രി ആയത്( ബഡ്ജറ്റ് ഉണ്ടെങ്കില്‍ MP - മന്ത്രി - പ്രധാനമന്ത്രി ആക്കാം) . നായകനും വില്ലനും തമ്മില്‍ അങ്ങനെ നേരിട്ട് പ്രശനം ഒന്നുമില്ല , എന്നാലും വില്ലന്റെ ദുഷ്ടതകള്‍ ഇടക്കിടെ കാണിക്കണം , വേണമെങ്കില്‍ ഈ ദുഷ്ടതയൊന്നും പൊതു ജനം അറിയുന്നില്ലെന്നും എല്ലാം ബിനാമി ആണെന്നും പുറമേ പുള്ളി ഒരു മാടപ്രാവാണെന്നും ആക്കാവുന്നതേയുള്ളു ; ട്വിസ്റ്റിനു കുറവു വരരുതല്ലോ.



ഒരു ദിവസം കോളേജില്‍ നിന്ന് വരുന്ന നായകന്റെ അനിയത്തിയെ വില്ലന്റെ മകനും കുറെ അലവലാതി ദോസ്തുക്കളും ചേര്‍ന്ന് അപമാനിക്കുന്നു, അല്ലെങ്കില്‍ വേണ്ട ബലാല്‍സംഗം ചെയ്ത് കൊല്ലുന്നു, അതിപ്പൊ രണ്ടായാലും നായകന്റെ അനിയത്തിക്ക് ഇനി വലിയ റോള്‍ ഒന്നുമില്ല പിന്നെ കൊല്ലുന്നതാ നല്ലത് , നടിയുടെ ഡേറ്റ് കുറയുമല്ലോ...കൊല്ലുന്നു. നായകനു ദുഖം കോപാഗ്നി , എസ് പി ബാലസുബ്രഹ്മണ്യമോ യേശുദാസോ പാടിയ ശോകഗാനം. അത് കഴിഞ്ഞാല്‍ ആവേശം മൂത്ത നായകന്‍ , വില്ലന്റെ മകന്റെ താവളം വരെ ചെന്ന് തൂത്ത് വാരിയിട്ടടി ഒടുക്കം വില്ലന്റെ മകനെ തല്ലി കൊല്ലുന്നു, അനിയത്തിയുടെ കാര്യം പറഞ്ഞ പോലെ ഇവനെയൊക്കെ ഇനിയും വച്ചോണ്ടിരുന്ന് ബാറ്റ കൊടുക്കണോ , ചത്ത് പോട്ടെ ശവം. ഈ പ്രശനങ്ങളിലൊന്നും പോലീസ് ഇടപെടില്ല , നമുക്ക് നിയമവാഴ്ചയില്‍ വിശ്വാസമില്ല . 

അരുമ മകന്‍ മരിച്ചതിന്റെ കലിപ്പ് തീര്‍ക്കാന്‍ വില്ലന്‍ നേരിട്ട് തന്നെ നായകനെ അന്വേഷിച്ച് വരുന്നു , വീടൊക്കെ തല്ലി തകര്‍ക്കുന്നു , വശാല്‍ നായകന്റെ അമ്മയെ കണ്ട് ഞെട്ടി കുറേ നേരം വില്ലന്‍ നില്‍ക്കണം , പക്ഷെ തല്ലി തകര്‍ക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കണം , അവസാനം നായികയേയും കിഡ്നാപ്പ് ചെയ്ത് വില്ലന്‍ സ്ഥലം വിടണം. വില്ലന്റെ മകനെ കൊന്ന ശേഷം മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങാന്‍ പോയ നായകന്‍ തിരിച്ച് വരുമ്പൊ തല്ലി തകര്‍ത്ത വീടൊക്കെ കണ്ട് രോഷാകുലനാകുന്നു , അമ്മയെ ഉപദ്രവിച്ചതൊക്കെ കണ്ട് കോപം കൊണ്ട് ജ്വലിക്കുന്നു *മുട്ടന്‍ ഗ്രാഫിക്സ്*;. വില്ലനെ തട്ടി കളയാന്‍ പോകുന്ന നായകനെ അമ്മ ഉപദേശിക്കുന്നു ,വില്ലൻ വലിയ സംഭവമാണ്‌ ഒറ്റക്ക് പോയാല്‍ തെണ്ടി പോകും അച്ഛന്റെ പഴയ ഫ്രണ്ട് ഒരു മുതുക്കന്‍ ഉണ്ട് അങ്ങേരെ പോയി കാണു , അങ്ങേരാണ്‌ പണ്ട് അച്ഛനെ ബഹിരാകാശത്തേക്ക് കയറ്റി വിട്ടത് , അപ്പൊ പറഞ്ഞിട്ടുണ്ട് എന്ത് സഹായവും ചെയ്യാമെന്ന്, ISRO ക്കാരെ പുച്ഛം ആണെങ്കില്‍ അമ്മ പറഞ്ഞേന്റെ പുറത്ത് നായകന്‍ അങ്ങേരെ പോയി കാണുന്നു


ശാസ്ത്രജ്ഞന്‍ വേഷവും ഹെയര്‍ സ്റ്റൈല്‍ ഒക്കെ അബ്ദുള്‍ കലാമിനെ പോലെ ആയിരിക്കണം , വീട് മുഴുവന്‍ റോക്കറ്റിന്റെയും മറ്റും മോഡല്‍ വേണം , വീട്ടിലെ ലാബ് കണ്ടാല്‍ NASA പോലിരിക്കണം സംസാരിക്കുന്ന കമ്പ്യൂട്ടറും , മിന്നുന്ന LED യും , പല വലിപ്പത്തിലുള്ള സ്ക്രീനുകളും ഒക്കെ വേണം . അങ്ങേരു നായകനെ കണ്ട ഉടന്‍ ഞെട്ടണം , ഇന്നാ ആളിന്റെ മകന്‍ ആണെന്ന് പറയുമ്പൊ വാല്‍സല്ല്യം കൊണ്ട് കെട്ടി പിടിക്കണം ഉമ്മ വെക്കണം  എന്നിട്ട് നായകന്റെ അച്ഛന്‍ വലിയവന്‍ ആണെന്ന് പറയണം , ഒന്നും മനസിലാകാത്ത നായകനോട് അച്ഛന്റെ കഥ പറയുന്നു കൂടെ വില്ലന്റെയും .

നായകനും (ഹെയർ സ്റ്റൈൽ അല്പം മാറ്റം ആകാം)  വില്ലന്റെ ചെറുപ്പരൂപവും  പൈലറ്റ് വേഷത്തില്‍ നടന്നു വരുന്നു



*ഇന്റര്‍വൽ *


25 വര്‍ഷം മുന്‍പേ തന്നെ ലോകത്ത് ഇനി വരള്‍ച്ചയുടെ കാലം ആണെന്ന് ISRO ഇലെ പ്രഗല്‍ഭ ശാസ്ത്രജ്ഞന്‍ ( വര്‍ത്തമാനകാലത്ത് കാണിച്ച ശാസ്ത്രജ്ഞന്റെ നര കുറഞ്ഞ വെര്‍ഷന്‍) കണ്ട് പിടിച്ചിരുന്നു, അങ്ങേരുടെ അത്രേം ബുദ്ധി ബാക്കി ആര്‍ക്കും ഇല്ലാത്ത കൊണ്ട് അന്നതാരും അംഗീകരിച്ചില്ല , മൂന്ന് പേരല്ലാതെ അങ്ങേരുടെ മകള്‍(ശാസ്ത്രജ്ഞ) - അച്ഛന്റെ അത്രയും ബുദ്ധി ഇല്ലാത്ത ശാസ്ത്രജ്ഞ് എന്നാലും അത്യാവശ്യത്തിനു കുറേ ഫിസിക്സ് ഒക്കെ പറയണം v = u + at ; F = Ma   , നായകന്റെ അച്ഛന്‍ ( ഡാഡി ) - പൈലറ്റ് , വില്ലന്‍ (വില്ലൻ  same ) - മറ്റൊരു പൈലറ്റ്. ഇവര്‍ നാലു പേരും തമിഴ്നാട്ടിലുള്ള ( മഹാമനസ്കത ഒക്കെ ഉണ്ടെങ്കില്‍ ഇന്ത്യക്കാരെ രക്ഷിക്കാം ; അമേരിക്കകാരെ ബാറ്റ്മാന്‍ രക്ഷിച്ചോളും) എല്ലാവരെയും രക്ഷിക്കന്‍ തീരുമാനിക്കുന്നു . ഒരു റോക്കറ്റ് ഉണ്ടാക്കി പ്രപഞ്ചം  ചുറ്റി , വാസയോഗ്യമായ ഗ്രഹങ്ങള്‍ കണ്ട് പിടിക്കല്‍ ആണ്‌ ഉദ്ദേശ്യം . അതിനു നമ്മുടെ ശാസ്ത്രജ്ഞന്‍ വാസയോഗ്യമായ ഗ്രഹം കണ്ടാല്‍ ബീപ് അടിക്കുന്ന യന്ത്രം കണ്ട് പിടിക്കണം. പിന്നെ ഇത്തവണ പറ്റിക്കപ്പെടാന്‍ പാടില്ല , നിറയെ വെള്ളമുള്ള സ്ഥലത്ത് വേണം തമിഴ്നാട് സ്ഥാപിക്കാന്‍ , തൊട്ടടുത്തെങ്ങും വെള്ളം ചോദിക്കാന്‍ കേരളവും കര്‍ണാഡകയും ഉണ്ടാകരുത്). ഇതാണ്‌ പ്ലാന്‍.

വില്ലന്‍ പണ്ടേ കച്ചവട താല്പര്യങ്ങളുള്ള ചെറുക്കനാണ്  , ഈ ഫ്രീ ആയി നാട്ടുകാരെ രക്ഷിക്കുന്നതില്‍ വലിയ താല്പര്യം ഇല്ല , പക്ഷെ വില്ലനു ശാസ്ത്രജ്ഞയോട് മൂത്ത പ്രേമം ആയ കൊണ്ട് എല്ലാം സഹിച്ച് കൊടുക്കുന്നു എന്നേ ഉള്ളൂ, വഴക്കം പോലെ ശാസ്ത്രജ്ഞക്ക് ഡാഡിയോട് മൂത്ത പ്രേമം , ഡാഡി നേരത്തേ കല്ല്യാണം കഴിച്ച്  ഒരു മകന്‍ ഉണ്ട് പിന്നെ ഭാര്യ ഗര്‍ഭിണിയും ആയോണ്ട് ശാസ്ത്രജ്ഞയെ മൈന്റ് ആക്കാറില്ല. വില്ലനു ആ വകയില്‍ ഒരല്പ അസൂയ ഡാഡിയോടുണ്ട് , ഒരു വില്ലന്‍ അല്ലേ മിനിമം അസൂയ എങ്കിലും വേണ്ടേ.

അവരുടെ റോക്കറ്റ് റെഡി ആകുന്നു, ഡാഡിയും ശാസ്ത്രജ്ഞയും വില്ലനും കൂടെ യാത്ര പുറപ്പേടുന്നു, കുറേ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒക്കെ ചുറ്റി നടക്കുന്നു, ഇടക്ക് ഒന്നു രണ്ട് ഗ്രഹങ്ങളില്‍ ഇറങ്ങി നോക്കിയെങ്കിലും അവിടെല്ലാം പാക്കിസ്ഥാന്‍‌കാരുടെ സ്വഭാവമുള്ള അന്യഗ്രഹജീവികള്‍ ( പച്ച കൊടിയും , വരമ്പ് വെച്ച താടിയും മീശ ഇല്ലയ്മയും ആകാം ഏതേലും ഗ്രഹത്തിലെ ജീവികള്‍ക്ക്, മറ്റൊരു ഗ്രഹത്തിലെ ജീവി E.T. പോലെയും വേണം . എല്ലായിടത്തും ഡാഡിയുടെ കഴിവ് കൊണ്ടാണ്‌ രക്ഷപെടുന്നത് - നോട്ട് ദ് പോയിന്റ്.

തിരിച്ച് ഭൂമിയിലേക്ക് പോകാന്‍ മാത്രം പെട്രോള്‍(റോക്കറ്റില്‍ ഒഴിക്കുന്നത് എന്താന്ന് വെച്ചാല്‍ അത്) തീരാറായപ്പൊ ഒരിക്കല്‍ കൂടി നമ്മുടെ ജീവന്റെ യന്ത്രം ബീപ് അടിക്കുന്നു , ഡാഡിയും വില്ലനും ശാസ്ത്രജ്ഞയും അവിടെ കൂടെ ഇറങ്ങിയിട്ടു പോകാന്‍ തീരുമാനിക്കുന്നു

*ആ ഗ്രഹത്തില്‍ ഇറങ്ങണ്ടാ തിരിച്ച് പോകാം എന്ന് പറഞ്ഞ മറ്റ് രണ്ട് പേരോട് ഡാഡിയുടെ മോട്ടിവേഷണല്‍ സ്പീച്ച്*

ആ ഗ്രഹം കൊള്ളം മൊത്തതില്‍ യൂറോപ്പ് പോലെയിരിക്കും .

*സ്വര്‍ഗ്ഗം താണിറങ്ങി വന്നതോ എന്നൊക്കെ ഉള്ള ഒരു പാട്ട് ആകാം, 'ഗുരു' പടത്തില്‍ അന്ധന്മാര്‍ക്ക് കാഴ്ച്ച കിട്ടിയ പോലെ മൂന്ന് പേരും ഗ്രഹത്തില്‍ ഓടി നടക്കട്ടെ*

ഡാഡിയും ശസ്ത്രജ്ഞയും തിരിച്ച് പോയി സുഖമായി രക്ഷിക്കണ്ടവരെ കൊണ്ട് ഈ ഗ്രഹത്തില്‍ വരാം എന്ന്‍ തീരുമാനിക്കുന്നു , അപ്പൊ വില്ലന്‍ പറയുന്നു അതിലും നല്ലതു ഇവിടെ കൃഷി ചെയ്ത് , അതു ഭൂമിയിലേക്ക് കയറ്റി അയച്ച് ജീവിച്ചാല്‍ പോരേന്ന് , മറ്റ് രണ്ട് പേര്‍ അത് സമ്മതിക്കുന്നില്ല. അവസാനം വില്ലനും സമ്മതിക്കുന്നു തിരിച്ച് പോകാൻ .  ശാസ്ത്രജ്ഞ ഡാഡിയെ സപ്പോര്‍ട്ട് ചെയ്ത ദേഷ്യത്തില്‍ ദുഷ്ടനായ വില്ലന്‍ ഇവരുടെ വാഹനത്തില്‍ ഒരു ചെറിയ കേട് വരുത്തുന്നു , അതായത് ഇനി ഒരാള്‍ക്ക് മാത്രേ പോകാന്‍ . ഈ ഗ്രഹത്തില്‍ കുറേ നാള്‍ ശാസ്ത്രജ്ഞയുമായി ആദവും ഹവ്വയും കളിക്കാനാണ്‌ വില്ലന്റെ ഉദ്ദേശ്യം. സ്കില്‍ കൂടിയ പൈലറ്റ് എന്ന നിലയില്‍ ഡാഡി പറയുന്നു, വില്ലന്‍ മിണ്ടുന്നില്ല , വില്ലന്റെ കൂടെ ഒറ്റക്കൊരു ഗ്രഹത്തില്‍ നില്‍ക്കാന്‍ താല്പര്യമില്ലാത്ത ശാസ്ത്രജ്ഞ ഡാഡിയുടെ സ്കില്‍ ഒക്കെ ഇവിടെയാണ് ആവശ്യം റോക്കറ്റ് ഓടിക്കാന്‍ വില്ലനും പറ്റും എന്നു പറയുന്നു , വയസ്സു പൊണ്ണും വില്ലനും എങ്ങനെ ഒരു ഗ്രഹത്തില്‍ ഒറ്റക്ക് എന്ന് മൂത്ത ശാസ്ത്രജ്ഞന്‍ ഭൂമിയില്‍ ഇരുന്നു  പറയുന്നു ( Nod to Sanskaar *Wink Wink *). തല്‍കാലം പ്രോക്സി നായകന്‍ ഡാഡി ആയോണ്ട് പുള്ളി എല്ലാവരെയും സമ്മതിപ്പിച്ച് ഹീറോയിക് ആയി തിരിച്ച് പോകാന്‍ വണ്ടിയില്‍ കേറി , വണ്ടി ഒന്ന് ഓണ്‍ ആക്കി വന്നപ്പൊ വില്ലനാണു വണ്ടി കേടാക്കിയത് എന്ന് മനസിലാക്കുന്നു(വല്ല സി സി ടി വി ഫുട്ടേജ് കണ്ടതോ , പൊട്ടിയ സര്‍ക്യുട്ട് കണ്ടപ്പൊ വില്ലന്‍ സ്ക്രൂ ഡ്രൈവറുമായി നടന്നത് ഓര്‍ത്തതോ ഒക്കേ ആകാം).

ഡാഡി വില്ലനെ നേരിടുന്നു ,  പൊരിഞ്ഞ സംഘട്ടനം . ഡാഡി ജയിച്ചു ജയിച്ചില്ല എന്ന അവസ്ഥയില്‍ നിക്കുമ്പൊ വില്ലന്‍ ശാസ്ത്രജ്ഞയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തുന്നു. ഡാഡി നിസഹായനാകുന്നു , വില്ലന്‍ ഡാഡിയെ ഒരു കുഴിയില്‍ തള്ളിയിടുന്നു . വില്ലനെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്ത ശാസ്ത്രജ്ഞയെ പുതിയ ഗ്രഹത്തില്‍ കണ്ട ഒരു മരത്തില്‍ കെട്ടിയിട്ടു വില്ലന്‍ തിരിച്ച് പോകുന്നു . മകളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ശാസ്ത്രജ്ഞനെ കൊണ്ട് വലിയ റോക്കറ്റൊക്കെ ഉണ്ടാക്കി അങ്ങോട്ട് തിരിച്ച് പോയി ശിങ്കിടികളും ഗുണ്ടകളേയും കൊണ്ട് അവിടെ കൃഷി ചെയ്ത് അരിയും പച്ചക്കറിയും ഭൂമിയില്‍ വിറ്റ് പണക്കാരന്‍ ആയതാണ്‌ . ഈ ഗ്രഹത്തിന്റെ ശരിക്കുള്ള സ്ഥാനം ലോകത്ത് വേറെ ആര്‍ക്കും അറിയാത്ത കൊണ്ടും , ശാസ്ത്രജ്ഞന്റെ മകള്‍ ഇപ്പോഴും തടവില്‍ അയത് കൊണ്ടും ഇത് വരെ ആരും അങ്ങോട്ട് പോയില്ല.


*വർത്തമാനകാലം*


ശാസ്ത്രജ്ഞൻ കണ്ണ്നീർ വാർക്കുന്നു നായകൻ അത്ഭുതത്തോടെ നിൽകുന്നു-അച്ഛനെ ഓർത്ത്  അഭിമാനിക്കുന്നു. ശാസ്ത്രജ്ഞൻ സ്വയം ആ ഗ്രഹം കണ്ട് പിടിക്കാനുള്ള തന്റെ ശ്രമങ്ങളെ പറ്റി പറയുന്നു കൂട്ടത്തിൽ ഈ അടുത്തിടക്കായി ആ ഗ്രഹത്തിലേക്കുള്ള വഴി ആണെന്ന് സംശയിക്കുന്ന അജ്ഞാത സന്ദേശങ്ങൾ ബഹിരാകാശത്ത് നിന്ന് വരുന്നത് നായകനോട് പറയുന്നു.വെറുതെ ഈ സന്ദേശങ്ങളൊക്കെ നോക്കിയ നായകൻ പരിചയമുള്ള ഒരു ചിത്രം കണ്ട് ചെറുതായി ഞെട്ടുന്നു , ഇത് എവിടെയോ കണ്ടിട്ടുണ്ടല്ലോ കുറെ ആലോചിച്ച് കഷ്ടപ്പെടുന്നു, അവസാനം വൈകുന്നേരമായി നായികയെ അന്വേഷിക്കണം മാത്രമല്ല വീട്ടിലും പോണമല്ലോ  എന്ന്  വെച്ച് വാച്ചിൽ നോക്കുമ്പോ അതാ ഇപ്പൊ കണ്ട ചിത്രം വാച്ചിൽ , അതൊരു വെറും വാച്ച് അല്ല ഡാഡി ബഹിരാകാശത്ത് പോകും മുൻപേ കൊടുത്തിട്ട് പോയ വാച്ച് ആണ്  , അമ്മയുടെ നിർബന്ധം കാരണം  അച്ഛനോട് നല്ല ദേഷ്യം ഉണ്ടായിട്ടും ഇപ്പോഴും കെട്ടുന്നു മാത്രമല്ല കാശിനു ആവശ്യം വന്നിട്ടും പുരാവസ്തു വിറ്റതുമില്ല . നായകൻ ഒന്ന് ഞെട്ടി പക്ഷെ കാര്യം പിടികിട്ടി , ഈ സന്ദേശങ്ങൾ അയക്കുന്നത് മറ്റാരുമല്ല ഡാഡി തന്നെ, രണ്ട് വയസ്സിലേ മെസ്സേജ് ഒക്കെ ഡീക്കോഡ് ചെയ്ത് പഠിച്ച  മകന് മാത്രം മനസിലാകുന്ന ഭാഷയിൽ അച്ഛൻ അയച്ചതാ ഇതൊക്കെ , എങ്ങാനും വില്ലന്റെ കയ്യിൽ  കിട്ടിയാൽ പണി പാളുമല്ലോ . ശാസ്ത്രജ്ഞനോട് കാര്യം പറഞ്ഞു , അപ്പൊ അങ്ങേർക്കും കാര്യം പിടികിട്ടി പണ്ട് വില്ലൻ ഡാഡിയെ തള്ളിയിട്ടത് വെറും കുഴിയിൽ ആയിരിക്കില്ല ഒരു കറുത്ത കുഴിയിൽ ആയിരിക്കും - ബ്ലാക്ക്‌ ഹോൾ , അവിടെ വീണോണ്ടായിരിക്കണം ഡാഡി മരിക്കാത്തത് ഇത്രേം കാലം ആയിട്ട് , അപ്പൊ രക്ഷിക്കാൻ ഒരാൾ കൂടെയുണ്ട് ഡാഡി , മാത്രമല്ല ശാസ്ത്രജ്ഞന്റെ ബുദ്ധിപരമായ നിഗമനം വെച്ച് നായികയും ആ ഗ്രഹത്തിൽ ആകാനാണ് വഴി.

എല്ലാവരെയും രക്ഷിക്കാന്‍ ഒരു വഴിയേ ഉള്ളു , ആ ഗ്രഹത്തില്‍ എത്തണം അതിനു ഡാഡിയുടെ മെസേജ് ഡീക്കോഡ് ചെയ്യണം. നായകന്‍ ഡീക്കോഡ് ചെയ്തിട്ട് ഒരുപാട് നാളായി പിന്നെ ശാസ്ത്രീയമായി പഠിച്ചിട്ടുമില്ല. വിഷമിച്ചിരിക്കുന്ന നായകനോട് അമ്മയുടെ പെപ് ടോക്ക്, മൊത്തത്തില്‍ ഒരു ഉന്നാല്‍ മുടിയും തമ്പി ലൈന്‍, ഇടക്ക് അല്പം സെന്റി ഡാഡി ഇല്ലാതെ കുട്ടികളെ വളര്‍ത്തിയ കഥയും ഡാഡിയേയും നായികയേയും രക്ഷിക്കേണ്ട ആവശ്യവും പിന്നെ വില്ലന്റെയും ശിങ്കിടികളുടെയും ക്രൂരതകളും പ്രത്യേകിച്ച് തങ്കച്ചിയെ ശല്യം ചെയ്ത കഥയും ഒക്കെ ആകുമ്പൊ നായകന്‍ കോഡ് ബ്രേക്ക് ചെയ്യാന്‍ തീരുമാനിച്ചു....


*മുട്ടന്‍ മൊണ്ടാഷ്, മ്യൂസിക്ക് : മിഷന്‍ ഇമ്പോസ്സിബിള്‍ തീം , ഐ ഓഫ് ദ് ടൈഗര്‍ ഒക്കെ ചേര്‍ത്ത ഒരു കിടിപിടി , ഗോപി സുന്ദറിനു അറിയാം *


അവസാനം അവര്‍ ഒരു കമനീയമായ റോക്കറ്റ് ഉണ്ടാക്കുന്നു, അതിന്റെ അവസാന/ഏറ്റവും പ്രധാനമായ  പാര്‍ട്ട്  ആയ ചിപ്പ് (രണ്ട് LED മാറി മാറി കത്തുന്ന ഒരു സുന ) വല്ല നാസാ ലാബില്‍ നിന്നും സാഹസികമായി മോഷ്ടിക്കുന്നത് കാണിക്കാം. റോക്കറ്റിനെ പറ്റി ചാരന്മാരില്‍ നിന്ന് അറിഞ്ഞ വില്ലന്‍ മറ്റേ ഗ്രഹത്തില്‍ നിന്ന് ഭൂമിയിലെ തന്റെ ഗുണ്ടകളെ റോക്കറ്റ് തകര്‍ക്കാന്‍ പറഞ്ഞ്  വിടുന്നു, ശാസ്ത്രജ്ഞനും സംഘവും റോക്കറ്റില്‍ കയറി കൗണ്ട് ഡൗണ്‍ തുടങ്ങുന്നു 100 മുതല്‍ പിന്നോട്ട് എണ്ണുന്നു, നായകന്‍ അകത്ത് കേറാന്‍ തുടങ്ങുമ്പൊ ഒരു 10-30 ഗുണ്ടകള്‍, റോക്കറ്റ് തടയാന്‍ - മനുഷ്യചങ്ങല തീര്‍ത്ത് ആയിരിക്കണം . എന്തായാലും വില്ലന്മാരെ റോക്കറ്റിന്റെ അടുത്ത് എത്താന്‍ അനുവധിക്കില്ല എന്ന് ഉറച്ച നായകന്‍ ഗുണ്ടകളെ നേരിടുന്നു , കൗണ്ട് ഡൗണ്‍ ഒരു 50 ഒക്കെ ആകുമ്പൊഴും നായകന്‍ തല്ല് വാങ്ങുന്നതേയുള്ളു....ഒരു 30 ഒക്കെ ആകുമ്പൊ തിരിചു തല്ലാന്‍ തുടങ്ങും, 20 അകുമ്പൊ ഗുണ്ടാത്തലവനുമായി മല്ലയുദ്ധം , ഒരു 5 ബാക്കിയുള്ളപ്പൊ അവനെയും തല്ലി തോല്പിച്ച് , ഒരു സെക്കന്‍ഡ് ബാക്കിയുള്ളപ്പൊ റോക്കറ്റില്‍ തൂങ്ങി കേറണം...അതല്ലേ അളിയാ ഹീറോയിസം



റോക്കറ്റ് യാത്ര കഴിഞ്ഞ് , പുതിയ ഗ്രഹത്തില്‍ ആരും കാണാതെ ഒരു കോണില്‍ ഇറങ്ങുന്നു , വന്നവര്‍ മൂന്നായി സ്പ്ലിറ്റ് ചെയ്യുന്നു . നായകന്‍ ഒറ്റക്ക് നായികയെ അന്വേഷിച്ചു പോകുന്നു , നായകന്റെ രണ്ട് ശിങ്കിടി തമാശക്കാര്‍ ( ഇവര്‍ കഥയില്‍ ഇപ്പൊ വന്നതേയുള്ളെങ്കില്‍ സിനിമയില്‍ ഉടനീളം ഉണ്ടാകണം ) , നായകന്റെ അമ്മയും ശാസ്ത്രജ്ഞനും വില്ലനു തട്ടി കൊണ്ട് പോകാന്‍ പാകത്തിന്‌ റോക്കറ്റില്‍ തന്നെ ഇരിക്കുന്നു....നായകന്‍ നായികയെ കണ്ട് പിടിച്ച് രക്ഷിച്ചു  കൊണ്ട് വരുമ്പൊ വില്ലന്‍ അമ്മയേയും ശാസ്ത്രജ്ഞനെയും പിടിച്ച് കെട്ടി കൊല്ലും എന്നു ഭീഷണി പെടുത്തുന്നു, നായകനു നായികയെ വിട്ട് കൊടുക്കേണ്ടി വരുന്നു - 3 പേരേ കൊല്ലാന്‍ വിടുന്നതിനേക്കാള്‍ നല്ലതാണല്ലോ , 4 പേരേ കൊല്ലാന്‍ വിടുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്നൊക്കെ വികാരമില്ലാത്തവന്മാര്‍ പറയുമായിരിക്കും, മൈന്‍ഡ് ചെയ്യാന്‍ പാടില്ല. 4 ബന്ദികളെ മുന്‍‌നിര്‍ത്തി വില്ലനും സംഘവും നായകനെ തല്ലി ചതക്കുന്നു...*അനിയത്തി മരിച്ചപ്പൊ ഉള്ള ശോകഗാന തീം *

പെട്ടെന്ന് എവിടുന്നെന്നില്ലാതെ ഡാഡി പ്രത്യക്ഷപ്പെടുന്നു, ഈ ഇന്ത്യയിലെയും അമേരിക്കയിലേയും സമയം തമ്മില്‍ വ്യത്യാസം ഇല്ലേ അതു പോലെ ഈ കറുത്ത കുഴിയിലും സമയത്തിനു എന്തോ പ്രശ്നമുണ്ട് ഡാഡിക്ക് 20 വര്‍ഷം മുന്‍പുള്ള പ്രായമേ ഇപ്പോഴും ഉള്ളു, ഡാഡിയെ കണ്ട വില്ലന്‍  ഞെട്ടി തീരും മുന്‍പേ അമ്മയേയും നായികയേയും ശാസ്ത്രജ്ഞനേയും പിടിച്ച് വെച്ചിരിക്കുന്ന നാലഞ്ച് വില്ലന്മാരെ ഡാഡി ഒറ്റക്ക് തല്ലി തോല്പ്പിക്കുന്നു , ഈ സൂപ്പര്‍മാന്‍ ഭൂമിയും ശക്തിമാന്‍ ആകുന്ന പോലെ എന്തൊക്കെയോ ഫിസിക്സ് കാരണം കറുത്ത കുഴിയില്‍ വീണാല്‍ ശക്തി വരുമത്രേ. അമ്മയും നായികയും അനങ്ങാതെ കിടക്കുന്ന നായകന്റെ അടൂത്ത് നിന്ന് കരയുന്നു, ഡാഡിയും തമാശക്കാരും വില്ലന്മാരെ നേരിടുന്നു. ഡാഡിയെ ഒടുക്കം ഒരു 200-250 ചേര്‍ന്ന് പിടിച്ച് വെക്കുന്നു. ഒരു തമാശക്കാരന്‍ ചാകുന്നു എല്ലാം ശോകം

അമ്മയേയും നായികയേയും ഒരു ഗുണ്ട തലമുടിക്ക് പിടിച്ച് വലിക്കാന്‍ ശ്രമിക്കുന്നു, പക്ഷെ പെട്ടെന്നൊരു കൈ കാലില്‍ പിടിച്ച് നിര്‍ത്തുന്നു, നായകന്‍ ചത്തിട്ടില്ല അവന്‍ ഉണര്‍ന്നു, നായകന്‍ ഉണര്‍ന്ന ആവേശത്തില്‍ ഡാഡിയും ഉണര്‍ന്ന്...പിന്നെ പൊരിഞ്ഞ തല്ല്, 300-400 ഗുണ്ടകളെ മൊത്തം തല്ലി തോല്പ്പിച്ച ശേഷം, കണക്കുകള്‍ എണ്ണി എണ്ണി പറഞ്ഞ് ഡാഡിയും നായകനും കൂടെ വില്ലനെ തല്ലി അങ്ങ് കൊല്ലുന്നു...

അവിടുള്ള കെട്ടിടങ്ങളിലൊക്കെ പോയി അവിടെ വില്ലന്‍ തടവില്‍ ഇട്ട എല്ലാവരെയും രക്ഷിക്കുമ്പോ ശാസ്ത്രജ്ഞ അവിടെ ഉണ്ട് , കറുത്ത കുഴിയില്‍ വീഴാത്തതല്ലേ ഉച്ചിയില്‍ രണ്ട് സ്ട്രീക് നര ആകാം. ഇപ്പോ എല്ലാം  ശുഭം-അപ്പൊ ചത്ത് പോയ തമാശക്കാരന്‍ എന്ന് ചോദ്യം ഇല്ല അവന്‍ ചത്താല്‍ അവന്റെ വീട്ട്കാര്‍ക്ക് പോയി ഹല്ല പിന്നെ .

അവസാനം എഴുതി കാണിക്കുന്നതിനിടെ നായകനും നായികയും കല്ല്യാണം കഴിക്കുന്നതും , ഡാഡിയും ശാസ്തജ്ഞനും ശാസ്ത്രജ്ഞയും പഴയ കഥകള്‍ പറയുന്നതും , നായകനും , ഡാഡിയും അമ്മയും അനിയത്തിയുടെ ഫോട്ടോക്ക് മുന്നില്‍ നമിക്കുന്നതും...വേണേങ്കില്‍ ഭൂമിയില്‍ നിന്ന് പുതിയ ഗ്രഹത്തിലേക്ക് കൂടുതല്‍ പേര്‍ വന്ന് അതൊരു ഹരിത സ്വര്‍ഗ തമിഴ്നാട് ആകുന്നതും കാണിക്കാവുന്നതേയുള്ളു

പിന്നെ കയ്യില്‍ കുറേ കാശ് ഉണ്ടെങ്കില്‍ ഇതും ആകാം








അണ്ഡകടാഹം പോസ്റ്റര്‍ ഡിസൈന്‍ : രാഹുല്‍ രാഘവന്‍ ;

ബാക്കി ചിത്രങ്ങൾ  ഇന്റര്‍നെറ്റ്